അപകടം വിളിച്ചുവരുത്തി സ്പാർക്കിങ് ബേൺ
Mail This Article
ഗാന്ധിനഗർ∙ ബൈക്ക് റേസിലെ അപകടകരമായ സ്പാർക്കിങ് ബേൺ യുവാക്കൾക്കിടയിൽ വ്യാപകമാവുന്നു. അമിതവേഗത്തിൽ പായുന്ന ബൈക്കിന്റെ സ്റ്റാൻഡ് റോഡിലേക്കു ചവിട്ടിത്താഴ്ത്തി തീപ്പൊരി ഉണ്ടാക്കുന്ന സാഹസിക രീതിയാണിത്. കോട്ടയത്തെ പുത്തൻ റോഡുകളിലാണ് ജീവൻ പണയം വച്ചുള്ള ഈ അപകടക്കളി. മറ്റുള്ളവർക്കു കൂടി അപകടകരമാകുന്ന വിധത്തിൽ വാഹനങ്ങൾ ഓടിക്കുന്ന ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
എന്താണ് സ്പാർക്കിങ് ബേൺ
സ്പാർക്കിങ് ഡ്രൈവ്, മിന്നൽ റൈഡ്, റോഡ് ഫയർ എന്നിങ്ങനെ വിവിധ പേരുകളിൽ യുവാക്കൾക്കിടയിൽ അറിയപ്പെടുന്ന അപകടകരമായ ഡ്രൈവിങ് ആണ് സ്പാർക്കിങ് ബേൺ. അമിത വേഗത്തിൽ പോകുന്ന ബൈക്കിന്റെ സൈഡ്, സെൻട്രൽ സ്റ്റാൻഡുകൾ ഒരാൾ റോഡിലേക്കു ചവിട്ടിപ്പിടിച്ചു തീപ്പൊരി ഉണ്ടാക്കുന്നതാണു രീതി.
അപകടകരമായ മറ്റു റേസുകൾ
റോഡുകളിൽ ഇത്തരം ബൈക്ക് റേസുകൾ ബൈക്ക് ഓടിക്കുന്നവരുടെ മാത്രമല്ല, മറ്റുള്ളവർക്കു കൂടി അപകടം വരുത്തിവയ്ക്കും
വീലി– റോഡിൽ തൊടാതെ മുൻചക്രം പൊക്കി ബൈക്ക് ഓടിക്കുന്ന രീതി.
സ്റ്റോപ്പെൻഡ്– വാഹനം പരമാവധി വേഗത്തിൽ ഓടിച്ചു കയറുക.
സ്റ്റോപ്പി– അമിത വേഗത്തിൽ വരുന്ന ബൈക്ക് മുൻ ബ്രേക്ക് മാത്രം പിടിച്ചു പിൻവശം പൊക്കി നിർത്തുന്നത്.
ഹാൻഡ് ഡ്രാക് – മുൻ ടയർ നിലത്തു തൊടാതെ ഉയർത്തി ഓടിക്കുന്നതിനൊപ്പം ഒരു കൈ റോഡിൽ മുട്ടിക്കുന്ന രീതി.
കോർണർ കട്ട്– വളവുകളിൽ വാഹനം റോഡിൽ പരമാവധി ചെരിച്ചു വളയ്ക്കുന്ന രീതി.
കട്ട് ഔട്ട്– റേസ് ചെയ്യുന്നതിനിടെ എൻജിൻ ഓൺ–ഓഫ് ചെയ്തു ശബ്ദമുണ്ടാക്കുക.
അമിത വേഗത്തിൽ പോകുന്ന വാഹനത്തിന്റെ സ്റ്റാൻഡുകൾ ചവിട്ടിത്താഴ്ത്തുമ്പോൾ റോഡിലെ ഒരു മെറ്റൽ കഷണത്തിൽ തട്ടിയാൽ പോലും നിയന്ത്രണം നഷ്ടമാകും. വാഹനത്തിന്റെ ഓയിലോ പെട്രോളോ ലീക്ക് ആണെങ്കിൽ തീപിടിക്കാനും സാധ്യത ഏറെയാണ്.
പി.എൽ.മണിക്കുട്ടൻ– മെക്കാനിക്, എം ആൻഡ് എസ് ടൂവീലർ വർക്ക് ഷോപ് ഏറ്റുമാനൂർ
സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ല. ഗൗരവമായി അന്വേഷിക്കും. അപകടകരമായി വാഹനം ഓടിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും.
ബി. അഷോ കുമാർ– മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ, ആർടിഒ എൻഫോഴ്സ്മെന്റ്, കോട്ടയം
ബൈക്ക് റേസിൽ ഏതുനിമിഷവും അപകടം ഉണ്ടാകാം. അതിനാൽ റൈഡർക്കു പ്രത്യേക പരിശീലനം ആവശ്യമാണ്. റേസിങ്ങിനു പ്രത്യേക ട്രാക്ക് ആണ് ഉപയോഗിക്കേണ്ടത്. ഇത്തരം ട്രാക്കിൽ അപകടം ഉണ്ടായാൽപോലും ആഘാതം കുറയും. തിരക്കുള്ള റോഡുകളിൽ റേസ് നടത്തുന്നത് മറ്റുള്ളവരെക്കൂടി അപകടത്തിലാക്കും. അഭ്യസപ്രകടനങ്ങൾ പിന്നാലെ വന്ന വാഹനങ്ങളെ അപകടപ്പെടുത്തിയ സംഭവങ്ങൾ ഏറെയാണ്. യഥാർഥ റൈഡർ പൊതുറോഡുകളെ ആശ്രയിക്കില്ല.
ആനന്ദ് സുരേഷ്– റൈഡർ, ബുള്ളറ്റ് ക്ലബ്, കോട്ടയം
English Summary: Youth Perform Dangerous Bike Stunt On Roads