ADVERTISEMENT

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതിനു പിന്നാലെ അതൃപ്തിയറിയിച്ച് വാർത്താസമ്മേളനം നടത്തി, സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട ഡോ.പി.സരിനെ കോൺഗ്രസ് നേതൃത്വം  പുറത്താക്കിയിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്തായ പി.സരിൻ പാലക്കാട് സിപിഎം  സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍. ഇപ്പോൾ പൗരത്വ നിയമ ഭേദഗതി (സിഎഎ) പ്രക്ഷോഭ കാലത്ത്  ഹിന്ദുക്കള്‍ക്ക് ചികിത്സ നല്‍കില്ലെന്ന് ഡോ.സരിന്‍ പറഞ്ഞുവെന്ന അവകാശവാദവുമായി  വ്യാപക പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.  എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം

∙ അന്വേഷണം

സിപിഎം എന്ന പാർട്ടിയുടെ ഒരു ഗതികേട് നോക്കിയേ എട്ടു വർഷത്തോളം ഭരിച്ചിട്ട് ഭരണത്തിന്റെ മികവ് ഒന്നും പറയാനില്ലാതെ സ്വന്തം പാർട്ടിയിലെ ഒരുത്തനെ നിർത്താൻ പോലും ശേഷിയില്ലാത്ത പാർട്ടി. CAA /NRCക്കാലത്ത്....എന്റെ ക്ലിനിക്കിൽ.. ഹിന്ദുക്കൾ ആരും ചികിത്സ തേടി വന്നേക്കരുത് എന്ന് BOARD എഴുതി വെച്ച നാറിയാണ്.. ഇവൻ.. Dr.സരിൻ. സർസംഘചാലക് വിജയദശമി ദിനത്തിൽ പറഞ്ഞ പ്രധാനപ്പെട്ട മൂന്ന് വാക്കുകൾക്ക് ഉദാഹരണമാണ് ഇവൻ. 1 ജല്പനങ്ങൾ ( വോക്കി സം) 2 അർബൻ നക്സലിസം (സിറ്റി മാർക്സിസം ) 3 ഭരണ അട്ടിമറിക്ക് വേണ്ടി ശ്രമിക്കുന്നവരുടെ കൂട്ടം (Deep state) ഇതിന്റെ എല്ലാ തലത്തിനും യോജിക്കും ഈ സരിൻ എന്ന അസുരൻ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

പ്രചരിക്കുന്ന പോസ്റ്റിനൊപ്പമുള്ള കാർഡിൽ സരിന് സീറ്റ് കൊടുക്കാത്തതിൽ സന്തോഷമേ ഉള്ളൂ, സുഡാപ്പികൾ പറഞ്ഞതിനേക്കാൾ ഭീകര ഇസ്‌ലാമിക പക്ഷം.. CAA മുതൽ ബാബറി മസ്‌ജിദ് വിഷയത്തിൽ വരെ ഇയാൾ പറഞ്ഞിട്ടുണ്ട് എന്നും എഴുതിയിട്ടുണ്ട്.പോസ്റ്റ് കാണാം.

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡോ.സരിന്‍ സ്വീകരിച്ച നിലപാടുകൾ സംബന്ധിച്ച് നടത്തിയ കീവേഡ് തിരയലിൽ, പരിശോധന ഭരണഘടനയിലെ വിശ്വാസത്തിന് വിധേയം'; വേറിട്ട പ്രതിഷേധം എന്ന തലക്കെട്ടോടെ 2020 ജനുവരി 8ന് മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്  ലഭിച്ചു. 

പൗരത്വഭേദഗതി നിയമത്തിനെതിരെ  വേറിട്ട പ്രതിഷേധവുമായി ഡോക്ടർ ദമ്പതികൾ. കോൺഗ്രസ് റിസർച്ച് വിഭാഗം തലവനും ഡോക്ടറുമായ സരിനും ഭാര്യ സൗമ്യ സരിനുമാണ് ബോർഡിനൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയർത്തിയത് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഡോ.സരിന്‍, ഡോ. സൗമ്യ സരിന്‍ എന്നിവരുടെ പേരിനൊപ്പം #INDIANS, #REPEALCAA, #NONRC എന്നീ ഹാഷ്ടാഗുകളും ഉൾപ്പെടുത്തിയ ഒരു ബോര്‍ഡിന്റെ ചിത്രവും ഈ വാർത്തയ്ക്കൊപ്പമുണ്ട്. കൂടാതെ,  പരിശോധനയും നിർദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കുമെന്നാണ്  ബോർഡിൽ എഴുതിയിട്ടുണ്ട്. 

