192.8 കി.മീ വേഗത്തിൽ കാറോടിച്ച് കാഴ്ചയില്ലാത്ത ഷെല്‍ഡൻ
Mail This Article
കണ്ണടച്ചു ചെയ്യാവുന്ന പണികളുടെ കൂട്ടത്തില്‍ ആരും ഡ്രൈവിങ് ഉള്‍പ്പെടുത്തിയെന്നു വരില്ല. എന്നാല്‍ രണ്ടു കണ്ണുകള്‍ക്കും കാഴ്ച്ചയില്ലാത്ത ഷെല്‍ഡന്റെ കാര്യം വ്യത്യസ്തമാണ്. മണിക്കൂറില്‍ 192.8 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചാണ് ഷെല്‍ഡന്‍ എല്ലാവരേയും ഞെട്ടിക്കുന്നത്. 1320 വിഡിയോ എന്ന യുട്യൂബ് ചാനലാണ് ഷെല്‍ഡന്റെ ഡ്രൈവിങ് വിഡിയോ പുറത്തുവിട്ടത്.
അലാസ്ക റേസ്വേ പാര്‍ക്കിലാണ് ഷെല്‍ഡന്‍ തന്റെ 2022 ഡോഡ്ജ് സൂപ്പര്‍ സ്റ്റോക് ചാലഞ്ചര്‍ എസ്ആര്‍ടി പരീക്ഷണ ഓട്ടം നടത്തിയത്. ഹെല്‍കാറ്റ് എന്‍ജിനും റെഡീസ് ഡ്രാഗ് റേസിങ് ഓപ്ഷനുകളുമാണ് ഈ സ്വപ്ന കാറിലുള്ളത്. ഇങ്ങനെയൊരു സ്വപ്ന വാഹനം ഒരുക്കിയെടുക്കാന്‍ ഷെല്‍ഡന്‍ രണ്ടു വര്‍ഷം എടുത്തു. ആദ്യം ഷെല്‍ഡന്റെ സുഹൃത്താണ് ഡോഡ്ജ് ചാലഞ്ചര്‍ ഓടിക്കുന്നത്. സ്വന്തം വാഹനത്തിന്റെ ശബ്ദവും വേഗതയുമെല്ലാം അങ്ങനെയാണ് ഷെല്‍ഡന്‍ ആദ്യം അനുഭവിക്കുന്നത്. പിന്നീട് രണ്ടു തവണ ഷെല്‍ഡണ്‍ കാര്‍ ഓടിച്ചു.
ഡ്രൈവര്‍ സീറ്റില്‍ ഷെല്‍ഡണും മുന്നിലെ സീറ്റില്‍ സുഹൃത്തുമാണ് ഇരിക്കുന്നത്. കാര്‍ മുന്നോട്ടു പോവുമ്പോള്‍ നിയന്ത്രിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത് സുഹൃത്താണ്. ആദ്യ തവണ വിചാരിച്ചത്ര മികച്ച ഫലമല്ല ലഭിക്കുന്നത്. ട്രാക്ഷന്‍ കണ്ട്രോളിലെ പ്രശ്നങ്ങള്‍ കാരണമായിരുന്നു അത്. എന്നാല്‍ രണ്ടാം ശ്രമത്തില്‍ ഷെല്‍ഡന്‍ അമ്പരപ്പിക്കുന്ന വേഗതയിലാണ് കാറോടിക്കുന്നത്. വെറും 11.5 സെക്കന്‍ഡില്‍ മണിക്കൂറില്‍ 192.8 കിലോമീറ്റര്‍ വേഗതയില്‍ ഷെല്‍ഡണ്‍ ക്വാര്‍ട്ടര്‍ മൈല്‍ ദൂരം മറികടന്നു. രണ്ടു കണ്ണിന്റെ കാഴ്ച്ചക്കും യാതൊരു പ്രശ്നങ്ങളുമില്ലാത്ത സുഹൃത്ത് ഓടിച്ചതിനേക്കാളും വേഗതയിലായിരുന്നു ഇത്.
ഷെല്‍ഡന്റെ ക്വാര്‍ട്ടര്‍ മൈല്‍ റെക്കോഡ് ഇതിലും മികച്ചതാണെന്നതാണ് മറ്റൊരു വസ്തുത. 10.8 സെക്കന്‍ഡില്‍ ഷെല്‍ഡണ്‍ ക്വാര്‍ട്ടര്‍ മൈല്‍ ദൂരം മറികടന്നിട്ടുണ്ട്. ഡ്രാഗ് റേസിങില്‍ കാഴ്ച പരിമിതിയുള്ളവരുടെ ഏറ്റവും മികച്ച സമയമാണിത്. കാഴ്ച പരിമിതനായ ലോകത്തെ ഏറ്റവും വേഗതയുള്ള ഡ്രൈവര്‍ എന്ന പേരുള്ള ഡാന്‍ പാര്‍ക്കറെ കാണുകയാണ് ഷെല്‍ഡന്റെ മറ്റൊരു സ്വപ്നം. ടെക്സാസിലേക്കു ചെന്ന് ഡാന്‍ പാര്‍ക്കറെ കാണാനാണ് പദ്ധതി. അനുയോജ്യമായ ട്രാക്ക് ലഭിക്കുകയാണെങ്കില്‍ മണിക്കൂറില്‍ 322 കിലോമീറ്റര്‍(200 മൈല്‍) വരെ വേഗതയില്‍ തന്റെ ചാലഞ്ചര്‍ ഓടിക്കാനാവുമെന്നാണ് ഷെല്‍ഡന്റെ കണക്കുകൂട്ടല്‍.
English Summary: Blind Driver Goes 120 MPH In Dodge Challenger Super Stock