ADVERTISEMENT

ഇഷ്ടനിറം ഏതെന്നു ചോദിച്ചാല്‍ ഓരോരുത്തരും ഓരോ നിറമായിരിക്കും പറയുന്നത്. എന്നാല്‍ ഭൂരിഭാഗം ആളുകളുടെയും വാഹനത്തിന് ഒരുപക്ഷേ വെളുത്ത നിറമായിരിക്കും. വിപണിയിലെ വാഹനങ്ങളില്‍ കൂടിയ ശതമാനവും വെളുത്ത നിറത്തെ സ്വീകരിക്കുന്നുവെന്നാണ് വില്‍പനയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാഹനങ്ങളുടെ കാര്യത്തില്‍ ആളുകള്‍ വെളുപ്പിനെ പരിധിവിട്ട് സ്‌നേഹിക്കുന്നതിന്റെ കാര്യം എന്തെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ? കാരണങ്ങള്‍ നോക്കാം. 

 

1. സൂര്യതാപത്തെ തടയും

 

കാര്‍ ബോഡിയുടെ വലിയ ഭാഗങ്ങളും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന വിധത്തിലുള്ളതാണ്. വേനല്‍ക്കാലത്ത് സൂര്യതാപം കുതിച്ചുയരുന്നതോടെ താപ പ്രതിഫലനം എന്നതു വലിയ കാര്യമാണ്. വെളുപ്പ് മറ്റു നിറങ്ങളുള്ളവയെ അപേക്ഷിച്ച് കുറഞ്ഞ തോതില്‍ മാത്രമേ ചൂട് വലിച്ചെടുക്കൂ. തന്മൂലം ചൂട് ഉള്ളിലേക്കു കടക്കുന്നത് വലിയ തോതില്‍ നിയന്ത്രിക്കാനാകും. 

 

2. റീസെയില്‍ വാല്യു

 

ഇന്ത്യയിലെ സാധാരണക്കാരിൽ ബഹുഭൂരിപക്ഷവും വാഹനം വാങ്ങുന്നതിനു മുന്‍പേ ചിന്തിക്കുന്ന കാര്യമാണ് റീസെയില്‍ വാല്യു. പ്രീമിയം വാഹനങ്ങളിലുൾപ്പെടെ ഇത്തരത്തില്‍ റീസെയില്‍ വാല്യുവിനെക്കുറിച്ചു ചിന്തിക്കുന്നതിനാല്‍ വെളുപ്പ് നിറത്തിന് വലിയ സ്വീകാര്യതയാണുള്ളത്. ഭാവിയില്‍ വാഹനം മികച്ച വിലയില്‍ വില്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ആളുകള്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്ന നിറം കൂടിയാണ് വെളുപ്പ്. 

 

3. ലളിതമായ പരിപാലനം

 

മറ്റു നിറങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ പരിപാലനമാണ് വെളുത്ത നിറമുള്ള വാഹനത്തിന്. പൊടി, പോറലുകള്‍ എന്നിവ മറ്റു നിറങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചുമാത്രമേ ശ്രദ്ധയില്‍പ്പെടുകയുള്ളു. മാത്രമല്ല, ചെറിയ ഭാഗം പെയിന്റ് ടച്ചപ്പ് ചെയ്യാനും റീപെയിന്റ് ചെയ്യാനും എളുപ്പമാണ്. മറ്റേതു നിറമായാലും ചെറിയ പൊടിപടലമുള്ള സാഹചര്യത്തില്‍ പോലും പെട്ടന്ന് അഴുക്കാകാനുള്ള സാധ്യതയുണ്ട്. നിരന്തരം കഴുകിയാല്‍ മാത്രമേ വാഹനം വൃത്തിയായി സൂക്ഷിക്കാനാകൂ. മാത്രമല്ല വെളുത്ത നിറം ശുഭസൂചകമാണെന്നും സമാധാനത്തിന്റെ നിറമാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. 

 

4. ശ്രദ്ധ കിട്ടുന്ന നിറം

 

വെളുത്ത നിറം വളരെ പെട്ടന്നു ശ്രദ്ധിക്കപ്പെടുമെന്നതാണ് മറ്റൊരു കാരണം. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. മറ്റു ഡ്രൈവര്‍മാര്‍ക്ക് ദൂരെ നിന്നു തന്നെ കാര്‍ ശ്രദ്ധയില്‍പ്പെടാന്‍ ഈ നിറം സഹായിക്കും. 

 

5. ലോഹഭാഗങ്ങളുടെ സുരക്ഷ

 

ചൂട്, തണുപ്പ്, മഴ, വെയില്‍ തുടങ്ങിയ പ്രതിസന്ധികളില്‍ നിന്നെല്ലാം വാഹനത്തിന്റെ ലോഹഭാഗങ്ങളെ സംരക്ഷിക്കേണ്ടത് പെയിന്റിന്റെ ജോലിയാണ്. അത്തരം സാഹചര്യങ്ങളിലും വെളുപ്പിന്റെ പ്രാധാന്യം വളരെ വലുതാണ്. 

 

English Summary: Why Is White The Most Preferred Car Colour In India?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com