നാലു മാസം, 10000 ടിയാഗോ ഇവി; റെക്കോർഡ് നേട്ടം സ്വന്തമാക്കി ടാറ്റ
Mail This Article
പുറത്തിറങ്ങി നാലു മാസം കൊണ്ട് 10000 ടിയാഗോ ഇവികൾ ഉപഭോക്താക്കളിലേക്ക് എത്തിച്ച് ടാറ്റ മോട്ടോഴ്സ്. ഇതോടെ ഏറ്റവും വേഗത്തിൽ 10000 ഇലക്ട്രിക് കാറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ആദ്യ ഇന്ത്യൻ വാഹന നിർമാതാവ് എന്ന നേട്ടവും ടാറ്റയെ തേടി എത്തി.
രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ് ടിയോഗാ ഇവി. വെറും 24 മണിക്കൂറിനുള്ളില്‍ 10,000 ബുക്കിങ്ങ് നേടിയെടുത്ത കാറിന് 2022 ഡിസംബര്‍ ആയപ്പോഴേക്കും 20,000 ബുക്കിങ്ങ് ആണ് ലഭിച്ചത്. വിവിധ വകഭേദങ്ങളിലായി 8.69 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില.
19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 kW എസി, 7.2 കെവിഎസി എന്നിങ്ങനെ രണ്ടു ചാർജിങ് ഒാപ്ഷനുകളും വാഹനത്തിനുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 കെവിഎസി ചാർജിങ് ഒാപ്ഷൻ മാത്രമേ ലഭിക്കൂ. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്.
ടാറ്റയുടെ സിപ്രോൺ ടെക്നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. നോർമൽ മോഡും സ്പോർട്സ് മോഡും എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. ടിയാഗോയ്ക്ക് 60 കിലോമീറ്റർ വേഗത്തിൽ എത്താൻ 5.7 സെക്കൻഡ് മാത്രം മതി. 24kW ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 57 മിനിറ്റ് മാത്രം മതി. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി നൽകുന്നത്. 8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം റെയിൻ സെൻസറിങ് വൈപ്പർ കണക്ടഡ് കാർ ടെക്നോളജി എന്നിവ വാഹനത്തിൽ ഉണ്ട്.
English Summary: Tata Tiago EV crosses 10,000 delivery mark in under four month