ADVERTISEMENT

പെട്ടെന്നൊരു പനി വന്നാൽ പാരസെറ്റമോൾ ഗുളികകളെ ആശ്രയിക്കുന്നവരാണ് പലരും. ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പലർക്കും ലഭിച്ച ഒരു സന്ദേശത്തിൽ പി–500 എന്ന് എഴുതിയ പാരസെറ്റമോള്‍ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് പുതിയതും വളരെ വെളുത്തതും തിളക്കമുള്ളതുമായ പാരസെറ്റമോള്‍ ആണ്, അതില്‍ ‘മച്ചുപോ’ എന്ന വൈറസ് അടങ്ങിയിരിക്കുന്നുവെന്നും ഇത് ലോകത്തിലെ ഏറ്റവും അപകടകരമായ വൈറസുകളിലൊന്നായി കണക്കാക്കപ്പെടുന്നു എന്നുമാണ് വിദഗ്ദ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. നിങ്ങളുടെ കോണ്‍ടാക്റ്റിലുള്ള എല്ലാവരുമായും കുടുംബവുമായും ദയവായി ഈ സന്ദേശം പങ്കിടുക, ഒരു ജീവന്‍ രക്ഷിക്കുക… ഞാന്‍ എന്റെ ഭാഗം ചെയ്തു, ഇപ്പോള്‍ ഇത് നിങ്ങളുടെ അവസരമാണ്… മറ്റുള്ളവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നുവെന്ന് ഓര്‍മ്മിക്കുക എന്ന മുന്നറിയിപ്പുമായി ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്ദേശത്തിന്റെ വസ്തുത പരിശോധിക്കാൻ നിരവധിപേർ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേയ്ക്ക് സന്ദേശമയച്ചു. ഈ പ്രചാരണത്തിന്റെ വാസ്തവമറിയാം

∙ അന്വേഷണം

കീവേഡുകളുടെ പരിശോധനയിൽ കുറച്ച് നാളുകളായി ഇതേ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.  മച്ചുപോ എന്ന ഒരു വൈറസിന്റെ സാന്നിധ്യം പാരസെറ്റമോൾ ഗുളികയിലുണ്ടെന്നാണ് പ്രചാരണം.

paracetamol2

വൈറൽ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന മച്ചുപോ എന്ന വൈറസിനെക്കുറിച്ചാണ് ​ഞങ്ങൾ ആദ്യം അന്വേഷിച്ചത്. യുഎസ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ  നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ബൊളീവിയയിലാണ് മച്ചുപോ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ബൊളീവിയൻ ഹെമറേജ് ഫീവർ എന്ന രോഗമാണ് ഈ വൈറസ് പരത്തുന്നത്. ബൊളീവിയയ്ക്ക് പുറമെ  പരാഗ്വെയിലെയും ബ്രസീലിലെയും ചില പ്രദേശങ്ങളിലല്ലാതെ മറ്റെവിടെയും മച്ചുപോ വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. ബൊളീവിയയിലും സമീപ പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്ന ലാർജ് വെസ്പർ മൗസ് എന്ന ഇനം എലികളാണ് വൈറസ് വാഹകർ. മനുഷ്യനിൽനിന്നു മനുഷ്യനിലേക്ക് ഇത് പടരാനുള്ള സാധ്യത പോലും വളരെ അപൂർവമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മറ്റൊരു വെബ്സൈറ്റിലും ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്.

വൈറൽ സന്ദേശത്തിൽ സൂചിപ്പിക്കുന്ന പി–500 പാരസെറ്റമോൾ മുതിർന്നവർക്ക് നൽകുന്ന ഒരു സാധാരണ ഡോസ് ആയ പാരസെറ്റമോളിന്റെ 500 മില്ലിഗ്രാം ഡോസാണ്. കൂടുതൽ തിരയലിൽ  ഇന്ത്യയിൽ മാത്രമല്ലെന്നും ലോകമെമ്പാടും വ്യാപകമായി ഇതേ സന്ദേശം വിവിധ ഭാഷകളിൽ പ്രചരിക്കുന്നുണ്ടെന്നും വ്യക്തമായി. വൈറൽ പ്രചാരണം തീർത്തും വ്യാജമാണെന്ന് വ്യക്തമാക്കി മലേഷ്യൻ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കുറിപ്പ് കാണാം 

ഇത് വ്യാജ വാർത്തയാണെന്ന് സിംഗപ്പൂർ ഹെൽത്ത് സയൻസ് അതോറിറ്റിയും (എച്ച്എസ്എ) സ്ഥിരീകരിച്ചിരുന്നു. 

സ്ഥിരീകരണത്തിനായി ഫിസിഷ്യന്മാരടക്കമുള്ള പ്രമുഖ ആരോഗ്യ വിദഗ്‌ധരുമായി ഞങ്ങൾ സംസാരിച്ചു. പ്രചാരണം തീർത്തും വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും അവർ വ്യക്തമാക്കി. കാരണം മറ്റ് പല വൈറസുകളെയും പോലെ, ഈ വൈറസിനും ഗുളിക പോലെയുള്ള വരണ്ടുണങ്ങിയ രാസവസ്തുക്കളിൽ വൈറസുകൾക്ക് ദീർഘനേരം നിലനിൽക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി.

ഇതേ സന്ദേശം വർഷങ്ങൾക്ക് മുന്‍പും വ്യാപകമായി പ്രചരിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം.

∙ വസ്തുത

മച്ചുപോ വൈറസ് സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. പി–500 പാരസെറ്റമോൾ ഗുളികകളിൽ മച്ചുപോ എന്ന മാരക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന പ്രചാരണം വ്യാജമാണ്.  

English Summary: The campaign that the presence of the deadly virus Machupo was found in P-500 paracetamol tablets is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com