മെഴ്സിഡീസ് ബെന്‍സ് ജി63 എഎംജിക്ക് ബ്രാബസ് ലുക്ക് നൽകി ശ്രേയസ് അയ്യർ
Mail This Article
കളിക്കുന്നത് ഒരേ ക്രിക്കറ്റാണെങ്കിലും മറ്റു രാജ്യക്കാര്‍ക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത പ്രതിഫലം നേടുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇത് അവരുടെ ജീവിതരീതികളിലും പലതരം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടേയും വാഹന പ്രേമവും പ്രസിദ്ധമാണ്. ഇന്ത്യന്‍ ടീമിലെ യുവ ബാറ്ററായ ശ്രേയസ് അയ്യര്‍ തന്റെ മെഴ്സിഡീസ് ബെന്‍സ് ജി63 എഎംജി എസ്യുവി ഇഷ്ടപ്പെട്ട രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ശ്രദ്ധേയനാവുന്നത്. തന്റെ ജി വാഗണില്‍ ബ്രാബസിന്റെ കിറ്റ് ചേര്‍ത്ത് കൂടുതല്‍ കരുത്തന് ലുക്കിലേക്ക് മാറ്റിയിരിക്കുകയാണ് ശ്രേയസ്.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യര്‍ ബ്രാബസ് മെഴ്സീഡസ് ബെന്‍സ് ജി63 എഎംജിയില്‍ പോവുന്ന വിഡിയോ പുറത്തു വന്നു കഴിഞ്ഞു. CS 12 Vlogs എന്ന യുട്യൂബ് ചാനലിലാണ് ശ്രേയസിന്റെ ജി വാഗണ്‍ മുംബൈയിലെ മറൈന്‍ ഡ്രൈവിലൂടെ പോവുന്നതിന്റെ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. സെലെനൈറ്റ് ഗ്രേ മെറ്റാലിക് നിറത്തിലുള്ള വാഹനമാണ് ശ്രേയസ് അയ്യര്‍ വാങ്ങിയിരുന്നത്. കസ്റ്റമൈസേഷന്റെ ഭാഗമായി വാഹനത്തിന്റെ നിറവും കറുപ്പാക്കി മാറ്റിയിട്ടുണ്ട്.
ജി വാഗണ്‍ എന്ന് പൊതുവേ അറിയപ്പെടുന്ന ശ്രേയസ് അയ്യരുടെ ഈ വാഹനം സിറ്റി ഡ്രൈവു പോലെ തന്നെ ഓഫ് റോഡിനും യോജിച്ചതാണ്. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സീഡസ് ബെന്‍സ് ഇന്ത്യയില്‍ രണ്ട് ജി വാഗണ്‍ വകഭേദങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. G350dയാണ് അടിസ്ഥാന വകഭേദം. കൂടുതല്‍ കരുത്തുള്ള മോഡലാണ് G63 എഎംജി.
6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് G350dയിലുള്ളത്. 281 bhp കരുത്തും പരമാവധി 600Nm ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കുന്ന വാഹനമാണിത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വാഹനത്തിന് ഇന്ത്യയില്‍ 1.90 കോടി രൂപയാണ് വില. G63 എഎംജി മോഡലില്‍ 4.0 ലീറ്റര്‍ വി8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനാണുള്ളത്. 576 ബിഎച്ച്പി കരുത്തും പരമാവധി 850Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിന് സാധിക്കും. ഫോര്‍വീല്‍ ഡ്രൈവ് സൗകര്യമുള്ള G63 എഎംജിക്ക് 2.91 കോടി രൂപയാണ് വില.
English Summary: Indian cricketer Shreyas Iyer’s Brabus Mercedes Benz G63 AMG