ADVERTISEMENT

എസ്‌യുവിയുടെ നിര്‍വചനം തന്നെ മാറ്റി എഴുതുകയാണ് ചൈനീസ് കാര്‍ നിര്‍മാതാക്കളായ ബിവൈഡി. നിലവില്‍ എസ്‌യുവി എന്ന പേരില്‍ വില്‍ക്കുന്ന കാറുകളില്‍ പലതിലും സ്വപ്‌നം പോലും കാണാനാവാത്ത പ്രത്യേകതകളാണ് ബിവൈഡിയുടെ യാങ്‌വാങ് യു8ലുള്ളത്. 1,180 ബിഎച്ച്പി കരുത്ത് 1,280 എൻഎം ടോര്‍ക്ക്, വെറും 3.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗം. ഇതൊന്നും പ്രത്യേകതകളായി തോന്നുന്നില്ലെങ്കില്‍ പിന്നെയുമുണ്ട് പ്രത്യേകതകള്‍ 360 ഡിഗ്രിയില്‍ തിരിയാനുള്ള ശേഷി, പാരലല്‍ പാര്‍ക്കിങിന് സഹായിക്കുന്ന ക്രാബ് വാക്കിങ്, പിന്നെ വെള്ളത്തില്‍ സഞ്ചരിക്കാനുള്ള കഴിവുമുള്ള വൈദ്യുത വാഹനമാണിത്. 

 

ബിവൈഡിയുടെ ഇ4 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന യാങ്‌വാങ് യു8ന് 5.3മീറ്ററാണ് നീളം. ഹൈബ്രിഡ് സ്വഭാവമുള്ള EREV(എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് ഇലക്ട്രിക് വെഹിക്കിള്‍) വിഭാഗത്തില്‍ പെടുന്ന വാഹനമാണിത്. എന്നാല്‍ യു8ലെ ICE പവര്‍ട്രെയിന്‍ ഉപയോഗിച്ച് നേരിട്ട് ചക്രങ്ങളെ ചലിപ്പിക്കില്ല. മറിച്ച് വാഹനത്തിലെ 49kWh ബാറ്ററി പാക്കിനെ ചാര്‍ജ്ജു ചെയ്യുകയാണ് ചെയ്യുക. ഓരോ ചക്രങ്ങള്‍ക്കും ഓരോ മോട്ടോര്‍ വീതമുണ്ട്. 

 

വൈദ്യുതിയില്‍ മാത്രം 180 കി.മീ റേഞ്ച്. എന്നാല്‍ 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 75 ലീറ്റര്‍ ഇന്ധന ടാങ്കും ചേര്‍ന്ന് യു8ന്റെ റേഞ്ച് 1,000 കിലോമീറ്ററാക്കി ഉയര്‍ത്തും. ഓരോ മോട്ടോറിനും 295bhp വരെ കരുത്തുണ്ട്. നാലു മോട്ടോറിനും കൂടി 1,180 ബിഎച്ച്പി കരുത്തും പരമാവധി 1,280 എൻഎം ടോര്‍ക്കും പുറത്തെടുക്കാനാവും. വെറും 3.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വരെ വേഗത്തിലേക്കു കുതിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 200 കി.മീ. 

 

യുദ്ധടാങ്കുകളെ പോലെ 360 ഡിഗ്രിയില്‍ തിരിയാനുള്ള കഴിവും പാരലല്‍ പാര്‍ക്കിങിന് സഹായിക്കുന്ന ക്രാബ് വാക്കിങുമാണ് അപൂര്‍വ്വ ഫീച്ചറുകളില്‍ ചിലത്. ഇത്തരം ഫീച്ചറുകള്‍ സാധാരണ ജീവിതത്തിലും വലിയ ഉപകാരമാണ്. പ്രത്യേകിച്ച് പരമാവധി കുറഞ്ഞ സ്ഥലത്തില്‍ പോലും സുരക്ഷിതമായി പാര്‍ക്കു ചെയ്യുന്നതു പോലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുമ്പോള്‍. 

 

സാധാരണ കാറുകളിലൊന്നും കാണാത്ത മറ്റൊരു സൗകര്യമാണ് വെള്ളത്തില്‍ പൊന്തി കിടക്കുന്നത്. കരയില്‍ പറപറക്കുന്ന യു8 വെള്ളത്തില്‍ മുങ്ങുന്ന നിലയിലെത്തിയാല്‍ ബോട്ടായി മാറും! മണിക്കൂറില്‍ 2.9 കിലോമീറ്റര്‍ വരെ വേഗത്തിൽ 30 മിനുറ്റുവരെ ഒഴുകി നടക്കാന്‍ ഈ കാറിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. ഓഫ് റോഡിങിനിടെയും വെള്ളപ്പൊക്കത്തിന്റെ സാഹചര്യങ്ങളിലുമെല്ലാം ഇത് ജീവന്‍ രക്ഷാ ഫീച്ചറായി മാറിയേക്കാം. 

 

ആഡംബര സമൃദ്ധമാണ് യാങ്‌വാങ് യു8ന്റെ ഉള്‍ഭാഗം. സോഫ്റ്റ് നാപ്പ ലെതര്‍ സീറ്റുകള്‍, ആഫ്രിക്കയില്‍ നിന്നുള്ള സപേല തടികൊണ്ടുള്ള ഭാഗങ്ങള്‍, സീറ്റുകളില്‍ മസാജിങ് സൗകര്യം, 22 സ്പീക്കര്‍ ഡൈന്‍ഓഡിയോ ഓഡിയോ സിസ്റ്റം, സോഫ്റ്റ് ക്ലോസ് ഡോറുകള്‍, പ്രീമിയം കാര്‍പ്പെറ്റ്, പവര്‍ റിട്രാക്ടബിള്‍ സൈഡ് സ്റ്റെപ്പുകള്‍ എന്നിങ്ങനെ നീളുന്നു ഫീച്ചറുകള്‍. 12.8 ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയിന്‍മെന്റ് ഒഎല്‍ഇഡി സ്‌ക്രീന്‍, ഡ്രൈവര്‍ക്കും മുന്നിലെ പാസഞ്ചര്‍ക്കും വേണ്ടി രണ്ട് 23.6 ഇഞ്ച് ഡിസ്‌പ്ലേകള്‍, പിന്നിലെ യാത്രികര്‍ക്കു വേണ്ടി വേറെ രണ്ടു സ്‌ക്രീനുകള്‍, സീറ്റ് കണ്‍ട്രോളിന് പിന്നിലെ ആംറെസ്റ്റില്‍ സ്‌ക്രീന്‍, 70 ഇഞ്ച് എആര്‍ സൗകര്യമുള്ള HUD എന്നിവക്കൊപ്പം അഡാസ് ലെവല്‍ 2 സുരക്ഷാ സൗകര്യങ്ങളും യാങ്‌വാങ് യു8ലുണ്ട്. ഈ സവിശേഷ എസ്‌യുവിയെ ബിവൈഡി ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ല. 

 

English Summary: BYD U8 Floating SUV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com