ADVERTISEMENT

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐ സി സി) സംഘടിപ്പിക്കുന്ന  ട്വന്റി20 ലോകകപ്പിനുള്ള ഔദ്യോഗിക കാറായി നിസ്സാൻ മാഗ്‌നൈറ്റ്. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ നീളുന്ന കുട്ടിക്രിക്കറ്റ് മാമാങ്കത്തിനു ദുബായിയും ഒമാനുമാണു വേദിയാവുന്നത്. ഐ സി സി മെൻസ് ട്വന്റി20 ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറെന്ന നിലയിലാണു ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ മാഗ്‌നൈറ്റ് ടൂർണമെന്റ് വേദികളിൽ പ്രദർശിപ്പിക്കുക. 

ആഗോളതലത്തിൽ തന്നെ ക്രിക്കറ്റ് പ്രേമികൾ താൽപര്യപൂർവം കാത്തിരിക്കുന്ന ടൂർണമെന്റാണ് പുരുഷന്മാരുടെ ട്വന്റി20 ലോകകപ്പ്; അതുകൊണ്ടുതന്നെ ഈ വേദിയിൽ ഉൽപന്ന ശ്രേണിയിലെ ഏറ്റവും മികച്ച മോഡലായ മാഗ്‌നൈറ്റ് അണിനിരത്തി നേട്ടം കൊയ്യാനാണു നിസ്സാൻ ഇന്ത്യയുടെ നീക്കം.  അഞ്ചു വർഷമായി ഐ സി സിയുടെ ലോക ചാംപ്യൻഷിപ്പുകളുടെ ഔദ്യോഗിക സ്പോൺസറാണു നിസ്സാൻ എന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഐ സി സി മെൻസ് ട്വന്റി 20 ലോകകപ്പ് സ്പോൺസർ ചെയ്യാൻ അവസരം ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം അവസാനത്തോടെ അരങ്ങേറിയ മാഗ്‌നൈറ്റ്,  ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ റെനോ – നിസ്സാൻ ശാലയിൽ നിന്നാണു നിരത്തിലെത്തുന്നത്. ഇന്ത്യയ്ക്കു പുറമെ വിവിധ വിദേശ വിപണികളിലും നിസ്സാൻ മാഗ്‌നൈറ്റ് വിൽപനയ്ക്കുണ്ട്. സബ് കോംപാക്ട് എസ് യു വിയായ മാഗ്‌നൈറ്റിന് ഇന്ത്യയിൽ അറുപതിനായിരത്തോളം ബുക്കിങ് ലഭിച്ചെന്നും നിസ്സാൻ അവകാശപ്പെടുന്നു.

രണ്ടു പെട്രോൾ എൻജിൻ സാധ്യതകളോടെയാണു മാഗ്‌നൈറ്റിന്റെ വരവ്. കാറിലെ ഒരു ലീറ്റർ ടർബോ എൻജിൻ 97 ബി എച്ച് പിയോളം കരുത്തും 160 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അതേസമയം, നാച്ചുറലി ആസ്പിറേറ്റഡ് ഒരു ലീറ്റർ എൻജിൻ സൃഷ്ടിക്കുക 71 ബി എച്ച് പി വരെ കരുത്തും 96 എൻ എമ്മോളം ടോർക്കുമാണ്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇരു എൻജിനുകൾക്കും കൂട്ട്; അതേസമയം ടർബോ എൻജിനൊപ്പം സി വി ടി സാധ്യതയും ലഭ്യമാണ്.

അഞ്ചു നിറങ്ങളിലും മൂന്ന് ഇരട്ട വർണ സങ്കലനങ്ങളിലുമാണു മാഗ്‌നൈറ്റ് വിൽപനയ്ക്കുള്ളത്. ടർബോ എൻജിൻ – മാനുവൽ ട്രാൻസ്മിഷൻ സഖ്യത്തിന് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 20 കിലോമീറ്ററാണ്; ഇതേ എൻജിനൊപ്പം സി വി ടി ഗീയർബോക്സ് എത്തുന്നതോടെ ഇന്ധനക്ഷമത 17.7 കിലോമീറ്ററാവും. 

English Summary: Nissan Magnite is official car of ICC Men's T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com