ADVERTISEMENT

കാനഡയിൽ സിഖ് വംശജർക്കെതിരായ പ്രചാരണം നടത്തുന്നതിനു പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന കാനഡയുടെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസന്റെ പ്രസ്താവന വിവാദമായിരുന്നു. രാജ്യത്തെ സിഖ് വംശജരെ ലക്ഷ്യമിട്ട് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുകയും ഭീഷണിയും അതിക്രമവും ഉൾപ്പെടെയുള്ളവ നടത്തുകയും ചെയ്യുന്നതിനു പിന്നിൽ അമിത് ഷായുടെ ഉത്തരവാണെന്ന് യുഎസ് മാധ്യമമായ ‘ദ് വാഷിങ്ടൻ’ പോസ്റ്റിനോടു സ്ഥിരീകരിച്ചത് താനാണെന്നും ഡേവിഡ് മോറിസൺ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ സുരക്ഷാ കമ്മിറ്റിയെ അറിയിച്ചിരുന്നു. അതേസമയം, കാനഡയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കുകയുംചെയ്തു.

എന്നാൽ ഇപ്പോൾ ഇൻറർപോൾ വാണ്ടഡ് ലിസ്റ്റിൽ അമിത് ഷാ ഉൾപ്പെട്ടു എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഈ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.

∙ അന്വേഷണം

ഇന്റർപോളിന്റെ വാണ്ടഡ് ലിസ്റ്റിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ അടുത്തിടെ ചേർത്തതായി വിശ്വസനീയമായ വൃത്തങ്ങൾ അറിയിച്ചു. കനേഡിയൻ സിഖ് പൗരന്മാർക്കെതിരെയുള്ള ആക്രമണത്തിന് അനുമതി നൽകിയെന്ന് കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആരോപിച്ചതിനെ തുടർന്ന് ഷാ നിരീക്ഷണത്തിലായത് എന്നാണ് പ്രചരിക്കുന്ന കാർഡിന്റെ മലയാളം പരിഭാഷ. പോസ്റ്റ് കാണാം

ഇന്റർപോൾ വാണ്ടഡ് എന്ന തലക്കെട്ടോടെ അമിത്ഷായുടെ ചിത്രം ഉൾപ്പെടെയുള്ള ഒരു കാർഡാണ് പോസ്റ്റുകൾക്കൊപ്പം പ്രചരിക്കുന്നത്. കൊലപാതക കേസുമായി ബന്ധപ്പെട്ട് കാനഡ തിരയുന്ന പ്രതിയാണ് അമിത് ഷായെന്നും ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ ലോക്കൽ പൊലീസിനെയോ ഇന്റർ പോളിന്റെ സൈറ്റിലൂടെയോ അറിയിക്കണമെന്നുമാണ് കാർഡിൽ വ്യക്തമാക്കുന്നത്.

ഇന്റര്‍നാഷനല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അഥവാ ഐസിപിഒ ആണ് ഇന്റര്‍പോള്‍ (Interpol) എന്ന പേരില്‍ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള പൊലീസ് സേനകള്‍ തമ്മില്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇന്റര്‍പോള്‍ നടത്തുന്നത്. ഫ്രാന്‍സിലെ ലിയോണിലാണ് ഇന്റര്‍പോൾ ആസ്ഥാനം. 195 അംഗരാജ്യങ്ങളാണ് ഇന്റര്‍പോളില്‍ ഉള്ളത്. കുറ്റവാളികള്‍ രാജ്യം വിട്ടുപോകുമ്പോള്‍ പൊലീസിന് അവരെ പിടികൂടാനാകുക ഏറെക്കുറേ അസാധ്യമാണ്. അതുകൊണ്ട് തന്നെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഇത്തരക്കാരെ പിടികൂടാറുള്ളത്.

ഇന്റർപോൾ നോട്ടിസ്, അമിത്ഷാ എന്നീ കീവേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇന്റർപോളിന്റെ വാണ്ടഡ് ലിസ്റ്റിൽ അമിത്ഷാ ഉൾപ്പെട്ടിട്ടുണ്ടെന്ന തരത്തിലുള്ള യാതൊരു മാധ്യമ റിപ്പോർട്ടുകളും എവിടെയും പ്രസിദ്ധീകരിച്ചതായി കണ്ടെത്താനായില്ല. 

പിന്നീട് ഇന്റർപോളിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സമൂഹമാധ്യമ പേജുകൾ എന്നിവിടങ്ങളിലാണ് ഞങ്ങൾ തിരഞ്ഞത്. മുൻകാലങ്ങളിൽ ഇന്റർപോൾ പുറപ്പെടുവിച്ച വാണ്ടഡ് നോട്ടിസുകൾ  പരിശോധിച്ചപ്പോൾ ഈ കാർഡുകളിലെല്ലാം പ്രതികളുടെ പേരിനൊപ്പമുള്ള അവസാന ഇനീഷ്യലുകൾ വലിയക്ഷരങ്ങളിലാണ്(കാപ്പിറ്റൽ ലെറ്റർ) നൽകിയിരിക്കുന്നത്. കൂടാതെ രാജ്യത്തിന്റേതടക്കമുള്ള മറ്റ് വിവരങ്ങൾ Sentence-Case ഫോർമാറ്റിലുമാണ് നൽകിയിരിക്കുന്നത്. എന്നാൽ വൈറൽ കാർഡിലെ അക്ഷരങ്ങളുടെ ഫോർമാറ്റ് ഇന്റർപോളിന്റെ ഔദ്യോഗിക ഫോർമാറ്റിൽ നിന്ന്  വ്യത്യസ്തമാണെന്ന് വ്യക്തമായി. 

interpol1

ഇന്റർപോൾ പുറത്തിറക്കുന്ന ഏറ്റവും പുതിയ വാണ്ടഡ് ചിത്രങ്ങളും ഞങ്ങൾ പരിശോധിച്ചു. മുൻകാലങ്ങളിലെ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ ഫോർമാറ്റിലാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്റർപോളിന്റെ ഏറ്റവും പുതിയ വാണ്ടഡ് ചിത്രങ്ങൾ കാണാം. 

പിന്നീട്  ഇന്റർപോളിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചപ്പോൾ 2019-ൽ ഇന്റർപോൾ സെക്രട്ടറി ജനറലിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അമിത് ഷായും രാജ്യത്തെ ഉന്നത സർക്കാർ, പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച റിപ്പോർട്ടുകളും ചിത്രങ്ങളും മാത്രമാണ് വെബ്സൈറ്റിൽ നിന്ന് ലഭിച്ചത്. അമിത് ഷായുടെ ഔദ്യോഗിക പേര് അമിത് ഭായ് അനിൽചന്ദ്ര ഷാ എന്നാണ്. എന്നാൽ വൈറൽ കാർഡിൽ ഇത് അമിത് അനിൽചന്ദ്ര ഷാ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

∙ വസ്തുത

ഇൻറർ പോളിന്റെ വാണ്ടഡ് ലിസ്റ്റിൽ അമിത് ഷാ ഉൾപ്പെട്ടു എന്ന പോസ്റ്റുകൾ വ്യാജമാണ്. പ്രചരിക്കുന്ന വൈറൽ കാർഡ് എഡിറ്റ് ചെയ്ത് കൃത്രിമമായി നിർമിച്ചതാണ്.

English Summary: The campaign that Amit Shah was included in the wanted list of Interpol is fake - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com