പ്രധാന എതിരാളി ഫോർച്യൂണർ, കോംപസിന്റെ വിജയം ആവർത്തിക്കുമോ മെറിഡിയൻ?
Mail This Article
പ്രീമിയം എസ്‍യുവി സെഗ്‌മെന്റിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കോഡിയാക് തുടങ്ങി വാഹനങ്ങളോട് മത്സരിക്കുന്ന ജീപ്പ് മെറിഡിയൻ ഉടൻ വിപണിയിൽ എത്തും. ജീപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ചില ഡീലർഷിപ്പുകൾ 50000 രൂപ സ്വീകരിച്ച് ബുക്കിങ് ആരംഭിച്ചു എന്നാണ് വാർത്തകൾ. ജീപ്പ് മെറിഡിയന്റെ ആദ്യ പ്രദർശനം മാർച്ച് 29 ന് നടക്കുമെന്ന് ജീപ്പ് നേരത്തേ അറിയിച്ചിരുന്നു. മൂന്നു നിര സീറ്റോടെ, ഇന്ത്യൻ വിപണിയിൽ മേയ് ആദ്യം മെറിഡിയൻ എത്തും.
രാജ്യന്തര വിപണിയിൽ കമാൻഡർ
രാജ്യന്തര വിപണിയിൽ കമാൻഡർ എന്ന പേരിലാണ് വാഹനം പുറത്തിറങ്ങുന്നത്. ഈ വർഷം ഏപ്രിലോടെ ഇന്ത്യയിൽ ഉൽപാദനം ആരംഭിച്ച് തുടർന്നുള്ള മേയിൽ വാഹനം വിൽപനയ്ക്കെത്തിക്കാനാണ് പദ്ധതി. മെറിഡിയൻ എന്ന പേരിൽ ഏഴു സീറ്റുമായി എത്തുമ്പോഴും എസ്‌യുവിയിലെ ബോഡി പാനലുകളടക്കം കോംപസിൽ നിന്നു കടം കൊണ്ടവയാകും.
ബി പില്ലറിനു പിന്നിലേക്കാണ് കോംപസും മെറിഡിയനുമായി പ്രധാന വ്യത്യാസം. പുത്തൻ മോഡലുകളായ ഗ്രാൻഡ് ചെറോക്കീ എൽ, ഗ്രാൻഡ് വാഗണീർ എന്നിവയിലെപ്പോലെ നീളമേറിയ വാതിലുകളാണ് ‘മെറിഡിയനി’ലും. പിൻ ടെയിൽ ഗേറ്റിൽ തിരശ്ചീനമായി ഘടിപ്പിച്ച എൽഇഡി ടെയിൽ ലാംപുകളുമുണ്ട്. ബ്രസീലിയൻ വിപണിയിൽ ഏഴ് സീറ്റ് മോഡൽ മാത്രമാണുള്ളതെങ്കിൽ ഇന്ത്യൻ വിപണിയിൽ 6 സീറ്റ് പതിപ്പുമുണ്ടാകും.
എന്തൊക്കെ ഫീച്ചറുകൾ
വെന്റിലേറ്റഡ് സീറ്റ്, പനോരമിക് സൺറൂഫ്, വലുപ്പമേറിയ 10.1 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങി പരിഷ്കരിച്ച കോംപസിലെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം മെറിഡിയനിലും ഉണ്ടാവും. കൂടുതൽ ആഡംബര പ്രതീതിക്കായി ഉയർന്ന ഗുണമേന്മയുള്ള സാമഗ്രികൾ ഉപയോഗിച്ചാവും ഇന്റീരിയർ രൂപകൽപന. മൂന്നാം നിര സീറ്റ് എത്തുന്നതോടെ ഡ്രൈവർക്കു പുറമേ, ക്യാപ്റ്റൻ സീറ്റെങ്കിൽ ആറും ബെഞ്ച് സീറ്റെങ്കിൽ ഏഴും യാത്രക്കാർക്ക് ഇടമുണ്ടാവും.
എൻജിൻ
ബ്രസീലിയൻ വിപണിയിലെത്തുന്ന വാഹനത്തിന്റെ എൻജിൻ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും തുടക്കത്തിൽ രണ്ടു ലീറ്റർ ഡീസൽ എൻജിനും പിന്നീട് 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനും മെറിഡിയനുണ്ടാകും. കോംപസിലെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിന്റെ കരുത്തേറിയ വകഭേദമാവും മെറിഡിയനിൽ എന്നാണ് പ്രതീക്ഷ. കോംപസിലെ 170 ബിഎച്ച്പിക്കു പകരം 200 ബിഎച്ച്പിയോളം കരുത്ത് സൃഷ്ടിക്കുംവിധമാവും ഈ എൻജിന്റെ ട്യൂണിങ് എന്നു കരുതുന്നു. ഒൻപതു സ്പീഡ്, ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് മാത്രമാവും ട്രാൻസ്മിഷൻ സാധ്യത.
മികച്ച മലിനീകരണ നിയന്ത്രണത്തിനും ഉയർന്ന ഇന്ധനക്ഷമതയ്ക്കുമായി ബെൽറ്റ് ഡ്രിവൺ സ്റ്റാർട്ടർ ജനറേറ്റർ (ബിഎസ്ജി) സഹിതം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മെറിഡിയനിലുണ്ടാവും. മെറിഡിയന്റെ വില സംബന്ധിച്ച സൂചനകളൊന്നും ലഭ്യമല്ല. കോംപസിനു മൂന്നാം നിര സീറ്റോടെ, ജീപ്പ് എച്ച് സിക്സ് എന്ന കോഡ് നാമത്തിലാണ് എസ്‌യുവി വികസിപ്പിച്ചത്.
English Summary: Jeep Meridian full reveal on March 29, Launch in May