സൺറൂഫ് ഉൾപ്പെടെ പ്രീമിയം സൗകര്യങ്ങളുമായി ബ്രെസ എത്തും
Mail This Article
കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കിയുടെ പോരാളിയായ ബ്രെസ മുഖം മിനുക്കിയെത്തുന്നു. ചെറു എസ്‌യുവി വിഭാഗത്തിൽ മത്സരം കടുത്തതോടെയാണ് കാതലായ മാറ്റങ്ങളുമായി ബ്രെസ എത്തുന്നത്. ജൂൺ അവസാനത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന് അടിമുടി രൂപമാറ്റങ്ങളുണ്ടെന്ന് പാപ്പരാസികൾ പകർത്തിയ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. പുറത്തിറക്കുന്നതിന് മുന്നോടിയായി പുതിയ വാഹനത്തിന്റെ നിർമാണം മാരുതി ആരംഭിച്ചെന്നും വാർത്തകളുണ്ട്.
പ്ലാറ്റ്ഫോമിൽ മാറ്റമില്ലെങ്കിലും ഉള്ളിലും പുറമെയും കാര്യമായ പുതുക്കലുകൾ ഉണ്ടായിട്ടുണ്ട്. പിന്നിലെ രൂപം പൂർണമായി മാറിയാണ് വാഹനം വിപണിയിൽ എത്തുകയെന്ന് കമ്പനി വൃത്തങ്ങളും സൂചിപ്പിക്കുന്നു.
ഉള്ളിൽ വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനങ്ങൾ, വയർലെസ് ചാർജിങ്, സൺറൂഫ് എന്നിവയടങ്ങിയ പ്രീമിയം ക്രമീകരണങ്ങളുണ്ട്.
ഓട്ടമാറ്റിക് വകഭേദങ്ങൾക്ക് പാഡ്ൽ ഷിഫ്റ്റും ഒരുക്കിയിട്ടുണ്ട്. ക്യാബിൻ പുനർനിർമിച്ചതിനൊപ്പം പ്ലാസ്റ്റിക് ഭാഗങ്ങളുടെ നിലവാരത്തിലും പുതുമയുണ്ടാകും. എൻജിനും ഗിയർബോക്സ് സംവിധാനത്തിനും നിലവിലെ വാഹനത്തിൽ നിന്നു മാറ്റമുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.
English Summary: Maruti Suzuki Brezza New Model Production Starts