ADVERTISEMENT

കാറുകളുടെ ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കായി കരുതുന്ന റോള്‍സ് റോയിസിന്റെ ഒരു വാഹനമെങ്കിലും സ്വന്തമാക്കുകയെന്നത് നിരവധി പേരുടെ ജീവിത സ്വപ്‌നമാണ്. ഒന്നിലേറെ റോള്‍സ് റോയ്‌സ് സ്വന്തമാക്കിയ അപൂര്‍വ്വം ചിലരുമുണ്ട്. എന്നാല്‍ തലപ്പാവിന്റെ നിറത്തിനനുസരിച്ച് റോള്‍സ് റോയ്‌സ് സ്വന്തമാക്കിയ ഒരേയൊരാളേയുള്ളൂ. അത് ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ റൂബന്‍ സിങാണ്.

തലപ്പാവിനൊപ്പിച്ച് റോള്‍സ് റോയ്‌സ് വാങ്ങുകയെന്ന സമാനതകളില്ലാത്ത തീരുമാനത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ തലപ്പാവ് ധരിച്ചതിന്റെ പേരില്‍ അപമാനവും വംശീയാധിക്ഷേപവും ബ്രിട്ടീഷുകാരനില്‍ നിന്നു റൂബന്‍ സിങ്ങിന് സഹിക്കേണ്ടി വന്നു. അന്നാണ് അദ്ദേഹം ഒരു വെല്ലുവിളി ഏറ്റെടുത്തത്. ആഴ്ചയിലെ ഓരോ ദിവസവും ധരിക്കുന്ന തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്‌സ് സ്വന്തമാക്കുമെന്നായിരുന്നു വെല്ലുവിളി.

reuben-singh

ഓരോ റോള്‍സ് റോയ്‌സും സ്വന്തമാക്കിയതിന് പിന്നാലെ അതേ നിറത്തിലുള്ള തലപ്പാവും വസ്ത്രങ്ങളും ധരിച്ചുള്ള ചിത്രങ്ങള്‍ റൂബന്‍ സിങ് സമൂഹമാധ്യമങ്ങളഇൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള ഏഴു വ്യത്യസ്ത നിറങ്ങളിലുള്ള റോള്‍സ് റോയ്‌സ് കാറുകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കിട്ടു. എന്നിട്ടും അരിശം തീരാതെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒറ്റയടിക്ക് ആറ് പുത്തന്‍ റോള്‍സ് റോയ്‌സ് കാറുകളാണ് റൂബന്‍ സിങ് ഒറ്റയടിക്ക് വാങ്ങിയത്. മൂന്ന് ഫാന്റം VIIഉം മൂന്ന് കള്ളിനന്‍ എസ്‌യുവിയുമായിരുന്നു അദ്ദേഹം സ്വയം സമ്മാനിച്ചത്. വിലയേറിയ രത്‌നങ്ങളുടെ നിറത്തിലുള്ളവയായിരുന്നു ഈ ആറ് കാറുകള്‍. അതുകൊണ്ടുതന്നെ തന്റെ ആഭരണ ശേഖരമായാണ് അദ്ദേഹം ഈ റോള്‍സ് റോയ്‌സുകളെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ റൂബന്‍ സിങിന്റെ റോള്‍സ് റോയ്‌സുകളുടെ എണ്ണം 15ലെത്തി നില്‍ക്കുന്നു.

റോള്‍സ് റോയ്‌സില്‍ ഒതുങ്ങുന്നില്ല സിംങിന്റെ കാര്‍ ശേഖരം. പോര്‍ഷെ 918 സ്‌പൈഡര്‍, ബുഗാട്ടി വെയ്‌റണ്‍, പഗാനി ഹുയാറ, ലംബോര്‍ഗിനി ഹുറാക്കന്‍, ഫെറാറി എഫ് 12 ബെര്‍ലിനെറ്റ ലിമിറ്റഡ് എഡിഷന്‍ എന്നിങ്ങനെ ആരുടേയും കണ്ണഞ്ചിപ്പിക്കുന്ന കാറുകള്‍ റൂബന്‍ സിങിന്റെ ഗാരേജിലുണ്ട്. കൂടാതെ അദ്ദേഹത്തിന് സ്വന്തമായി ജെറ്റ് വിമാനങ്ങള്‍ വരെയുണ്ട്.

reuben-singh

ഓരോ റോള്‍സ് റോയ്‌സ് ഫാന്റവും ഏതാണ്ട് 3.60 ലക്ഷം ബ്രിട്ടീഷ് പൗണ്ടിനും കള്ളിനന്‍ 2.50 ലക്ഷം പൗണ്ടിനുമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന്റെ അകത്തും പുറത്തും വരുത്തിയ മാറ്റങ്ങള്‍ക്ക് വേണ്ടി വന്ന ചിലവ് ഇതിന് പുറമേയാണ്. രാജ്യത്തെ ഏറ്റവും വിലയേറിയ എസ്‌യുവി എന്ന സ്ഥാനത്തുള്ള റോള്‍സ് റോയ്‌സ് കള്ളിനന് ഇന്ത്യയില്‍ ഏതാണ്ട് 6.95 കോടി രൂപ വിലവരും. ഫാന്റം VIIനാകട്ടെ 9.50 കോടി രൂപയും. കുറച്ച് കള്ളിനന്‍ എസ്‌യുവികള്‍ ഇന്ത്യയിലുമുണ്ട്. അതിലൊന്ന് അംബാനിയുടെ ഗാരേജിലും മറ്റൊന്ന് ടി സീരീസിന്റെ ഗാരേജിലുമാണുള്ളത്. 

ഒരിക്കല്‍ ബ്രിട്ടീഷ് ബില്‍ഗേറ്റ്‌സ് എന്നാണ് റൂബന്‍ സിങ് അറിയപ്പെട്ടിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സംരംഭം വിജയിപ്പിച്ചതാണ് ഇങ്ങനെയൊരു വിശേഷണത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. 1995ല്‍ 20 വയസുള്ളപ്പോഴാണ് മിസ് ആറ്റിറ്റിയൂഡ് എന്ന പേരില്‍ വസ്ത്രവ്യാപാര ശൃംഖല അദ്ദേഹം ആരംഭിച്ചത്. ഒരിക്കല്‍ പത്ത് ദശലക്ഷം പൗണ്ട് വരെ ആസ്തിയിലെത്തിയ മിസ് ആറ്റിറ്റിയൂഡിനെ അദ്ദേഹം പിന്നീട് വില്‍ക്കുകയായിരുന്നു. ഇപ്പോള്‍ AllDayPA എന്ന സ്ഥാപനത്തിന്റെ സിഇഒയാണ് റൂബന്‍ സിങ്. വിവിധ ബിസിനസുകള്‍ക്കുവേണ്ടി അവരുടെ ഉപഭോക്താക്കളുടെ കോളുകള്‍ സ്വീകരിക്കുകയും മറുപടി നല്‍കുകയും ചെയ്യുന്ന സേവനമാണ് ഈ കമ്പനി നല്‍കുന്നത്.

English Summary: Reuben Singh Rolls Royce Collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com