179 ശതമാനം വളർച്ച; വൈദ്യുത കാർ വിൽപനയിൽ ടാറ്റ ഒന്നാമൻ
Mail This Article
ഇന്ത്യന്‍ വിപണിയില്‍ ഒരു മാസം ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി ടാറ്റ മോട്ടോഴ്സ്. ഏപ്രിലില്‍ 6,516 വൈദ്യുത കാറുകളാണ് ടാറ്റ ഇന്ത്യയില്‍ വിറ്റത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനി ഇത്രയേറെ വൈദ്യുത കാറുകള്‍ വില്‍ക്കുന്നത്. എംജി, ഹ്യുണ്ടേയ് എന്നിങ്ങനെയുള്ള എതിരാളികളേക്കാള്‍ വൈദ്യുത കാര്‍ വില്പനയില് ഏറെ മുന്നിലാണ് ടാറ്റ മോട്ടോഴ്സ്.
ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്സണ്‍ ഇവി എന്നീ മോഡലുകളാണ് ടാറ്റയുടെ വൈദ്യുത കാര്‍ വില്പനയില് മുന്നിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോവുന്ന വൈദ്യുത കാര്‍ ടാറ്റ നെക്സണ്‍ ഇവിയാണ്. മാര്‍ച്ചില്‍ 6,506 കാറുകള്‍ വിറ്റ ടാറ്റ മോട്ടോഴ്സ് ഏപ്രിലില്‍ 6,516 വൈദ്യുത കാറുകള്‍ വിറ്റാണ് അടിവെച്ചടിവെച്ച് മുന്നേറുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 179 ശതമാനമാണ് ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുത കാര്‍ വില്പനയില് മുന്നേറ്റമുണ്ടായിരിക്കുന്നത്. 2,333 വൈദ്യുത കാറുകളാണ് കഴിഞ്ഞ വര്‍ഷം ടാറ്റ മോട്ടോഴ്സ് ഇന്ത്യയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ടാറ്റ അവതരിപ്പിച്ച ടിയാഗോ ഇ.വിയാണ് കൂട്ടത്തില്‍ സൂപ്പര്‍ഹിറ്റ്. ആകെ കാര്‍ വില്പനയില് 13 ശതമാനം വൈദ്യുത വാഹനങ്ങളാണ് വിറ്റതെന്നതും ടാറ്റയ്ക്ക് നേട്ടമാണ്. ഇന്ത്യയിലെ കാര്‍ നിര്‍മാണ കമ്പനികള്‍ക്കിടയിലെ ഏറ്റവും മികച്ച വില്പന അനുപാതമാണിത്.
പത്തു ലക്ഷം രൂപയില്‍ കുറഞ്ഞ വിലയിലുള്ള വൈദ്യുത കാര്‍ എന്ന നിലയിലാണ് കഴിഞ്ഞ വര്‍ഷം ടിയാഗോ ഇവിയെ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചത്. 8.69 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം വരെയാണ് വില. അടുത്തിടെ എംജി പുറത്തിറക്കിയ കോമറ്റ് ഇവി മാത്രമാണ് വിലയുടെ കാര്യത്തില്‍ ടിയോഗോ ഇ.വിയുടെ ഇന്ത്യന്‍ വിപണിയിലെ എതിരാളി. എംജി കോമറ്റ് ഇ.വിക്ക് 7.98 ലക്ഷം രൂപയാണ് വില.
രണ്ടു ബാറ്ററി ഓപ്ഷനുകളില്‍ ഏഴു വ്യത്യസ്ത മോഡലുകളിലാണ് ടിയാഗോ ഇവി ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയിരിക്കുന്നത്. 250 കിലോമീറ്റര്‍ മുതല്‍ 315 കിലോമീറ്റര്‍ വരെയാണ് ടിയാഗോ ഇവിയുടെ വ്യത്യസ്ത മോഡലുകളുടെ റേഞ്ച്. 74 എച്ച്പി, 114 എൻഎം പരമാവധി ടോര്‍ക് ഉത്പാദിപ്പിക്കുന്ന ടിയാഗോ ഇവിക്ക് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മതി. പത്തു ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് 57 മിനുറ്റുകൊണ്ട് ചാര്‍ജു ചെയ്യാനും ടിയാഗോ ഇവിക്ക് സാധിക്കും.
English Summary: Tiago EV, Nexon EV help Tata Motors clock highest ever EV Sales in April