ആ വാർത്ത വിശ്വസിക്കരുത്! 8 ലക്ഷം വിലക്കുറവ് നൽകുന്നില്ല: ടൊയോട്ട
Mail This Article
ടൊയോട്ട ഹൈലക്സിന് 8 ലക്ഷം രൂപ വരെ വിലക്കുറവ്! ഉയർന്ന മോഡലിന് 37.90 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള വാഹനത്തിന് 8 ലക്ഷം രൂപ വരെ വിലക്കുറവ് നൽകുമെന്നു കേട്ടാൽ ആരും ആകൃഷ്ടരാകും. എന്നാൽ ഈ വാർത്തകളിൽ വിശ്വസിക്കരുത് എന്നാണ് ടൊയോട്ട പറയുന്നത്. കമ്പനി ഇത്തരം ഓഫർ നൽകുന്നില്ലെന്നും 30.40 ലക്ഷം രൂപയും 37.90 ലക്ഷം രൂപയുമാണ് ഹൈലക്സിന്റെ നിലവിലെ വിലയെന്നും ടൊയോട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.
രാജ്യത്തെ ചില ഡീലർമാർ വാഹനത്തിന് 6 മുതൽ 8 ലക്ഷം രൂപ വരെ ഇളവുകൾ നൽകുന്നുണ്ട് എന്നായിരുന്നു വാർത്തകൾ. ടൊയോട്ടയുടെ ഭാഗത്തുനിന്നല്ല, ചില ഡീലർമാർ നൽകുന്ന ഇളവാണ് ഇതെന്നായിരുന്നു വാർത്ത.
ഈ വർഷം ആദ്യം ഹൈലക്‌സിന്റെ മോഡലുകളുടെ വിലയില്‍ ടൊയോട്ട മാറ്റം വരുത്തിയിരുന്നു. സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറച്ച് 30.40 ലക്ഷം രൂപയാക്കിയപ്പോള്‍ ഹൈ എംടി, ഹൈ എടി മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഹൈ എംടിക്ക് 1.35 ലക്ഷവും ഹൈ എടിക്ക് 1.10 ലക്ഷം രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില പ്രകാരം ഏറ്റവും ഉയര്‍ന്ന ഹൈലക്‌സ് മോഡലായ ഹൈ എടിക്ക് 37.90 ലക്ഷം രൂപയാണ് വില. നേരത്തേ അത് 36.80 ലക്ഷമായിരുന്നു. ഹൈ എംടിയുടെ വില 35.80 ലക്ഷമായിരുന്നത് 37.15 ലക്ഷമായി വര്‍ധിച്ചു.
ഇന്നോവ ക്രിസ്റ്റയുടേയും ഫോര്‍ച്യൂണറിന്റേയും അടിത്തറയായ ഐ എം വി- ടു പ്ലാറ്റ്‌ഫോമാണ് ഹൈലക്‌സിനും നല്‍കിയിട്ടുള്ളത്. ഫോര്‍ച്യൂണറിനു സമാനമായ ടച്ച്‌സ്‌ക്രീനും ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റിയറിങ് വീലും മുന്‍ സീറ്റുകളുമാണ് ഹൈലക്‌സിലുമുള്ളത്.
2.8 ലീറ്റര്‍ ഡീസല്‍ എൻജിനാണ് വാഹനത്തിന്. 204 എച്ച്പി കരുത്തും 420 എൻഎമ്മും ഉൽപാദിപ്പിക്കാന്‍ ശേഷിയുള്ള എൻജിനാണിത്. ഓട്ടമാറ്റിക് ഗിയര്‍ബോക്‌സില്‍ ടോര്‍ക്ക് 500 എൻഎമ്മായി ഉയരും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുള്ള ഹൈലക്‌സില്‍ ഫോര്‍വീല്‍ ഡ്രൈവും നല്‍കിയിട്ടുണ്ട്.
English Summary: Toyota Denies Reports of Heavy Discounts on Hilux