സൈന്യത്തിന് 1850 സ്കോർപിയോ ക്ലാസിക് കൂടി, അഭിമാനമെന്ന് മഹീന്ദ്ര
Mail This Article
ഇന്ത്യൻ ആർമിയുടെ വാഹന നിരയിലേക്ക് 1850 സ്കോർപിയോ ക്ലാസിക് കൂടി. നേരത്തെ കൈമാറിയ 1470 എസ്‍യുവികൾ കൂടാതെയാണ് പുതിയ വാഹനങ്ങളും എത്തിയിരിക്കുന്നത്. സൈന്യത്തിന്റെ ഭാഗമായി പുതിയ വാഹനങ്ങൾ എത്തുന്ന വിവരം മഹീന്ദ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് ഐതിഹാസിക വാഹനത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മഹീന്ദ്ര അറിയിച്ചത്.
ടാറ്റ സഫാരി, മാരുതി സുസുകി ജിപ്‌സി, ഫോഴ്‌സ് ഗൂര്‍ഖ, ടാറ്റ സെനോന്‍ എന്നിങ്ങനെ പലതരത്തിലുള്ള യാത്രാ വാഹനങ്ങള്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കാറുണ്ട്. ഈ നിരയിലേക്കാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് കൂടി എത്തിയിരിക്കുന്നത്. സൈന്യത്തിന്റെ ആവശ്യത്തിനായതിനാല്‍ എന്തൊക്കെ മാറ്റങ്ങളാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കില്‍ വരുത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല. സ്‌കോര്‍പിയോ ക്ലാസികിന്റെ 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എൻജിന് 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ വാഹനത്തിനുളളത്.
കാഴ്ചയില്‍ തന്നെ പുതുമയോടെയാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് വിപണിയിലേക്കെത്തിയത്. പുത്തന്‍ ഗ്രില്ലും മാറ്റം വരുത്തിയ മുന്‍ ബംപറും മാറ്റങ്ങള്‍ വരുത്തിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ് ലൈറ്റും അലോയ് വീലില്‍ വന്ന മാറ്റങ്ങളും പിന്നിലെ ടെയ്ല്‍ ലൈറ്റിലെ രൂപമാറ്റങ്ങളുമൊക്കെയാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന്റെ രൂപ മാറ്റത്തിന് പങ്കുവഹിച്ചത്. ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ ഒമ്പത് ഇഞ്ച് ആക്കിയതിന് പുറമേ കാബിനിലും മാറ്റങ്ങള്‍ വരുത്തിയാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് പുറത്തിറങ്ങിയത്.
സ്‌കോര്‍പിയോയും ബൊലേറോയുമാണ് എസ്‌യുവി വിപണിയിലെ മഹീന്ദ്രയുടെ താരങ്ങള്‍. ഇന്ത്യക്ക് പുറമേ ദക്ഷിണാഫ്രിക്ക, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മഹീന്ദ്രയുടെ സ്‌കോര്‍പിയോ കയറ്റി അയക്കുന്നുണ്ട്. അടുത്തിടെയാണ് ശ്രീലങ്കന്‍ പൊലീസ് സേനക്കായി 175 സ്‌കോര്‍പിയോ ക്ലാസിക് മഹീന്ദ്ര അയച്ചുകൊടുത്തത്.
മഹീന്ദ്രയുടെ പല വാഹനങ്ങളും വിദേശ പൊലീസ്, സൈനിക സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. 2015ല്‍ 1,470 മഹീന്ദ്ര എന്‍ഫോഴ്‌സര്‍ വാഹനങ്ങളാണ് ഫിലിപ്പീന്‍സ് പൊലീസ് വാങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ പൊലീസിന്റെ ഔദ്യോഗിക വാഹനം മഹീന്ദ്രയുടെ എക്‌സ്‌യുവി 500 ആണ്. നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാന്‍ സുരക്ഷാ സേന മഹീന്ദ്ര എന്‍ഫോഴ്‌സറാണ് ഉപയോഗിക്കുന്നത്. മറ്റൊരു അയല്‍രാജ്യമായ മാലദ്വീപ് പൊലീസ് സേനക്കു വേണ്ടി മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ട്.
2016ല്‍ 398 സ്‌കോര്‍പിയോകളെ ഫിലിപ്പീന്‍സ് സുരക്ഷാ സേനക്കു വേണ്ടി വാങ്ങിയിരുന്നു. പ്രസിദ്ധമായ പല കാര്‍ കമ്പനികളുടേയും മാതൃരാജ്യമായ ഇറ്റലിയില്‍ വരെ മഹീന്ദ്രക്ക് പേരുണ്ട്. ആല്‍പ്‌സ് പര്‍വത മേഖലയിലെ സുരക്ഷാ ചുമതലയുള്ള സൊകോര്‍സോ ആല്‍ഫിനോ സ്‌കോര്‍പിയോ ഗെറ്റ്എവേയാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങുമുള്ള സൈനിക, പൊലീസ് സേനകളില്‍ നിര്‍ണായക സ്വാധീനം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രക്കുണ്ട്.
English Summary: Indian Army orders 1850 Mahindra Scorpio Classic SUV