വ്യത്യാസം കണ്ടുപിടിക്കാം! എർട്ടിഗയും റൂമിയോണും; പ്രധാന മാറ്റങ്ങൾ എന്തൊക്കെ?
Mail This Article
മാരുതി സുസുകി എര്‍ട്ടിഗയുടെ ടൊയോട്ട രൂപമാണ് അടുത്തിടെ പുറത്തിറങ്ങിയ റൂമിയോണ്‍ എംപിവി. ഇതോടെ ഇന്ത്യന്‍ വാഹനവിപണിയില്‍ മള്‍ട്ടി പര്‍പസ് വാഹനങ്ങളുടെ പൂക്കാലം തീര്‍ത്തിരിക്കുകയാണ് ടൊയോട്ട. റൂമിയോണിനു പുറമേ ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, വെല്‍ഫയര്‍ എന്നീ എം.പി.വികളാണ് ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നത്. ടൊയോട്ടയുടെ റൂമിയോണിനും മാരുതി സുസുക്കിയുടെ എര്‍ട്ടിഗക്കും ഒരുപാട് സാമ്യതകളും തനതു സവിശേഷതകളുമുണ്ട്.
LXi, VXi, ZXi, ZXi+ എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് എര്‍ട്ടിഗ പുറത്തിറങ്ങുന്നത്. എന്നാല്‍ ടൊയോട്ടക്ക് എസ്, ജി, വി എന്നിങ്ങനെ മൂന്നു വകഭേദങ്ങളാണുള്ളത്. എര്‍ട്ടിഗയുടെ ഉയർന്ന പ്രധാന മൂന്നു വകഭേദങ്ങളാണ് റൂമിയണുള്ളത്. ഇതുകൊണ്ട് ടൊയോട്ട റൂമിയോണിനേയേക്കാള്‍ കുറഞ്ഞ വിലയാണ് എർടിഗയ്ക്ക്. 10.29 ലക്ഷം മുതല്‍ 13.68 ലക്ഷം രൂപ വരെയാണ് റൂമിയോണിന് വിലയിട്ടിരിക്കുന്നതെങ്കില്‍ 8.64 ലക്ഷം മുതല്‍ 13.08 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ വില. എര്‍ട്ടിഗയേക്കാള്‍ 51,000 മുതല്‍ 61,000 രൂപ വരെ കൂടുതലാണ് ടൊയോട്ട റൂമിയോണിന്.
ഇന്നോവ ക്രിസ്റ്റയുടേതിന് സമാനമായ ഗ്രില്ലെകളാണ് റൂമിയോണുള്ളത്. പുതിയ ബംപറും ഫോഗ്‌ലാപും പുതിയ ഡിസൈനിലുള്ള 15 ഇഞ്ച് അലോയ് വീലുകളും റൂമിയോണിന് ടൊയോട്ട നല്‍കിയിട്ടുണ്ട്. പിന്‍ ഭാഗം ഏതാണ്ട് ഒരുപോലെയാണ് എര്‍ട്ടിഗക്കും റൂമിയോണും. ഉള്ളിലേക്കു വന്നാലും ഈ സാമ്യത പ്രകടമാണ്. ഡ്യുവല്‍ ടോണ്‍ ഇന്റീരിയറും ഫോക്‌സ് വുഡ് ഇന്‍സര്‍ട്ടുകളും ഡാഷ് ബോര്‍ഡിന് നടുവിലായുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീനും ഫ്‌ളാറ്റ് ബോട്ടം സ്റ്റീറിങ് വീലുമെല്ലാം രണ്ടു വാഹനങ്ങളിലും സമാനമാണ്.
എര്‍ട്ടിഗയുടെ ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ മാത്രമാണ് ആര്‍കെമിസ് ട്യൂണ്‍ഡ് സ്പീക്കര്‍ സിസ്റ്റവും വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആന്‍ഡ് ആപ്പിള്‍ കാര്‍പ്ലേയുമുള്ളത്. എന്നാല്‍ റൂമിയോണിന്റെ ഉയര്‍ന്ന രണ്ടു വകഭേദങ്ങളിലും ഈ സൗകര്യങ്ങളുണ്ട്. എന്നാല്‍ എര്‍ട്ടിഗയിലുള്ള 12V സോക്കറ്റ് റൂമിയോണില്‍ ഇല്ല. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്ടഡ് കാര്‍ ടെക് എന്നിവയെല്ലാം രണ്ടു വാഹനങ്ങളിലുമുണ്ട്. നാല് എയര്‍ബാഗ്, ഇ.എസ്.സി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങളും എര്‍ട്ടിഗയിലും റൂമിയോണിലും ലഭ്യമാണ്.
എന്‍ജിന്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലും ഇരു വാഹനങ്ങളും ഒരുപോലെയാണ്. 103 ബിഎച്ച്പി, 137 എൻഎം, 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. രണ്ടു വാഹനങ്ങളിലും ഫാക്ടറ്റി ഫിറ്റഡ് സിഎന്‍ജി കിറ്റ് ലഭ്യമാണ്. സി.എന്‍ജിയില്‍ 88 എച്ച്പി കരുത്തും പരമാവധി 121.5 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനം പെട്രോളിലേക്കു മാറുന്നതോടെ 101 ബിഎച്ച്പി കരുത്തും 136 എൻഎം ടോര്‍ക്കും പുറത്തെടുക്കും. സിഎന്‍ജിയില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണുള്ളത്. റൂമിയോണിനും എര്‍ട്ടിഗക്കും സിഎന്‍ജി മോഡലില്‍ പെട്രോളില്‍ 20.51 കിലോമീറ്ററും സിഎന്‍ജിയില്‍ കിലോഗ്രാമിന് 26.11 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. റൂമിയോണ്‍ ഓട്ടോമാറ്റിക്കിന് ലീറ്ററിന് 20.11 കിലോമീറ്ററും എര്‍ട്ടിഗ ഓട്ടോമാറ്റിക്കിന് ലിറ്ററിന് 20.30 കിലോമീറ്ററുമാണ് ഇന്ധന ക്ഷമത.
ടൊയോട്ട നല്‍കുന്ന അധിക വാറണ്ടിയാണ് റൂമിയോണിന്റെ പ്രധാന കരുത്ത്. മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററാണ് റൂമിയോണിന് നല്‍കുന്ന സ്റ്റാന്‍ഡേഡ് വാറണ്ടി. ഇത് അഞ്ചു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 2.20 ലക്ഷം കിലോമീറ്റര്‍ വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും. മാരുതി സുസുക്കി രണ്ട് വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ വരെയാണ് എര്‍ട്ടിഗക്ക് നല്‍കുന്ന വാറണ്ടി. അത് അഞ്ചു വര്‍ഷം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം കിലോമീറ്റര്‍ വരെ കൂട്ടാനും സാധിക്കും. മാരുതി സുസുക്കി XL6(11.56 ലക്ഷം മുതല്‍ 14.66 ലക്ഷം രൂപ വരെ) കിയ കാരെന്‍സ്(10.45 ലക്ഷം മുതല്‍ 18.45ലക്ഷം രൂപ വരെ) എന്നിവയാണ് എര്‍ട്ടിഗയുടേയും റൂമിയോണിന്റേയും പ്രധാന എതിരാളികള്‍.
English Summary: Toyota Rumion vs Maruti Suzuki Ertiga: what’s different?