പഴയ ഇന്നോവയും പുതിയ ഹൈക്രോസും: പ്രധാന മാറ്റങ്ങൾ എന്തൊക്കെ?
Mail This Article
ഇന്നോവയുടെ പുതിയ വകഭേദം സെനിക്സ് കഴിഞ്ഞ ദിവസമാണ് ഇന്തൊനീഷ്യൻ വിപണിയിലെത്തിയത്. അടുത്ത ദിവസം തന്നെ ഇന്ത്യൻ വിപണിയിലും വാഹനം പ്രദർശിപ്പിക്കും. ഇന്നോവ ക്രിസ്റ്റയിൽനിന്ന് ഹൈക്രോസിൽ എത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് വാഹനത്തിലുള്ളത്? അടുത്തറിയാം.
പുറംഭാഗത്ത് മാറ്റങ്ങള്‍ എന്തൊക്കെ ?
ക്രിസ്റ്റയിൽനിന്ന് ഹൈക്രോസിലേക്ക് എത്തുമ്പോൾ ഏറെ മാറ്റങ്ങളുണ്ട്. ഇരുവാഹനങ്ങളിലും ഹെക്സഗണൽ ഗ്രില്ലാണെങ്കിലും സെനിക്സിന്റെ ഗ്രിൽ ഹണികോംബ് ഫിനിഷാണ്. ഇരുമോഡലുകളിലും അധികം വലുപ്പമില്ലാത്ത റാപ് എറൗണ്ട് ടെയിൽ ലാംപാണ്. സെനിക്സിലേത് എൽഇഡി ഹെഡ്‌ലാംപ് യൂണിറ്റാണ്. സെനിക്സ് അല്ലെങ്കിൽ ഹൈക്രോസിന്റെ മുൻ ബംപറിൽ ചെറിയ എയർ ഇൻടേക്കുകളും ഡേടൈം റണ്ണിങ് ലാംപുകളുമുണ്ട്. ക്രിസ്റ്റയിൽ എയർ ഇൻടേക്കുകളുടെ സ്ഥാനത്ത് ഇൻഡിക്കേറ്ററുകളായിരുന്നു. വശങ്ങളിൽ സെനിക്സിന് മസ്കുലർ ലൈനുകളുണ്ട്. ടെയിൽ ലാംപുകളിൽ അവസാനിക്കുന്ന തരത്തിലുള്ള ലൈനാണ് അതിൽ പ്രധാനം. റാപ്പ് എറൗണ്ട് ടെയിൽ ലാംപാണ് പിന്നിൽ. ബംപറിലും ബോഡിയിലുമായി ചേർന്ന് ലൈനുകളും നൽകിയിട്ടുണ്ട്.
വലുപ്പം കൂടിയിട്ടുണ്ടോ?
ഇന്നോവ ക്രിസ്റ്റയെക്കാൾ വലുപ്പം കൂടുതലുണ്ട് സെനിക്സിന്. 4755 എംഎം നീളവും 1850 എംഎം വീതിയുമുണ്ട്. ക്രിസ്റ്റയുടെ നീളം 4735 എംഎമ്മും വീതി 1830 എംഎമ്മും. ഉയരം രണ്ടു വാഹനത്തിനും 1795 എംഎം തന്നെ. വീൽബെയ്സിന്റെ കാര്യത്തിൽ ക്രിസ്റ്റയെക്കാൾ 100 എംഎം മുന്നിലാണ് സെനിക്സ് – 2850 എംഎം
ഉള്ളിൽ എന്തൊക്കെ?
ഉള്ളിൽ അടിമുടി പുതിയതാണ് സെനിക്സ്. 10 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിങ് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റമാണ് അതിൽ പ്രധാനം. കൂടാതെ എസി വെന്റുകളിലും ഡാഷ്ബോർഡിലും മീറ്റർ കൺസോളിലും സ്റ്റിയറിങ്ങിലും ഗീയർ ലിവറിലുമെലാം മാറ്റങ്ങൾ കാണാം. വിവിധ ലെയറുകളായി രൂപപ്പെടുത്തിയ ഡാഷ്ബോർഡ്. 4.2 ഇഞ്ചാണ് മീറ്റർ കൺസോളിലെ മൾട്ടി ഇൻഫർമേഷൻ സിസ്റ്റം. പനോരമിക് സൺറൂഫാണ് വാഹനത്തിന്. ആദ്യമായാണ് ഇന്നോവയില്‍ സൺറൂഫ് വരുന്നത്. രാജ്യാന്തര വിപണിയിലെ വോക്സി എംപിവിയുടെ സ്റ്റിയറിങ് കോളവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി അടുത്ത സാമ്യം വാഹനത്തിനുണ്ട്. കൂടാതെ ടച്ച് സെൻസിറ്റീവ്, എച്ച്‌വിഎസി കൺട്രോൾ, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിങ് തുടങ്ങിയവ സെനിക്സിനെ വ്യത്യസ്തനാക്കുന്നു.അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (എഡിഎഎസ്) സംവിധാനമുള്ള, ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനമായിരിക്കും ഹൈക്രോസ്.
കൂടുതൽ സുരക്ഷ
ടൊയോട്ട സേഫ്റ്റി സെൻസ് 3.0 യുമായാണ് സെനിക്സ് എത്തിയത്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലൈൻ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈ–ബീം അസിസ്റ്റ് എന്നിവ അടങ്ങിയ ഈ സാങ്കേതിക വിദ്യ ഇന്ത്യൻ മോഡലിലും എത്തിയേക്കാം. കൂടാതെ 6 എയർബാഗുകൾ, മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും.
ഡീസൽ ഇല്ല, പകരം ഹൈബ്രിഡ്
ക്രിസ്റ്റയിൽ 2.7 ലീറ്റർ പെട്രോൾ, 2.4 ലീറ്റർ ഡീസൽ എൻജിനുകളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ സെനിക്സിൽ രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളാണ്. ഡീസൽ എൻജിനു പകരം ഇന്ധനക്ഷമത കൂടിയ 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ. ഹൈബ്രിഡ് പതിപ്പിന് 20 മുതല്‍ 23 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്തിടെ വിപണിയിലെത്തിയ ടൊയോട്ട ഹൈറൈഡറിന്റെ അതേ സാങ്കേതികവിദ്യ തന്നെയായിരിക്കും പുതിയ മോഡലിനും. പെട്രോൾ എൻജിന് 174 ബിഎച്ച്പി കരുത്തും പെട്രോൾ ഹൈബ്രിഡിന് 186 എച്ച്പി കരുത്തുമുണ്ട്.
English Summary: Toyota Innova Hycross vs Innova Crysta: New vs Old