ജിഎമ്മിന്റെ ‘പ്രേത’കാർ; നിര്‍മിച്ച് 80 വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും വിസ്മയം
Mail This Article
1939 ല്‍ നടന്ന ന്യൂയോര്‍ക്ക് വേള്‍ഡ് ഫെയറില്‍ ജനറല്‍ മോട്ടോഴ്‌സ് ഒരു പവിലിയന്‍ ഒരുക്കിയിരുന്നു. ഹൈവേസ് ആൻഡ് ഹൊറൈസണ്‍സ് എന്ന് പേരിട്ടിരുന്ന പവിലിയനില്‍ ഭാവിയിലെ വാഹനങ്ങളും ഗതാഗത സംവിധാനങ്ങളുമൊക്കെയാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ കാഴ്ചയുടെ അദ്ഭുതമൊരുക്കിയാണ് ഗോസ്റ്റ് കാര്‍ (പ്രേതകാര്‍) എന്ന് പിന്നീട് വിളിക്കപ്പെട്ട സുതാര്യമായ കാര്‍ അവതരിപ്പിക്കപ്പെട്ടത്.
അമേരിക്കയില്‍ ആദ്യമായി നിർമിച്ച സുതാര്യ കാറായിരുന്നു ജനറല്‍ മോട്ടോഴ്‌സിന് കീഴിലുള്ള ഫോണ്ടിയാക്കിന്റെ ഗോസ്റ്റ് കാര്‍. ഭാവിയിലെ കാറുകള്‍ മെനഞ്ഞെടുത്തയാളെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന നോര്‍മന്‍ ബെല്‍ ഗെഡ്ഡാസായിരുന്നു ഈ പ്രേതകാറിനു പിന്നിലും. സുതാര്യമായ കാറിന്റെ ബോഡി അന്നും ഇന്നും ഒരു വിസ്മയമാണ്. പ്രേത കാറിലെ എൻജിന്‍ അടക്കമുള്ള ഓരോ യന്ത്രഭാഗവും സുതാര്യമായ ബോഡിയിലൂടെ ദൃശ്യമായിരുന്നു.
ഫോണ്ടിയാക്കിന്റെ ഡി ലുക്‌സ് സിക്‌സ് ഫോര്‍- ഡോര്‍ സെഡാന്‍ കാറാണ് ഗോസ്റ്റ് കാറായി മാറ്റിയത്. പ്ലെക്‌സിഗ്ലാസ് എന്ന സുതാര്യമായ പ്ലാസ്റ്റിക് നിര്‍മിച്ച രാസകമ്പനി റോഹ്മ് ആൻഡ് ഹാസുമായി സഹകരിച്ചാണ് ജിഎം ഈ കാര്‍ നിര്‍മിച്ചത്. അന്ന് ഏതാണ്ട് 25000 ഡോളറാണ് നിർമാണച്ചെലവ്. ഇന്നത്തെ നിരക്കില്‍ ഏകദേശം 4.64 ലക്ഷം ഡോളര്‍ വരുമിത്.
കാറിന്റെ പുറംഭാഗത്തെ ലോഹ കവചം പൂര്‍ണമായും സുതാര്യമായ പ്ലെക്‌സിഗ്ലാസ് കൊണ്ടാണ് നിര്‍മിച്ചത്. ഇതിനായി ഓരോ ഭാഗത്തിന്റെയും തനിപ്പകര്‍പ്പ് റോഹ്മ് ആൻഡ് ഹാസ് ജനറല്‍ മോട്ടോഴ്‌സിന് നിര്‍മിച്ചു കൈമാറുകയായിരുന്നു. കാറിന്റെ ടയറിനും അനുബന്ധ റബര്‍ ഭാഗങ്ങള്‍ക്കും വെള്ള നിറമാണ് നല്‍കിയത്. സുതാര്യ ബോഡിയിലൂടെ കൂടുതല്‍ തെളിഞ്ഞ കാഴ്ച ലഭിക്കുന്നതിന് യന്ത്ര ഭാഗങ്ങളില്‍ പലയിടത്തും ചെമ്പ് പൂശുകയും ചെയ്തു.
തൊട്ടടുത്ത വര്‍ഷം, 1940 ല്‍ രണ്ടാമതൊരു സുതാര്യ കാര്‍ കൂടി ജനറല്‍ മോട്ടോഴ്‌സ് നിര്‍മിച്ചു. ഈ രണ്ടു കാറുകളും ലോകത്തിന്റെ പലഭാഗങ്ങളിലും നടന്ന പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. വിവിധ കാര്‍ മാഗസിനുകളിലും ഈ കാറുകള്‍ ശ്രദ്ധേയ സാന്നിധ്യമായി. ഈ കാര്‍ മാത്രമാണ് ദശാബ്ദങ്ങള്‍ക്കിപ്പുറവും നിലവിലുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിനിടെ സ്മിത്തോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷനിലേക്ക് വായ്പാടിസ്ഥാനത്തില്‍ കൈമാറിയ പ്രേതകാറാണിത്. പിന്നീട് ഈ കാര്‍ 2011ല്‍ 3.08 ലക്ഷം ഡോളറിന് ലേലത്തില്‍ പോയി. നിര്‍മിച്ച് 80 വര്‍ഷത്തിലേറെ കഴിഞ്ഞെങ്കിലും ഇപ്പോഴും ഈ കാര്‍ കാണുമ്പോഴുള്ള അപൂര്‍വതയും അദ്ഭുതവുമാണ് ഇതിന് ‘പ്രേതകാർ’ എന്ന വിളിപ്പേര് സമ്മാനിച്ചത്.
English Summary: Story of Gm Ghost Cars