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഈ പ്രതിഷേധം ഏറെ ചർച്ചയായപ്പോൾ ഡോ.സരിന്റെ ഭാര്യ ഡോ. സൗമ്യ സരിന്‍ ഇത് േസംബന്ധിക്കുന്ന ഒരു വിശദീകരണ പോസ്റ്റ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു. പോസ്റ്റ് കാണാം

ഞാനും സരിനും വീട്ടിൽ വെച്ച നെയിം ബോർഡിനെ ചൊല്ലി അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരുടെ സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. നന്ദി,എല്ലാവരോടും. അതിൽ പലരും ഉയർത്തിയ ചില സംശയങ്ങൾക്ക് മറുപടി പറയാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നു തോന്നിയത് കൊണ്ടിടുന്ന ഒരു പോസ്റ്റാണിത്. 

അധികം പേരും പറഞ്ഞ ഒരു ആവലാതി ആ ബോർഡിൻറെ ഘടനയിലുള്ള ചില കാര്യങ്ങളാണ്. രെജിസ്ട്രേഷൻ നമ്പർ ഇല്ല, ഏതാണ് സ്പെഷ്യലിറ്റി എന്നില്ല എന്നൊക്കെ. 

ഞങ്ങൾ രണ്ടുപേരും വീട്ടിൽ പ്രൈവറ്റ് പ്രാക്റ്റീസ് ചെയ്യുന്നവരല്ല. അത് ഞങ്ങളുടെ പരിശോധന വിവര ബോർഡുമല്ല. അതുകൊണ്ടു സ്പെഷ്യൽറ്റി , രെജിസ്ട്രേഷൻ നമ്പർ എന്നിവയുടെ ആവശ്യം ഈ ബോർഡിൽ ഉണ്ടെന്നു കരുതുന്നില്ല. എങ്കിൽ കൂടിയും മോഡേൺ Medicine പ്രാക്ടീസ് ചെയ്യുന്നവർ എന്ന നിലയിലുള്ള Reg. No.ചേർക്കുന്നത് ഉചിതമായിരിക്കും എന്നു കണ്ട് തിരുത്തിയിട്ടുമുണ്ട്. ഞങ്ങൾ താമസിക്കുന്ന ഇടത്തിൽ, ഞങ്ങളുടെ പേരിനു ഒപ്പം ഞങ്ങളുടെ നിലപാടും ഉറക്കെ പറഞ്ഞു എന്ന് മാത്രം.

പിന്നെ കേട്ടത് ആ എഴുതിയതിനു ഒരു പുതിയ വ്യാഖ്യാനമായിരുന്നു! അതായത്, CAA/ NRC എന്നിവയെ എതിർക്കുന്നവരെ മാത്രമേ പരിശോധിക്കുകയും അവർക്കു മാത്രമേ ചികിത്സ നൽകുകയും ചെയ്യൂ എന്നാണത്രെ ഇതിന്റെ അർഥം! അത് മെഡിക്കൽ എത്തിക്സിന് ചേർന്നതല്ലെന്നും ഞങ്ങൾ പരസ്യമായി ആർക്കൊക്കെയോ ചികിത്സാനിഷേധം ചെയ്‌തെന്നും! അപ്പോളൊരു സംശയം, ഈ മെഡിക്കൽ എത്തിക്സ് ഇന്ത്യൻ ഭരണഘടനക്ക് എതിരാണോ? അങ്ങനെ ആവാൻ യാതൊരു നിർവഹവുമില്ല അല്ലെ? അതേ. ഒരു ഡോക്ടറായി പഠിച്ചു പാസായി ഇറങ്ങുമ്പോൾ നാം എടുക്കുന്ന പ്രതിജ്ഞ എന്താണ്?   എല്ലാ രോഗികൾക്കും ഒരു വിവേചനവും കൂടാതെ നമ്മളാൽ കഴിയുന്ന വൈദ്യസഹായം കൊടുക്കും എന്ന് അല്ലെ? 

