ADVERTISEMENT

ഓരോ ദിവസവും വാഹന വിപണിയുമായി ബന്ധപ്പെട്ട വലിയ നേട്ടങ്ങളാണ് ഇന്ത്യ കൈവരിക്കുന്നത്. ആഗോള തലത്തിൽ തന്നെ ഇന്ത്യൻ വിപണിയെക്കുറിച്ച് ചർച്ചകൾ വ്യാപകമാകുകയാണ്. ഇതേ സമയത്താണ് ഹാർലി ഡേവിഡ്സണിൽ പാൽ വിൽക്കുന്ന ഇന്ത്യൻ യുവാവിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ ഇന്ത്യയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നാണ് ലോകത്തിലെ വിവിധ വാഹനവിദഗ്ധർ വിലയിരുത്തുന്നത്. ഇതിനെ കൂടുതൽ ശക്തമായി ഉറപ്പാക്കുകയാണ് യുവാവിന്റെ വിഡിയോ. ഹാർലി ഡേവിഡ്സൺ ക്രൂസർ ബൈക്കിൽ ഫുഡ് ഡെലിവറി നടത്തുന്ന കേരളത്തിലെ യുവാവും കുറച്ചുനാൾ മുൻപ് വാഹന വിപണിയിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ‘ഇന്ത്യൻ ധൂത് വാലാ’ വാർത്തകളിൽ ഇടം നേടുന്നത്.

 

ഗുജറാത്ത് മേഖലയിൽ നിന്നുള്ള യുവാവിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലുള്ളത്. ആഡംബര ക്രൂസറിൽ പിന്നിൽ പാൽപാത്രങ്ങളും അനുബന്ധ സാമഗ്രിയുമായാണ് യുവാവിന്റെ യാത്ര. കറുത്ത നിറത്തിലുള്ള ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് സീരിസ് ബൈക്കിൽ നമ്പർ പ്ലേറ്റിൽ ഗുർജർ എന്ന് എഴുതിയിരിക്കുന്നതും കാണാം. കമ്യൂട്ടർ യാത്രകൾക്ക് ഒട്ടും ഇണങ്ങാത്ത ഈ വാഹനത്തിൽപാൽ വിതരണം ചെയ്യുന്നത് അദ്ഭുതമാണെന്ന് നെറ്റിസൺസ് കുറിക്കുന്നു.

 

ഒരു വീട്ടിൽ നിന്ന് വലിയ പാത്രങ്ങൾ ഘടിപ്പിച്ച ബൈക്കിൽ യുവാവ് വേഗത്തിൽ ഓടിച്ചുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. അമിത് ഭടാന 3000 എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയുടെ താഴെയുള്ള കമന്റുകളും ഏറെ രസകരമാണ്. ‘സാധാരണക്കാർ റൈഡ് ചെയ്യാൻ 10 വട്ടം ചിന്തിക്കുന്ന സമയം ഇത്തരമൊരു ബൈക്കിൽ പാൽ വിൽക്കുന്നവൻ യാരെഡാ’ എന്ന വിധത്തിലാണ് കമന്റുകളിൽ ഏറെയും. യുവാവിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് വെബ്‌ലോകം.

 

നിലവിൽ ഇന്ത്യൻ വിപണിയിൽ നിന്നു ഭാഗികമായി പിൻമാറിയ ഹാർലിയുടെ ബൈക്കുകൾ വിപണിയിലെത്തിക്കുന്നത് ഹീറോ ബ്രാൻഡാണ്. ഹാർലി ബ്രാൻഡ് നാമത്തിൽ പ്രീമിയം മോട്ടർസൈക്കിളുകൾ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നതിനുള്ള പങ്കാളിയാണ് ഹീറോ. ഹീറോ – ഹാർലി കൂട്ടുകെട്ടിൽ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ വാഹനം എത്തുമെന്ന സൂചനകളും നിർമാതാക്കൾ പങ്കുവച്ചിരുന്നു. 2024ൽ ഇത് വിപണിയിലെത്തുമെന്നാണ് സൂചന.

 

English Summary: Man using Harley-Davidson motorcyle worth lakhs to deliver milk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com