ടിയാഗോ ഇലക്ട്രിക്കിന്റെ വില വർധിപ്പിച്ച് ടാറ്റ, 8.69 ലക്ഷം മുതൽ
Mail This Article
ടിയാഗോ ഇലക്ട്രിക്കിന്റെ വില വർധിപ്പിച്ച് ടാറ്റ. പ്രാരംഭ വില കുറവ് അവസാനിപ്പിച്ച് എല്ലാ മോഡലുകൾക്കും 20000 രൂപ വരെയാണ് ടാറ്റ വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ അടിസ്ഥാന വകഭേദത്തിന്റെ വില 8.69 ലക്ഷം രൂപയായി മാറി. വിവിധ വകഭേദങ്ങളിലായി 8.69 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില. ആദ്യ ബുക്ക് ചെയ്യുന്ന 20000 പേർക്കായിരുന്നു പ്രാരംഭ വില കുറവ് ടാറ്റ പ്രഖ്യാപിച്ചത്. ബുക്കിങ് ആരംഭിച്ച് ആദ്യ മാസത്തിൽ തന്നെ 20000 പിന്നിട്ടിരുന്നു. ഇതേ തുടർന്നാണ് വില വർധിപ്പിച്ചിരിക്കുന്നത്.
19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 kW എസി, 7.2 കെവിഎസി എന്നിങ്ങനെ രണ്ടു ചാർജിങ് ഒാപ്ഷനുകളും വാഹനത്തിനുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 കെവിഎസി ചാർജിങ് ഒാപ്ഷൻ മാത്രമേ ലഭിക്കൂ. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്.
ടാറ്റയുടെ സിപ്രോൺ ടെക്നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിൽ എത്താൻ 5.7 സെക്കൻഡ് മാത്രം മതി. 24kW ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 57 മിനിറ്റ് മാത്രം മതി. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി നൽകുന്നത്. 8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം റെയിൻ സെൻസറിങ് വൈപ്പർ കണക്ടഡ് കാർ ടെക്നോളജി എന്നിവ വാഹനത്തിൽ ഉണ്ട്.
English Summary: Tata Tiago EV prices revised; starts at Rs. 8.69 lakh