ADVERTISEMENT

ധോണിയുടെ വാഹനപ്രേമവും വാഹനങ്ങളുടെ ശേഖരവും ഏറെ പ്രസിദ്ധമാണ്. അപൂര്‍വവും ഇഷ്ടപ്പെട്ടതുമായ വാഹനങ്ങള്‍ക്കു വേണ്ടി വലിയൊരു ഗാരിജ് തന്നെ ധോണി പണികഴിപ്പിച്ചിട്ടുണ്ട്. ധോണിയെ കാണാനെത്തി ഈ വാഹന ശേഖരം കണ്ട് അന്തം വിട്ടിരിക്കുകയാണ് മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായ വെങ്കിടേഷ് പ്രസാദും സുനില്‍ ജോഷിയും. ധോണിയുടെ വാഹന ശേഖരത്തിന്റെ ചെറിയൊരു ഭാഗം ഈ വിഡിയോയിലും കാണാനാവും.

സാക്ഷി ധോണിയാണ് ഇങ്ങനെയൊരു വാഹന ഭ്രാന്ത് കണ്ട് അമ്പരന്നു നില്‍ക്കുന്ന വെങ്കിടേഷ് പ്രസാദിന്റേയും സുനില്‍ ജോഷിയുടേയും വിഡിയോ ചിത്രീകരിച്ചത്. 'നല്ല ഭ്രാന്തുള്ള ഒരാള്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാനാവൂ' എന്നാണ് പ്രസാദിന്റെ പ്രതികരണം. കണ്‍ മുന്നില്‍ കാണുന്നതിനെ ''വിവരിക്കാനാവില്ല'' എന്നാണ് സുനില്‍ ജോഷി പറയുന്നത്. 1.49 മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ വെങ്കി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 14 മണിക്കൂറുകൊണ്ട് 14 ലക്ഷത്തിലേറെ കാഴ്ച്ചക്കാരെ ആകര്‍ഷിച്ച് വിഡിയോ വൈറലാവുകയും ചെയ്തു. 

വിഡിയോയില്‍ വെങ്കിടേഷ് പ്രസാദിനും സുനില്‍ ജോഷിക്കുമൊപ്പം എം.എസ് ധോണിയും പ്രത്യക്ഷപ്പെടുന്നുണ്ട്. റാഞ്ചിയിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് ഇങ്ങനെയൊരു ഗാരിജ് ധോണി നിര്‍മിച്ചിരിക്കുന്നത്. നിര്‍മിക്കുമ്പോള്‍ പലരും ഈ ഗാരിജ് വളരെ വലുതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വാഹനങ്ങളെകൊണ്ട് ഗാരിജ് നിറഞ്ഞു കഴിഞ്ഞെന്നും ധോണി പറയുുന്നു. സുനില്‍ ജോഷിയും വെങ്കിടേഷ് പ്രസാദും മാത്രമല്ല ഈ വിഡിയോ കാണുന്ന ആരും ധോണിയുടെ വാഹന പ്രേമം സമ്മതിച്ചു കൊടുക്കും. 

വളരെ അനൗപചാരികമായി എടുത്ത വിഡിയോയില്‍ നിന്നുതന്നെ നിരവധി അപൂര്‍വ വാഹനങ്ങള്‍ കണ്ടെത്താനാവും. അതിലൊന്നാണ് പ്രത്യേകം നിര്‍മിച്ച മഹീന്ദ്ര സ്‌കോര്‍പിയോ. ധോണിയുടെ കരിയറിന്റെ തുടക്കത്തില്‍ ആനന്ദ് മഹീന്ദ്ര സമ്മാനിച്ച വാഹനമാണിത്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, നിസാന്‍ 1 ടണ്‍, ജീപ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്ക്, കാവസാക്കി നിന്‍ജ എച്ച്2 എന്നിവയും വിഡിയോയില്‍ കാണാം. 

 

ധോണിയുടെ അപൂര്‍വ വാഹന ശേഖരത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെയും പുറത്തുവന്നിട്ടുണ്ട്. പഴയ തലമുറ സ്‌പോര്‍ട്‌സ് ബൈക്കായ യമഹ YZF-R6, ബി.എം.ഡബ്ല്യുവിന്റെ ലിമിറ്റഡ് എഡിഷന്‍ 2 സ്‌ട്രോക്ക് മോട്ടോര്‍സൈക്കിള്‍, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, യമഹ ആര്‍ഡി 350 എന്നിവക്കു പുറമേ യെസ്ഡി, ബി.എസ്.എ, നോര്‍ട്ടണ്‍, ജാവ എന്നിവയുടെ ടു സ്‌ട്രോക്ക് വാഹനങ്ങളും ധോണിയുടെ ശേഖരത്തിലുണ്ട്. 

 

രണ്ടു നിലകളിലായാണ് ധോണി ഗാരിജ് നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ യമഹ ആര്‍ഡി350യും സുസുക്കി ഇന്‍ട്രൂഡര്‍ എം1800ആറും അടക്കമുള്ള മോട്ടോര്‍സൈക്കിളുകളാണ് കൂടുതലും. കാവസാക്കി നിന്‍ജ ZX-14R, കാവസാക്കി നിന്‍ജ എച്ച് 2, ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ് ബോയ്, ഡുകാട്ടി 1098, അത്യപൂര്‍വമായ കോണ്‍ഫെഡറേറ്റ് എക്‌സ്132 ഹെല്‍കാറ്റ് എന്നിവയും ധോണിയുടെ പക്കലുണ്ട്. ടി.വി.എസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ധോണിയുടെ കൈവശം ടി.വി.എസിന്റെ അപാച്ചെ ആര്‍ആര്‍ 310, റോനിന്‍ എന്നിവയടക്കമുള്ള സ്‌പോര്‍ട് ബൈക്കുകളുമുണ്ട്. 

 

മോട്ടോര്‍ സൈക്കിളുകള്‍ക്കൊപ്പം വിന്റേജ് കാറുകളുടേയും വിപുലമായ ശേഖരം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുണ്ട്. മിനി 3 ഡോര്‍, റോള്‍സ് റോയ്‌സ് സില്‍വര്‍ ഷാഡോ, പോണ്ടിയാക് ഫയര്‍ബേഡ് ട്രാന്‍സ് ആം, ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍, ഔഡി ക്യു7, മിറ്റ്‌സുബിഷി പജേറോ എസ്എഫ്എക്‌സ്, മെഴ്‌സീഡസ് ബെന്‍സ് ജിഎല്‍ഇ, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്ക്, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, അടുത്തിടെ വാങ്ങിയ കിയ ഇവി6 ജിടി എന്നിങ്ങനെ പോവുന്നു ധോണിയുടെ വാഹന ശേഖരം. ധോണിയുടെ ക്രിക്കറ്റ് കരിയര്‍ പോലെ സമ്പന്നമാണ് അദ്ദേഹത്തിന്റെ വാഹന ശേഖരവുമെന്ന് ആരും പറയും.

 

English Summary: Former Indian cricketers Venkatesh Prasad and Sunil Joshi stunned by MS Dhoni’s car and bike garage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com