അത് തന്നെയല്ലേ നമ്മുടെ ഭരണഘടനയുടെയും അന്തസത്ത. ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ വർഗ്ഗമോ വർണമോ ഭാഷയോ വേഷമോ മതമോ നോക്കാതെ ഒരു മനുഷ്യനായി മാത്രം കാണണമെന്നും ഇന്ത്യൻ ഭരണഘടനക്ക്  മുന്നിൽ ഏവരും തുല്യരാണെന്നും! അപ്പോൾ ഭരണഘടനാ അനുസരിച്ചേ പെരുമാറൂ എന്ന് പറഞ്ഞാൽ അത് ഒരു വിഭാഗത്തിന് ചികിത്സ നിഷേധമാകുന്നതെങ്ങനെ? മെഡിക്കൽ എത്തിക്സിന് എതിരാകുന്നതെങ്ങനെ? ഇന്നീ നിമിഷം വരെ ചൊല്ലിയ പ്രതിജ്ഞ മറന്നു ജീവിച്ചിട്ടില്ല, ഇനിയൊട്ടുണ്ടാകുകയുമില്ല.     

'ഡോക്ടർ' എന്ന പദത്തോടു നീതി പുലർത്താൻ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് മറ്റുള്ളവർ ചാർത്തിത്തരുന്ന ഇത്തരം വ്യാഖ്യാനങ്ങളോട് തികഞ്ഞ മൗനം മാത്രം. അതിനുള്ള ഉത്തരങ്ങൾ വ്യാഖ്യാനിച്ചവർ തന്നെ പറയുന്നതല്ലേ നല്ലത്!? പിന്നെ കേട്ട പഴി, ഡോക്ടർമാർ രാഷ്ട്രീയം പറയരുത് എന്നതാണ്. ഡോക്ടർ ആയി എന്നത് നിലപാടുകൾ പറയാനുള്ള ഒരു തടസ്സമായി ഞങ്ങൾ കാണുന്നില്ല.  ഡോക്ടർ ജോലിയിൽ 'രാഷ്ട്രീയം' വേണോയെന്നാണ് ചോദ്യമെങ്കിൽ, വേർതിരിവിന്റെ രാഷ്ട്രീയം വേണ്ട എന്നതാണ് ഉത്തരം. "രാഷ്ട്രീയം" എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്നത്. ഞങ്ങളുടെ രാഷ്ട്രീയം മാനവികതയിലൂന്നിയ ഇന്ത്യ എന്ന വികാരമാണ്, ആ ബോധമാണ്. അതിനെ ഹനിക്കുന്ന എന്തിനെതിരെയും സംസാരിക്കും. ഉറക്കെ തന്നെ! ഏറ്റവും അവസാനമായി ഇതെല്ലാം വിലകുറഞ്ഞ പബ്ലിസിറ്റി  പ്രകടനങ്ങൾ ആണെന്ന് പറയുന്നവരോട്, അവരോടും സ്നേഹം മാത്രം. കാരണം ഒരു കാര്യം കാണുമ്പോഴോ വായിക്കുമ്പോഴോ ഓരോരുത്തർക്കും തോന്നുന്നത് സ്വാഭാവികമായും വ്യത്യസ്ത  അഭിപ്രായങ്ങളായിരിക്കും. അങ്ങനെ കുറച്ചു പേർക്ക് തോന്നിയ അഭിപ്രായമാണിത്. അതിനോട് എന്തിന് കെറുവിക്കണം! വിമർശനങ്ങളെ വളരാനുള്ള വളമാക്കുകയാണ് വേണ്ടതെന്നു പണ്ടാരോ പറഞ്ഞു തന്നിട്ടുണ്ട്. ഇത് ഞങ്ങൾ തിരഞ്ഞെടുത്ത രീതി. എതിരഭിപ്രായങ്ങളുണ്ടാകാം. മാനിക്കുന്നു. കാരണം അസഹിഷ്ണുത ഞങ്ങളുടെ പാതയല്ല; ഇന്ത്യയുടെ രീതിയല്ല! എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്. എന്നാൽ റിപ്പോർട്ടുകളിലെവിടെയും തന്നെ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഹിന്ദുക്കളെ ചികിത്സിക്കില്ലെന്ന് എഴുതിയിട്ടില്ലെന്ന് വ്യക്തമായി. 

ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങളിൽ നിന്ന് പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഹിന്ദുക്കളെ ചികിത്സിക്കില്ലെന്ന് പി.സരിൻ എവിടെയും പരാമർശിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

∙ വസ്തുത

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഹിന്ദുക്കളെ ചികിത്സിക്കില്ലെന്ന് പി.സരിൻ എവിടെയും പറഞ്ഞിട്ടില്ല.

English Summary :Sarin has nowhere mentioned that Hindus will not be treated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com