ADVERTISEMENT

ഓസ്‌ട്രേലിയക്കാരിയായ അലക്‌സ് ഹിര്‍ഷി റേഡിയോ ജോക്കിയായാണ് ദുബായിലേക്കെത്തുന്നത്. ഒമ്പതു വര്‍ഷം റേഡിയോ ടോക് ഷോ അവതാരകയായിരുന്ന അലക്‌സ് 2018ല്‍ ഈ ജോലി രാജിവച്ചു. ഇഷ്ടപ്പെട്ട സൂപ്പര്‍കാറുകളെക്കുറിച്ചുള്ള വിഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ അവതരിപ്പിക്കാനായിയിരുന്നു ഹിര്‍ഷിയുടെ ഈ തീരുമാനം. ഇപ്പോള്‍ കോടികള്‍ വരുമാനമുള്ള കാര്‍ഫ്‌ളുവന്‍സറാണ്(Carfluencer) സൂപ്പര്‍കാര്‍ ബ്ലോണ്ടി എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രശസ്തയായ അലക്‌സ് ഹിര്‍ഷി.

ഫെയ്സ്ബുക്കിൽ മൂന്നു കോടിയിലേറെ ഫോളോവേഴ്‌സുള്ള സൂപ്പര്‍കാര്‍ ബ്ലൗണ്ടിക്ക് 64 ലക്ഷത്തിലേറെ യുട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ 90 ലക്ഷത്തിലേറെ ഫോളോവേഴ്‌സും ഉണ്ട്. ഒരൊറ്റ ടിക് ടോക്‌ പോസ്റ്റിലൂടെ ഇവര്‍ നേടുന്നത് 6,000 യൂറോ(അഥവാ 6.18 ലക്ഷം രൂപ) ആണ്. കാര്‍ റെന്റല്‍ വെബ്‌സൈറ്റായ ലീസിംങ് ഓഫ്ഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2.2 ദശലക്ഷം യൂറോയാണ്(ഏകദേശം 22.66 കോടി രൂപ) ഈ 34കാരിയുടെ വാര്‍ഷിക വരുമാനം.

എല്ലാവരേയും ആകര്‍ഷിക്കുന്ന സൂപ്പര്‍കാറുകളും ആഡംബര കാറുകളുമാണ് സൂപ്പര്‍കാര്‍ ബ്ലൗണ്ടി അവതരിപ്പിക്കാറ്. കാറുകളെക്കുറിച്ചുള്ള റേഡിയോ പരിപാടിയുടെ അവതാരകയായിരുന്നു ഇവര്‍. 2018 മുതലാണ് സോഷ്യല്‍മീഡിയയിലേക്ക് വിഡിയോകള്‍ നിര്‍മിക്കുന്നതിനുവേണ്ടി ജോലി വിട്ടത്. സൂപ്പര്‍കാറുകളെ സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സാങ്കേതിക വിശകലനങ്ങള്‍ ഒഴിവാക്കി ലളിതമായി അവതരിപ്പിക്കുന്നതാണ് സൂപ്പര്‍കാര്‍ ബ്ലോൺഡിയുടെ ശൈലി.

സോഷ്യൽ മീഡിയയിൽ അലക്‌സ് ഹിര്‍ഷിയുടെ സൂപ്പര്‍ഗ്ലാമര്‍ ചിത്രങ്ങള്‍ക്കൊപ്പമാണ് കാറുകളേയും അവതരിപ്പിക്കുക. ജീവിത പങ്കാളിയും വിഡിയോഗ്രാഫറുമായ നിക് ഹിര്‍ഷിയാണ് സോഷ്യല്‍മീഡിയയിലും അലക്‌സിന്റെ കൂട്ട്. ഫെരാരി, അസ്റ്റണ്‍ മാര്‍ട്ടിന്‍, പഗാനി തുടങ്ങി വിവിധ കമ്പനികളുടെ സൂപ്പര്‍കാറുകള്‍ ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. 

