100 കി.മീ കടക്കുമോ മൈലേജ്? സിഎന്‍ജി ബൈക്കുമായി ബജാജ്
Mail This Article
ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ പുതിയ നീക്കവുമായി ബജാജ്. സിഎന്‍ജി ഇന്ധനമാക്കുന്ന എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ ബജാജ് അവതരിപ്പിക്കുമെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് എംഡി രാജിവ് ബജാജ് പറഞ്ഞു. മലിനീകരണം കുറഞ്ഞ ചിലവു കുറഞ്ഞ സാധാരണക്കാര്‍ക്ക് യോജിച്ച വാഹനം എന്ന നിലയിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ ബജാജ് അവതരിപ്പിക്കുക.
ബജാജിന്റെ വില്‍പനയില്‍ 70%ത്തിലേറെ 125 സിസിയില്‍ കൂടുതലുള്ള ഇരുചക്രവാഹനങ്ങളാണ്. എന്നാല്‍ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ വിപണിയുടെ സാധ്യതകള്‍ കൂടി തിരിച്ചറിഞ്ഞാണ് ബജാജിന്റെ പുതിയ നീക്കം. 100 മുതല്‍ 125സിസി വരെയുള്ള മോട്ടോര്‍ സൈക്കിളുകളില്‍ ഏഴ് മോഡലുകളാണ് ബജാജ് പുറത്തിറക്കുന്നത്. 67,000 രൂപ മുതല്‍ 1,07,000 രൂപ വരെയാണ് ഈ മോഡലുകളുടെ വില.
സിഎന്‍ജി മോഡലിനു പുറമേ ആറ് മോഡലുകള്‍ പുതിയ രൂപത്തിലെത്തുമെന്നും പുതിയ പള്‍സര്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്നും ബജാജ് ഓട്ടോ അറിയിച്ചിട്ടുണ്ട്. സി.എന്‍.ജി മോട്ടോര്‍സൈക്കിള്‍ പദ്ധതിക്ക് സര്‍ക്കാര്‍ പിന്തുണയുമുണ്ട്. ഇന്ധനചിലവിലെ കുറവു മാത്രമല്ല മലിനീകരണം കുറവാണെന്നതും സി.എന്‍.ജി മോട്ടോര്‍സൈക്കിളിന്റെ അനുകൂല ഘടകമാണ്.
ബജാജ് വാഹനങ്ങളുടെ വില്‍പനയില്‍ ഉണ്ടായ കുറവും കമ്പനിയെ പുതിയ വഴിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് സൂചന. ഇക്കഴിഞ്ഞ ഓഗസ്റ്റിലെ ബജാജ് വാഹനങ്ങളുടെ വില്‍പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എങ്കിലും ആഗോളതലത്തില്‍ ഇതേ കാലയളവില്‍ ബജാജ് വാഹനങ്ങള്‍ രണ്ടു ശതമാനത്തിന്റെ വില്‍പന വര്‍ധനവും രേഖപ്പെടുത്തി. ഇത് കമ്പനിയുടെ ഇരുചക്രവാഹനങ്ങളുടെ സ്വീകാര്യത കൂടിയാണ് കാണിക്കുന്നത്.
ഇന്ത്യയെ പോലുള്ള വലിയ വിപണിയില്‍ സി.എന്‍.ജി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനുള്ള ബജാജിന്റെ തീരുമാനം ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യേകിച്ചും വാഹന വിപണിയില്‍ പൊതുവേ മലിനീകരണം കുറക്കുകയെന്ന പൊതു സമീപനമുള്ളപ്പോള്‍. സര്‍ക്കാര്‍ പിന്തുണ കൂടി ലഭിക്കുന്നതോടെ ഇപ്പോള്‍ ആശയമായ ഈ സി.എന്‍.ജി മോട്ടോര്‍ സൈക്കിള്‍ വൈകാതെ യാഥാര്‍ഥ്യമാകുമെന്നാണ് ബജാജ് ഓട്ടോ ലിമിറ്റഡ് എം.ഡിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
English Summary: Rajiv Bajaj hints at CNG powered entry-level Commuter Motorcycle