തെരുവുനായയ്ക്ക് നേരെ ആസിഡ് ഒഴിച്ച് ക്രൂരത: നായയുടെ കാഴ്ച നഷ്ടപ്പെട്ടു
Mail This Article
ലോകമെത്രയൊക്കെ വളർന്നിട്ടും മിണ്ടാപ്രാണികളോട് അതിരില്ലാത്ത ക്രൂരത ചെയ്യുന്നതിൽ നിന്നും പിന്തിരിയാൻ മനുഷ്യൻ ഇനിയും തയ്യാറായിട്ടില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ മുംബൈയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തെരുവ് നായയ്ക്ക് നേരെ ഒരു യുവതി ആസിഡ് ഒഴിച്ചതിനെ തുടർന്ന് നായയുടെ ശരീരമാസകലം പൊള്ളലേൽക്കുകയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തതായാണ് വാർത്ത. മലാഡിലെ മാൽവാനിയിലാണ് സംഭവം.
ബ്രൗണി എന്നു പേരുള്ള നായയ്ക്കാണ് ആസിഡ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സബിസ്ത അൻസാരി എന്ന യുവതി സംഭവത്തിൽ കുറ്റക്കാരിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സബിസ്ത ഭക്ഷണം നൽകി വളർത്തിയിരുന്ന പൂച്ചകളെ ബ്രൗണി ശല്യപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ആക്രമണം. ബ്രൗണിക്ക് നേരെ സബിസ്ത ആസിഡ് ഒഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
കുപ്പിയിൽ കരുതിയ നിലയിലുള്ള ദ്രാവകം സബിസ്ത നായയ്ക്ക് നേർക്ക് ഒഴിക്കുന്നതും തുടർന്ന് നായ മരണവെപ്രാളത്തിൽ പാഞ്ഞു നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്ത് ആരുമില്ലാത്ത അവസരം നോക്കിയായിരുന്നു യുവതിയുടെ ആക്രമണം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഹൗസിംഗ് സൊസൈറ്റിയുടെ ചെയർമാൻ മൽവാനി പൊലീസിൽ പരാതി സമർപ്പിക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ആക്രമണത്തെക്കുറിച്ചുള്ള വാർത്ത പ്രചരിക്കുകയും ചെയ്തു. ഇതേ തുടർന്ന് അഭിനേത്രിയും താങ്ക്യൂ എർത്ത് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകയുമായ ജയ ഭട്ടാചാര്യയും സംഘവും സ്ഥലത്തെത്തി ബ്രൗണിയുടെ സംരക്ഷണം ഏറ്റെടുത്തു.
സംഘടനയ്ക്ക് കീഴിൽ മൃഗങ്ങളുടെ ചികിത്സക്കും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററിലേക്കാണ് ബ്രൗണിയെ എത്തിച്ചത്. വിശദമായി പരിശോധിച്ച് നായയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വിലയിരുത്തിയ ശേഷം മൽവാനി പോലീസിനെ വിവരം അറിയിച്ചതായി ജയ ഭട്ടാചാര്യ അറിയിക്കുന്നു. നായയുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുകയും ശരീരത്തിലാകെ സാരമായ പൊള്ളലുകൾ ഏൽക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളി എന്ന് കണ്ടെത്തിയ യുവതിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: ബാഗും തോളിലിട്ട് തള്ളുവണ്ടിക്കു പിന്നാലെ നായ; ഉടമയ്ക്കൊരു കൈ സഹായം– വിഡിയോ
പൂച്ചകളെ ഓമനിച്ചു വളർത്തുകയും അവയ്ക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് മറ്റൊരു ജീവിയോട് ഇത്തരത്തിൽ ക്രൂരത കാണിക്കാൻ എങ്ങനെ സാധിച്ചു എന്നതിലെ ആശ്ചര്യമാണ് രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നത്. അതേസമയം കുറ്റകൃത്യം ചെയ്തതായി സമ്മതിക്കാൻ യുവതി ഇനിയും കൂട്ടാക്കിയിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷമായി ബ്രൗണി ഈ പ്രദേശത്ത് തന്നെയാണ് താമസം എന്ന് സമീപവാസികൾ പറയുന്നു. സബിസ്ത മുൻപും ബ്രൗണിയെ തുരുത്തി ഓടിക്കാൻ ശ്രമിച്ചിരുന്നത് കണ്ടവരും ഇവർക്കെതിരെ മൊഴി നൽകിയിട്ടുണ്ട്.
Content Highlights: Acid Attack | Mumbai | Dog | Manorama