ഹൈബ്രിഡ് എൻജിൻ, ഉയർന്ന ഇന്ധനക്ഷമത; പുതിയ ബ്രെസ എത്തും ജൂൺ 30ന്
Mail This Article
വലിയ മാറ്റങ്ങളും മികച്ച ഫീച്ചറുകളുമായി പുതിയ ബ്രെസ ജൂൺ 30ന് വിപണിയിലെത്തും. വിറ്റാര ഒഴിവാക്കി ബ്രെസ എന്ന പേരിലാകും കോംപാക്ട് എസ്‍യുവി എത്തുക. പൂർണമായും മാറ്റങ്ങൾക്ക് വിധേയമായ മുൻഭാഗവും പിൻഭാഗവും പുതിയ എസ്‍യുവിക്ക് മുതൽക്കൂട്ടാകുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. 1.5 ലീറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിനുമായി എത്തുന്ന കാറിന് ഉയർന്ന ഇന്ധനക്ഷമതയുമുണ്ട് എന്നാണ് കരുതുന്നത്.
∙ കൂടുതൽ സ്പോർട്ടി, സ്റ്റൈലിഷ്
മുന്നിലും പിന്നിലുമായി ധാരാളം മാറ്റങ്ങൾ പുതിയ ബ്രെസയിലുണ്ട്. ഗ്രിൽ, ബംബർ, ഹെഡ്‌ലൈറ്റ് ഡിസൈൻ എന്നിവയിൽ പുതുമയുണ്ടാകും. റീഡിസൈൻ ചെയ്ത ക്ലാംഷെൽ സ്റ്റൈൽ ഹുഡ്, പുതിയ മുൻ ഫെൻഡറുകൾ എന്നിവയുമുണ്ട്. ആദ്യ തലമുറയുടെ പ്ലാറ്റ്ഫോമും ബോഡി ഷെല്ലും ഡോറുകളും നിലനിർത്തിയാണ് പുതിയ രൂപം നൽകുന്നത്. പിന്നിൽ റീഡിസൈൻഡ് ടെയിൽ ലാംപുകളും ബംബറുമാണ്.
∙ പുതിയ ഇന്റീരിയർ, കൂടുതൽ സ്ഥലം
നിലവിലെ ബ്രെസയിൽ സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഇന്റീരിയറുകളിലൊന്നാണ്. മാരുതി അത് കൂടുതൽ അപ്മാർക്കറ്റ് ആക്കുകയാണ് പുതിയ മോഡലിലൂടെ. സീറ്റുകളും ഇന്റീരിയറിലും വളരെ അധികം മാറ്റങ്ങളുണ്ടാകും. പ്രീമിയം ലുക്കുള്ള ഡാഷ്ബോർഡും പുതിയ സെന്റർ കൺസോളും ഇൻസ്ട്രുമെന്റ് പാനലും ഫ്രീ സ്റ്റാന്റിങ് ടച്ച് സ്ക്രീനുമാണ് വാഹനത്തിന്. കൂടാതെ സ്വിഫ്റ്റിലെ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീലും ലഭിച്ചിട്ടുണ്ട്.
∙ കണക്ടിവിറ്റി ഫീച്ചറുകൾ
കണക്ടിവിറ്റി ഫീച്ചറുകളാണ് ബ്രെസയുടെ പ്രധാന എതിരാളികളായ സോണറ്റിനേയും വെന്യുവിനേയും വ്യത്യസ്തമാക്കുന്നത്. ഇവരോട് നേരിട്ട് മത്സരിക്കാൻ സിം അടക്കമുള്ള കണക്ടിവിറ്റി ഫീച്ചറുകള്‍ പുതിയ ബ്രെസയിലുണ്ട്. റിയൽ ടൈം ട്രാക്കിങ്, ജിയോ ഫെൻസിങ്, ഫൈൻഡ് യുവർ കാർ തുടങ്ങിയ സാങ്കേതിക വിദ്യകളും പുതിയ ബ്രെസയിലുണ്ടാകും. കൂടാതെ സൺറൂഫ്, പാഡിൽ ഷിഫ്റ്റ്, വയർലെസ് ചാർജിങ്, വയർലെസ് ആപ്പിൾ കാർപ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമുണ്ട്.
∙ സുരക്ഷ
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സ്വന്തമാക്കിയ കാറാണ് ബ്രെസ. പുതിയ മോഡലിലും സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്ഫോമിലാണ് കാറിന്റെ നിർമാണം. കൂടാതെ കൂടുതൽ എയർബാഗുകൾ, റീഇൻഫോഴ്സ് ചെയ്ത സ്ട്രക്ച്ചർ തുടങ്ങിയവയും പുതിയ വാഹനത്തിൽ പ്രതീക്ഷിക്കാം.
∙ വില, വിപണിയിലെത്തുന്നത്
നിലവിലെ വിറ്റാര ബ്രെസയെക്കാൾ വില കൂടുതലായിരിക്കും പുതിയ വാഹനത്തിന് എന്നാണ് പ്രതീക്ഷ. മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളിൽ എസ്‌യുവി വിപണിയിലെത്തും.
English Summary: Maruti Suzuki Brezza Launch, Price Announcement in June 30