റോള്‍സ് റോയ്‌സ് 103എക്‌സ് കണ്‍സപ്റ്റ് കാറില്‍ പോകുന്ന സൂപ്പര്‍കാര്‍ ബ്ലോൺഡിയുടെ വിഡിയോയാണ് ടിക്ടോകില്‍ ഏറ്റവും ജനപ്രിയമായത്. സ്വയം ഓടുന്ന ഈ ആഡംബര കാറിന് സ്റ്റിയറിങ് പോലും ഇല്ലായിരുന്നു. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സൂപ്പര്‍ സ്റ്റാര്‍ വിന്‍ ഡീസല്‍ അടക്കമുള്ളവര്‍ക്കൊപ്പം ബിബിസി ടോപ് ഗിയറിലും സൂപ്പര്‍കാര്‍ ബ്ലോൺഡി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് കാര്‍ കമ്പനിയായ ബെന്റ്‌ലിയുടെ കാറുകളാണ് ഇവര്‍ ആദ്യം റിവ്യു ചെയ്തിരുന്നത്. സോഷ്യല്‍മീഡിയയിലെ ജനപ്രീതി കൂടുന്നതിനനുസരിച്ച് അവര്‍ റിവ്യു ചെയ്യുന്ന കാറുകളുടെ വിലയും കൂട്ടി വന്നു. ആദ്യ വിഡിയോകളില്‍ ഈ കാറുകള്‍ ഓടിക്കുമ്പോഴുള്ള അനുഭവമാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്ന് അലക്‌സ് സണ്‍ മോട്ടോഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

supercar-blondie-1

ഫെരാരിയും മക്‌ലാരനും പോലുള്ള കമ്പനികളും സൂപ്പര്‍കാര്‍ ബ്ലോൺഡിയുടെ റിവ്യൂവിന് പച്ചക്കൊടി വീശിയതോടെ അവരുടെ വീഡിയോകള്‍ സൂപ്പര്‍ഹിറ്റായി മാറി. വിപണിയിലിറങ്ങുന്ന സൂപ്പര്‍കാറുകളുടെ ഓരോ ഭാഗങ്ങളേയും ഇഴകീറി പരിശോധിക്കുന്ന വിദഗ്ധരുടെ വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പും ഉണ്ടായിരുന്നു. എന്നാല്‍ സാധാരണക്കാരന് മനസിലാകുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കാര്യങ്ങള്‍ മാത്രം ഗ്ലാമറസായി അവതരിപ്പിക്കുന്ന ആരും ഇല്ലാതിരുന്നിടത്തു നിന്നാണ് സൂപ്പര്‍കാര്‍ ബ്ലോൺഡിയുടെ വളര്‍ച്ച ആരംഭിക്കുന്നത്. 2018ല്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവും വലിയ കുതിപ്പ് സ്വന്തമാക്കിയ ഓട്ടോ പേജ് എന്ന ബഹുമതിയും അലക്‌സ് ഹിര്‍ഷി സ്വന്തമാക്കിയിരുന്നു.

'ഞങ്ങളുടെ വിഡിയോയില്‍ പരമാവധി സംഭാഷണം കുറയ്ക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഭാഷയുടെ അതിരുകളില്ലാതെ ലോകം മുഴുവന്‍ എന്റെ വിഡിയോകള്‍ എത്തണമെന്നാണ് ആഗ്രഹിച്ചത്. പലപ്പോഴും തമാശകളിലൂടെയാണ് കാറുകളിലേക്ക് ശ്രദ്ധയാകര്‍ഷിച്ചത്. ദൃശ്യങ്ങള്‍ പരമാവധി ആകര്‍ഷണീയമാക്കാനും ഞങ്ങള്‍ ശ്രമിച്ചിരുന്നു. വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ സൂപ്പര്‍കാറുകളെ അവതരിപ്പിക്കുന്നതാണ് ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങള്‍ കണ്ടത്. കാറുകളുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് ശ്രമിച്ചത്' എന്നായിരുന്നു തന്റെ ജനപ്രീതിയുടെ രഹസ്യത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സൂപ്പര്‍കാര്‍ ബ്ലോൺഡി വിശദീകരിച്ചത്.

(അവലംബം: ദ സൺ യൂകെ)

English Summary:  ‘Carfluencer’ makes £2.2m a year reviewing super cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com