അൺലിമിറ്റഡായ യാത്രകൾക്ക് ജീപ്പ്; മെറിഡിയൻ സ്വന്തമാക്കി അനിൽ രാധാകൃഷ്ണ മേനോൻ
Mail This Article
മലയാളികൾക്ക് വ്യത്യസ്തമായ കാഴ്ച അനുഭവം സമ്മാനിച്ച സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ. നോർത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ദിവാൻജിമൂല ഗ്രാൻഡ് പിക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കവർന്ന സംവിധായകന്റെ യാത്രകൾക്ക് കൂട്ടായി ജീപ്പിന്റെ കരുത്തൻ എസ്‍യുവി മെറിഡിയൻ. കൊച്ചിയിലെ ജീപ്പ് വിതരണക്കാരായ പിനാക്കിൾ ജീപ്പിൽ നിന്നാണ് മെറിഡിയന്റെ ലിമിറ്റഡ് ഓപ്ഷൻ 4x2 വാങ്ങിയത്. ഏകദേശം 34.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ജീപ്പ് മെറിഡിയൻ
ജീപ്പിന്റെ പ്രീമിയം എസ്‍യുവിയായ മെറിഡിയൻ മെയ് അവസാനമാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. രണ്ടു വേരിയന്റുകളിലായി മാനുവൽ, ഓട്ടമാറ്റിക്ക്, ഫോർവീൽ ഡ്രൈവ് മോഡുകളിൽ വാഹനം ലഭിക്കും. ഇന്ത്യക്കായി എൻജിനീയറിങ് ചെയ്ത് ഡിസൈൻ ചെയ്യുന്ന ജീപ്പിന്റെ ആദ്യ ത്രീ റോ എസ്‍യുവിയാണ് മെറിഡിയൻ.
കോംപസ് പുറകോട്ട് വലിച്ചു നീട്ടിയ വാഹനമല്ല മെറിഡിയൻ. ബോഡി പാനലുകൾ അടക്കം കാര്യമായ മാറ്റങ്ങളുണ്ട്. 36.4 സെന്റിമീറ്റർ നീളം വെറുതെ പിൻ ഭാഗം പുറകോട്ടു നീട്ടിപ്പിടിച്ചതല്ല. വീൽ ബേസിൽ ഗണ്യമായ വർധന വരുത്തിയാണ് സാധിച്ചിരിക്കുന്നത്. 278.2 സെ.മീ. വീൽബേസ്; കോംപസിനെക്കാൾ 14.5 സെ.മീ. കൂടുതൽ. ഇതോടെ ഈ വിഭാഗത്തിൽ ഏറ്റവുമധികം വീൽ ബേസുള്ള വാഹനമായി മെറിഡിയൻ. ഫോർച്യൂണറിലും ഗ്ലോസ്റ്ററിലും അധികം. ഈ അധിക വീൽ ബേസ് ജീപ്പിന്റെ ഉന്നതശ്രേണിയിലുള്ള ഗ്രാൻഡ് ചെറോക്കിക്കൊപ്പം റോഡ് സാന്നിധ്യവും കയ്യൊതുക്കവും ഗാംഭീര്യവും മെറിഡിയനു നൽകുന്നു.
പുത്തൻ മോഡലുകളായ ഗ്രാൻഡ് ചെറോക്കീ, ഗ്രാൻഡ് വാഗണീർ എന്നിവയിലെപ്പോലെ നീളമേറിയ വാതിലുകളാണ് മെറിഡിയനിലും. 80 ഡിഗ്രിവരെ തുറക്കാവുന്ന പിൻ ഡോറുകളാണ്. മികച്ച ഗ്രില്ലും മനോഹര ഹെഡ്‌ലാംപും മുന്നിലെ ഭംഗി വർധിപ്പിക്കുന്നുണ്ട്. പിൻ ടെയിൽ ഗേറ്റിൽ തിരശ്ചീനമായി ഘടിപ്പിച്ച എൽഇഡി ടെയിൽ ലാംപുകളുമുണ്ട്.
ഡാഷ് ബോർഡും ഘടകങ്ങളും കോംപസിനു തുല്യം. എന്നാൽ തവിട്ടും കറുപ്പും ക്രോമിയവും കലർന്ന ഫിനിഷ് കാഴ്ചയിൽ വ്യത്യസ്തതയേകുന്നു. പ്രീമിയം ലുക്ക് നൽകുന്ന ക്രോം ലൈനുകളും സ്റ്റിച്ച്ഡ് ലെതർ ഫിനിഷുകളുമുണ്ട്. മുൻ സീറ്റുകൾ വെന്റിലേറ്റഡാണ്. കോംപസിലെ 10.25 ഇഞ്ച് ഇൻസ്ട്രമെൻറ് ക്ലസ്റ്ററും 10.1 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മെറിഡിയനിലുമുണ്ട്. സെഗ്‌മെന്റിൽ ആദ്യം അവതരിപ്പിക്കുന്ന നിരവധി ഫീച്ചറുകൾ അടക്കം 60 ൽ അധികം സുരക്ഷാ, സെക്യൂരിറ്റി ഫീച്ചറുകളുമായാണ് മെറിഡിയൻ എത്തുന്നത്. അടിസ്ഥാന വകഭേദം മുതൽ 6 എയർബാഗുകള്‍, പ്രീടെൻഷനർ ഡ്രൈവർ, പാസഞ്ചർ സീറ്റ്ബെൽറ്റ് എന്നിവയുണ്ട്. കൂടാതെ ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഫാഡിങ് ബ്രേക്ക് സപ്പോർട്ട്, റെഡി അലേർട്ട് ബ്രേക്ക്, റെയിൻ അസിസ്റ്റ് ബ്രേക്ക്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടമാറ്റിക് വെഹിക്കിൾ ഹോൾഡ് തുടങ്ങി 60 ൽ അധികം സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിലുള്ളത്.
തുടക്കത്തിൽ ഡീസൽ എൻജിനോടെ മാത്രമാണ് മെറിഡിയൽ വിപണിയിൽ എത്തുക. രണ്ടു ലീറ്റർ, നാലു സിലിണ്ടർ ടർബോ ഡീസൽ എൻജിന്‍. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 10.8 സെക്കൻഡ്. ഉയർന്ന വേഗം 198 കിലോമീറ്റർ. 9 സ്പീഡ് ഓട്ടമാറ്റിക്, 6 സ്പീഡ് മാനുവൽ ഗിയർബോക്സുകൾ. നാലു വീൽ ഡ്രൈവ്, രണ്ട് വീൽ ഡ്രൈവ് മോഡലുകളിൽ ലഭിക്കും. ഏതു റോഡിലും മികച്ച യാത്രാസുഖം നല്‍കുന്ന നിർമാണ നിലവാരമാണ് മെറിഡിയന്.
English Summary: Anil Radhakrishna Menon Bought Jeep Meridian