ടാറ്റയുടെ പുതിയ എസ്യുവി ഗ്രാവിറ്റാസ് റിപബ്ലിക് ദിനത്തില്
Mail This Article
പുത്തൻ എസ്‌യുവിയായ ഗ്രാവിറ്റാസ് റിപബ്ലിക് ദിനത്തിൽ അനാവരണം ചെയ്യാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയും സൃഷ്ടിച്ച വെല്ലുവിളി മൂലമാണ് കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഗ്രാവിറ്റാസിന്റെ അരങ്ങേറ്റം വൈകിയത്. ഇപ്പോഴത്തെ നിലയിൽ ഫെബ്രുവരിയോടെ ഗ്രാവിറ്റാസ് വിൽപ്പനയ്ക്കെത്തിയേക്കും.
മൂന്നു നിരകളിലായി ആറും ഏഴും സീറ്റുള്ള വകഭേദങ്ങളിൽ ഗ്രാവിറ്റാസ് ലഭ്യമാകും. ഹാരിയറിനെ പോലെ രണ്ടു ലീറ്റർ, ക്രയോടെക് ഡീസൽ എൻജിനാവും ‘ഗ്രാവിറ്റാസി’നും കരുത്തേകുക; 170 പി എസ് വരെ കരുത്തും 350 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനു കൂട്ടായി ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാവും ട്രാൻസ്മിഷൻ സാധ്യത. ഗ്രാവിറ്റാസിന് 13 ലക്ഷം രൂപ മുതലാവും ഷോറൂം വിലയെന്നാണു പ്രതീക്ഷ.
ഗ്രാവിറ്റാസിനു പുറമെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ടർബോ പെട്രോൾ പതിപ്പും ടാറ്റ മോട്ടോഴ്സ് ജനുവരിയിൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. അടുത്ത 13നാണ് ആൾട്രോസ് ശ്രേണിയിലെ പുതുമുഖത്തിന്റെ അരങ്ങേറ്റം നിശ്ചയിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം വിപണിയിലെത്തിയ ‘ആൾട്രോസ്’ പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കുണ്ട്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണ് ഏക ട്രാൻസ്മിഷൻ സാധ്യതയെന്നതിനാൽ പുത്തൻ അവതരണത്തിനൊപ്പം ഇരട്ട ക്ലച് ട്രാൻസ്മിഷനും അരങ്ങേറുമെന്ന് അഭ്യൂഹമുണ്ട്.
കാറിലെ 1.2 ലീറ്റർ, ടർബോ പെട്രോൾ എൻജിനിൽ നിന്ന് 110 പി എസോളം കരുത്താണു പ്രതീക്ഷിക്കുന്നത്. ആൾട്രോസിന്റെ പുതിയ പതിപ്പിലൂടെ ഹ്യുണ്ടേയ് ഐ 20 ടർബോയെയും ഫോക്സ്‌വാഗൻ പോളൊയെയുമാണു ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. ഷോറൂമിൽ 7.99 ലക്ഷം മുതൽ 8.59 ലക്ഷം രൂപ വരെയാണു ടാറ്റ ആൾട്രോസ് ടർബോയ്ക്കു പ്രതീക്ഷിക്കുന്ന വില.
English Summary: Tata Gravitas to be unveiled on January 26, 2021