ADVERTISEMENT

അടുത്തകാലത്തായി ബൈക്ക് പ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍, എച്ച്-ഡി എക്‌സ് 440 ജൂലൈ മൂന്നിന് ഔദ്യോഗികമായി പുറത്തിറങ്ങും. അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കായിരിക്കും ഇതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ ഹീറോ മോട്ടോകോര്‍പുമായി സഹകരിച്ചാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440 നിര്‍മിക്കുന്നത്. 

 

എൻജിന്‍

 

പേരില്‍നിന്നു തന്നെ എക്‌സ്440 ഒരു 440 സിസി ബൈക്ക് ആയിരിക്കുമെന്ന് ഉറപ്പിക്കാം. ഹാര്‍ലി ഡേവിഡ്‌സണിന്റെ എക്‌സ് 350, എക്‌സ് 500 മോഡലുകള്‍ക്ക് ഇരട്ട സിലിണ്ടറാണെങ്കില്‍ എക്‌സ് 440ക്ക് ഒറ്റ സിലിണ്ടര്‍ എൻജിനായിരിക്കും. പ്രധാന എതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യേക്കാള്‍ (20hp/27Nm) കരുത്തുള്ള എൻജിനാണ് എക്‌സ് 440ല്‍ പ്രതീക്ഷിക്കുന്നത്. 

 

ഡിസൈനും ഫീച്ചറുകളും

 

ക്രൂസര്‍ ഡിസൈനല്ല മറിച്ച് റോഡ്‌സ്റ്റര്‍ രൂപത്തിലാണ് എക്‌സ് 440 എത്തുന്നത്. പരന്ന ഹാന്‍ഡില്‍ ബാറും സീറ്റുകളുമാണുള്ളത്. കാല് വയ്ക്കുന്ന ഫൂട്ട് പെഗ്‌സ് ക്രൂസറിന്റേതു പോലെ മുന്നിലേക്കോ പിന്നിലേക്കോ നീക്കാനാവും. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്റ്റൈലിലുള്ള, ലളിതമായ, വട്ടത്തിലുള്ള ഹെഡ് ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളുമാണ് എക്‌സ് 440ക്ക്. മെലിഞ്ഞ ഇന്ധന ടാങ്കില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 എന്ന് എഴുതിയിട്ടുണ്ട്. 

 

മുന്നിലും പിന്നിലും ഡ്യുവല്‍ ചാനല്‍ എബിഎസുള്ള സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളാണ്. അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ ട്വിന്‍ റിയര്‍ ഷോക്‌സും നല്‍കിയിരിക്കുന്നു. മുന്‍ ടയറുകള്‍ക്ക് 18 ഇഞ്ചും പിന്‍ ടയറുകള്‍ക്ക് 17 ഇഞ്ചുമാണ് വലിപ്പം. സിംഗിള്‍ പോഡ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് എക്‌സ് 440ക്കുള്ളത്. 

 

വില

 

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350യും ബജാജ് ട്രയംഫ് 400 മാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440യുടെ പ്രധാന എതിരാളികള്‍. ജൂലൈ മൂന്നിന് പുറത്തിറങ്ങുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440യുടെ വില 2.5 ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350(1.9 ലക്ഷം-2.2 ലക്ഷം രൂപ)നേക്കാള്‍ വില കൂടുതലാവും ഹാര്‍ലി ഡേവിഡ്‌സണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ജൂണ്‍ 27ന് പുറത്തിറങ്ങാനിരിക്കുന്ന ബജാജ് ട്രയംഫിനേക്കാള്‍ വില കുറവാകും എക്‌സ് 440 എന്നും കരുതാം.

 

English Summary: Harley-Davidson X 440: What to Watch out for

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com