102 ശതമാനം വളർച്ച, വിൽപന കണക്കിൽ കുതിച്ചു ചാടി സ്കോഡ ഇന്ത്യ
Mail This Article
വിൽപന കണക്കുകളിൽ വൻ കുതിച്ചു ചാട്ടം നടത്തി സ്കോഡ ഇന്ത്യ. കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് 102 ശതമാനം വളർച്ചയാണ് കഴിഞ്ഞ മാസം സ്കോഡ നേടിയത്. 4433 കാറുകളാണ് ഈ നവംബറിൽ സ്കോഡ ഇന്ത്യ വിറ്റത്. ഈ വർഷം 50000 കാർ എന്ന സ്വപ്ന നേട്ടത്തിന് അരികെയെത്തി എന്നും സ്കോഡ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ സ്കോഡ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അധികം വാർഷ വിൽപന റെക്കോർഡ് തിരുത്തിയിരുന്നു. 2022 ലെ ആദ്യ എട്ടുമാസത്തെ വിൽപന കണക്കുകൾ മാത്രം നോക്കിയപ്പോൾ 37568 വാഹനങ്ങളാണ് സ്കോഡ നിരത്തിലെത്തിച്ചത്. ഇതിന് മുമ്പ് ഇത്രയും അധികം വിൽപന ലഭിച്ചത് 2012ൽ ആയിരുന്നു. 34687 യൂണിറ്റായിരുന്നു അന്നത്തെ വിൽപന.
ഇതോടെ സ്കോഡയുടെ ഏറ്റവും അധികം വാഹനങ്ങൾ വിൽക്കുന്ന മൂന്നാമത്ത വിപണിയായും മാറി ഇന്ത്യ. ജർമനിയും ജന്മനാടായ ചെക് റിപ്പബ്ലിക്കുമാണ് ആദ്യ സ്ഥാനങ്ങൾ പങ്കുടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, രണ്ടിരട്ടി വിൽപന നേടിയെന്നാണ് സ്കോഡ പറയുന്നത്. കഴിഞ്ഞ ജൂണിൽ സ്കോഡ റെക്കോർഡ് വിൽപന നേടിയിരുന്നു. 6023 യൂണിറ്റായിരുന്നു 2022 ജൂണിലെ വിൽപന. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷമെത്തിയ കുഷാക്കും ഈ വർഷം ആദ്യമെത്തിയ സ്ലാവിയയും പ്രീമിയം സെഡാനുകളായ ഓക്ടാവിയയും സൂപ്പർബും മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ച വയ്ക്കുന്നത് എന്നാണ് സ്കോഡ അറിയിക്കുന്നത്.
English Summary: Skoda Auto India Register 102 Percentage Growth in November