ആദ്യ പത്തിൽ ഇടം പിടിച്ച് ഗ്രാൻഡ് വിറ്റാര, മാർച്ചിലെ കൂടുതൽ വിൽപന ഈ കാറുകൾക്ക്
Mail This Article
മാർച്ച് മാസത്തെ വാഹന വിൽപന കണക്കുകൾ പുറത്തുവന്നപ്പോൾ മാരുതി സുസുക്കി തന്നെ ഒന്നാമത്. മാരുതി 132763 കാറുകൾ മാർച്ചിൽ വിറ്റപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 50600 കാറുകൾ. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 44047 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 35976 കാറുകളും അഞ്ചാം സ്ഥാനത്തുള്ള കിയ മാർച്ചിൽ 21501 വാഹനങ്ങളും വിറ്റു. വിപണിയെ മാരുതി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഏറ്റവും അധികം വിൽപനയുള്ള ആദ്യ പത്തു കാറുകളിൽ ഏഴും മാരുതി തന്നെ. ആദ്യ പത്തിൽ ഇടംപിടിച്ച കാറുകൾ ഏതൊക്കെയെന്നു നോക്കാം
ഒന്നാം സ്ഥാനത്ത് മാരുതിയുടെ ഹാച്ച്ബാക്ക് സ്വിഫ്റ്റാണ്. 17559 യൂണിറ്റാണ് വിൽപന കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 29 ശതമാനമാണ് വളർച്ച 2022 മാർച്ചിൽ 13623 യൂണിറ്റായിരുന്നു വിൽപന. രണ്ടാം സ്ഥാനം വാഗൺ ആറിനാണ്. വിൽപന 17305 യൂണിറ്റ്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വിൽപന കുറവ്. മൂന്നാം സ്ഥാനത്ത് 16227 യൂണിറ്റുമായി മാരുതിയുടെ ചെറു എസ്‍യുവി ബ്രെസ. കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് വിൽപനയിൽ 30 ശതമാനം വളർച്ച. നാലാം സ്ഥാനത്ത് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ്. മാർച്ചിലെ വിൽപന 16168 യൂണിറ്റ്. അഞ്ചാം സ്ഥാനത്ത് ടാറ്റയുടെ ചെറു എസ്‍യുവി നെക്സോണ്‍. വിൽപന 14769 യൂണിറ്റ്.
ഹ്യുണ്ടേയ്‌യുടെ ചെറു എസ്‍യുവി ക്രേറ്റ 14026 യൂണിറ്റ് വിൽപനയുമായി ആറാം സ്ഥാനത്തുണ്ട്. മാരുതി സുസുക്കിയുടെ കോംപാക്റ്റ് സെഡാൻ ഡിസയറാണ് ഏഴാമത്. വിൽപന 13394 യൂണിറ്റ്. മാരുതി ഇക്കോ 11995 യൂണിറ്റുമായി എട്ടാം സ്ഥാനത്തും ടാറ്റ പഞ്ച് 10894 യൂണിറ്റുമായി ഒമ്പതാം സ്ഥാനത്തുമുണ്ട്. അടുത്തിടെ വിപണിയിലെത്തിയ മാരുതിയുടെ എസ്‍യുവി ഗ്രാൻഡ് വിറ്റാരയാണ് ആദ്യ പത്തിലെ പുതുമുഖം. 10045 യൂണിറ്റ് വിറ്റാരയാണ് കഴിഞ്ഞ മാസം മാരുതി വിറ്റത്.
English Summary: Top Selling Cars In India March 2023