വില കുറച്ച് എത്തുമോ ചെറിയ ലാൻഡ് റോവർ ഡിഫൻഡർ!
Mail This Article
ലാൻഡ്റോവർ വാഹനനിർമാതാവിന്റെ എക്കാലത്തെയും മികച്ച വാഹനമാണ് ഡിഫൻഡർ. പുറമേ ദൃഢവും ഉള്ളിൽ സൗകര്യങ്ങളേറിയതുമായ ഈ വാഹനത്തെ പുതിയ തലമുറയിലേക്ക് എത്തിക്കുന്ന സമയത്തും സ്വഭാവത്തിലും പ്രകടനത്തിലും ഉൾപ്പെടെ അതിന്റെ പഴയകാലത്തിന്റെ സവിശേഷതകളും ചേർത്താണ് നിർമാതാക്കൾ പുറത്തെത്തിച്ചത്. 2020ൽ പൂർണമായി മുഖംമിനുക്കിയെത്തിയ വാഹനത്തിന്റെ വിപണിയിലെ പ്രകടനം സത്യത്തിൽ നിർമാതാക്കളെ പോലും അദ്ഭുതപ്പെടുത്തിയെന്നതാണ് വാസ്തവം. കമ്പനി അധികൃതർ ഉദ്ദേശിച്ചതിനെക്കാൾ 50 ശതമാനത്തോളം കൂടുതൽ ഡിഫൻഡറുകളാണ് ഇപ്പോൾ നിർമിക്കുന്നത്.
ആരാധകരിലെ ഈ വലിയ വളർച്ച കമ്പനിയെ കൂടുതൽ വിപണന സാധ്യതകളെക്കുറിച്ച് ചിന്തിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഇലക്ട്രിക് ഡിഫൻഡറിനെക്കുറിച്ച് കമ്പനി സൂചനകൾ തന്നിരുന്നു. ഇതിനു പിന്നാലെ ലാൻഡ് റോവറിന്റെ ചെറിയ എസ്‌യുവി മോഡലിന്റെ വിപണി സാധ്യതയെക്കുറിച്ച് പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഒരുങ്ങുന്നുണ്ടെന്നാണ് വാർത്ത.
നിലവിൽ 90, 110, 120 ബോഡിസ്റ്റൈലുകളിൽ വലിയ വാഹനമായാണ് ഡിഫൻഡർ വിപണിയിലെത്തുന്നത്. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സൈസ് 70 ബോഡി സ്റ്റൈലിൽ ഡിഫൻഡർ എത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. ഡിഫൻഡറിന്റെ ഡിസൈൻ സവിശേഷതയായ ബോക്സി രൂപം ചെറുതാക്കി പുനഃസൃഷ്ടിക്കുക എന്നത് പ്രായോഗികമായി അത്ര എളുപ്പമല്ല. എന്നാൽ ഇതേ മികവിൽ ചെറിയ രൂപത്തിൽ വാഹനമെത്തിയാൽ വില എന്ന പ്രതിസന്ധി ഉൾപ്പെടെ സാധാരണക്കാർക്ക് എളുപ്പത്തിൽ മറികടക്കാനാകും. ഡിഫൻഡർ, ഡിസ്കവറി, റേഞ്ച് റോവർ എന്നിങ്ങനെ മൂന്ന് എസ്‌യുവികളും യഥാക്രമം യൂട്ടിലിറ്റി, ഫൺ, ലക്ഷ്വറി എന്നിങ്ങനെയാണ് നിർമിച്ചിട്ടുള്ളത്. ഇവയെല്ലാം ചുരുക്കി ചേർത്ത് ഇവോക്കിനെയും വെലാറിനെയും വിപണിയിൽ മികച്ച മറുപടിയാണ് നിർമാതാക്കൾക്ക് ലഭിച്ചത്. ഒരുപക്ഷെ, ഇതായിരിക്കാം ചെറിയ ഡിഫൻഡർ എന്ന പദ്ധതിയിലേക്ക് നിർമാതാക്കൾ നീങ്ങാൻ കാരണമായത്.
ഇതിനിടെ ഇലക്ട്രിക് പതിപ്പിനെക്കുറിച്ചും സൂചനകളുണ്ട്. ജെഎൽആർ നയിക്കുന്ന വിദേശരാജ്യങ്ങളിൽ ലഭ്യമായ പിഎച്ച്ഇവി വകഭേദങ്ങൾക്ക് 43 കിലോമീറ്റർ റേഞ്ച് ഉള്ള വാഹനങ്ങൾ ഉണ്ട്. എന്നാൽ ഡിഫൻഡറിന്റെ പോലെയുള്ള കാഠിന്യമേറിയ പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ളവയെ ആവാഹിക്കാനുള്ള വലിയ ശേഷിയുള്ള ബാറ്ററിയെക്കുറിച്ച് നിർമാതാക്കൾക്കും ആശങ്കകളുണ്ട്. റേഞ്ച് റോവറിന്റെ പുതിയ എംഎൽഎ ഫ്ലെക്സ് പ്ലാറ്റ്ഫോം ഇവി ഘട്ടത്തിലും ഉപയോഗിക്കാനാകുന്ന വിധം നിർമിച്ചിട്ടുള്ളവയാണ്. ഇതിനാൽ ഫ്ലെക്സ് പ്ലാറ്റ്ഫോമിനെ മുൻനിർത്തിയുള്ള ഇവി ഡിഫൻഡറിനും സാധ്യത രൂപപ്പെടുന്നു. ചെറിയ വാഹനത്തിലൂടെ കൂടുതൽ ജനമനസ്സുകളിലേക്ക് കടന്നുകയറാനുള്ള പദ്ധതികൾ ഏതുവിധത്തിൽ പ്രവർത്തിക്കുമെന്ന് കാലക്രമേണ കണ്ടറിയാം.
English Summary: Land Rover Defender Small Model in Pipeline