ADVERTISEMENT

എൽഡിഎഫ് സ്ഥാനാർഥിയായി പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോ.സരിനാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോൾ ഒരു വിഡിയോ  ഡോ. സരിന്റേതെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബിജെപിയും സിപിഎമ്മുമാണ് രാജ്യത്തെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വെല്ലുവിളിയാകുന്നതെന്ന് സരിൻ പറഞ്ഞുവെന്ന തരത്തിലാണ് പ്രചാരണം. വസ്തുതയറിയാം.

∙ അന്വേഷണം

സരിന്റെ കാര്യത്തിൽ തീരുമാനമായി_ _ജനാധിപത്യം കവർന്നെടുക്കുന്ന രണ്ട് പാർട്ടികളിൽ ഒന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റൊന്ന് ബിജെപിയും. ആരാ പറയുന്നത് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ സ്വന്തം അണികളുടെ മുന്നിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കുന്നു എന്ന കുറിപ്പിനൊപ്പമാണ് ഈ വിഡിയോ പ്രചരിക്കുന്നത്.വിഡിയോ കാണാം.

ആദ്യം വൈറൽ വിഡിയോ വ്യക്തമായി പരിശോധിച്ചപ്പോൾ  വിഡിയോയിൽ പ്രസംഗിക്കുന്ന വ്യക്തിക്ക് എംഎൽഎ എം.മുകേഷിന്റെ ശബ്ദവും രൂപവുമായി സാമ്യമുണ്ടെന്ന് വ്യക്തമായി. ഈ സൂചനകളുപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ നടത്തിയ കീവേഡുകളുടെ പരിശോധനയിൽ വൈറൽ വിഡിയോയിലേതിന് സമാനമായ വിഡിയോ നിരവധി പേർ ഫെയ്‌സ്ബുക് പേജിൽ പങ്കു‌വച്ചിട്ടുള്ളതായി കണ്ടെത്തി. 

കേരളത്തിന്റെ സന്തോഷവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന BJPക്ക് ഒത്താശ ചെയ്യുന്നത് LDF എന്ന് മുകേഷ്,,,!!അതെ എത്ര മുടി വെച്ചാലും സത്യങ്ങൾ ഒരുനാൾ മറനീക്കി പുറത്തുവരും,,,!! സത്യങ്ങൾ പൊതു സമൂഹത്തോട് തുറന്നുപറഞ്ഞ മുകേഷിന് 100 ചുവപ്പൻ അഭിവാദ്യങ്ങൾ എന്ന കുറിപ്പിനൊപ്പമാണ് ഈ വിഡിയോകളെല്ലാം തന്നെ പങ്കുവച്ചിരിക്കുന്നത്.പോസ്റ്റ് കാണാം.

 2024 ഏപ്രിൽ 7നാണ് പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്. ഇതിൽ നിന്ന് 2024–ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന പ്രചാരണത്തിന്റെ വിഡിയോയാണിതെന്ന അനുമാനത്തിലെത്തി. സ്ഥിരീകരണത്തിനായി ഞങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.മുകേഷ് എംഎൽഎയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎമ്മിന്റെ കൊല്ലത്തെ ചില പാർട്ടി പ്രവർത്തകരും നേതാക്കന്മാരുമായി  സംസാരിച്ചു.  കൊല്ലം കടയ്ക്കൽ മേഖലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് എം.മുകേഷ് എംഎൽഎ നടത്തിയ പ്രസംഗമാണിതെന്ന് അവർ വ്യക്തമാക്കി. 

എന്നാൽ BJPക്ക് ഒത്താശ ചെയ്യുന്നത് LDFഎന്ന് പറഞ്ഞത് മുകേഷിന് നാക്കുപിഴ സംഭവിച്ചതാണ്. പ്രസംഗ വേളയിൽ തന്നെ അദ്ദേഹം ഇത് തിരുത്തിയിരുന്നു. ഈ പ്രസംഗത്തിൽ അദ്ദേഹം അബദ്ധത്തിൽ പറഞ്ഞ ഭാഗം മാത്രമാണ് തെറ്റിദ്ധാരണാപരമായി പ്രചരിപ്പിക്കുന്നത്. അവർ വ്യക്തമാക്കി.

ഇതിൽ നിന്ന്  കേരളത്തിന്റെ സന്തോഷവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന BJPക്ക് ഒത്താശ ചെയ്യുന്നത് LDFഎന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ പറഞ്ഞെന്ന അവകാശവാദത്തോടെയുളള പോസ്റ്റുകൾ തെറ്റാണെന്ന് വ്യക്തമായി. 

∙ വസ്തുത

പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ പ്രചാരണ വേളയിൽ സിപിഎമ്മിനെ പരിഹസിച്ച് സംസാരിച്ചെന്ന അവകാശവാദത്തോടെയുളള പോസ്റ്റുകൾ തെറ്റാണെന്ന് വ്യക്തമായി.എം.മുകേഷ് എംഎൽഎയുടെ മറ്റൊരു വിഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്. വൈറൽ വിഡിയോയിലുള്ളത് സരിൻ അല്ല. 

English Summary :Posts claiming Sarin mocked CPM during campaign are false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com