തമിഴ്നാട് ട്രാൻസ്പോർട്ടിന് 1666 ബസുകൾ നൽകാൻ അശോക് ലെയ്ലാന്റ്
Mail This Article
തമിഴ്നാട് ട്രാൻസ്പോര്‍ട്ടിന് 1,666 ബസുകള്‍ വില്‍ക്കാനുള്ള കരാര്‍ സ്വന്തമാക്കി അശോക് ലെയ്ലാന്റ് ലിമിറ്റഡ്. ദീര്‍ഘകാലമായി തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ വിശ്വസ്ത കരാറുകാരായ അശോക് ലെയ്ലാന്റ് പുതിയ കരാര്‍ കൂടി നേടി ബന്ധം ഉറപ്പിക്കുകയായിരുന്നു. ഭാരത് സ്റ്റേജ് 6 പ്രകാരം നിര്‍മിക്കുന്ന ബസുകളുടെ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്കുള്ള ഏറ്റവും വലിയ കരാറാണ് അശോക് ലെയ്ലാന്റിന് ലഭിച്ചിരിക്കുന്നത്. കരാര്‍ ലഭിച്ചതോടെ അശോക് ലെയ്ലാന്റ് ലിമിറ്റഡ് ഓഹരിവിപണിയില്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്ടേക്കിങ്സിന് അശോക് ലെയ്ലാന്റുമായി ദീര്‍ഘകാല ബന്ധമാണുള്ളത്. തമിഴ്നാട് എസ്ടിയുവിന്റെ 18,000 ബസുകള്‍ അശോക് ലേലാന്റാണ് നിര്‍മിച്ചു നല്‍കിയത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ടിന്റെ ആകെ ബസുകളില്‍ 90 ശതമാനത്തോളം വരും ഇത്.
ആധുനിക സൗകര്യങ്ങളോടെയുള്ള വാഹനങ്ങളാണ് അശോക് ലേലാന്റ് തമിഴ്നാടിന് നിര്‍മിച്ചു നല്‍കുക. iGen6 BS VI സാങ്കേതികവിദ്യയുള്ള വാഹനത്തിന് എച്ച് സീരീസ് 147kW(197hp) എന്‍ജിനാണുള്ളത്. സുരക്ഷയും യാത്രാസുഖവും കുറഞ്ഞ പരിപാലന ചിലവുമാണ് ഈ ബസുകള്‍ക്ക്.
'തമിഴ്നാട് ട്രാന്‍സ്പോര്‍ട്ടില്‍ നിന്നും ഏറ്റവും വലിയ ബിഎസ് 6 ഓര്‍ഡര്‍ ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള വാഹനങ്ങള്‍ കൈമാറുക വഴി ഇന്ത്യന്‍ ബസ് വിപണിയിലെ മുന്‍ നിരയിലെ സ്ഥാനം തുടരാനാവുമെന്നാണ് കരുതുന്നത്. പൊതുവായി ഇന്ത്യയിലെ പൊതുഗതാഗത മേഖലയിലേയും പ്രത്യേകിച്ച് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് മേഖലയിലേയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ' അശോക് ലെയ്ലാന്റ് എംഡിയും സിഇഒയുമായ ഷേനു അഗര്‍വാള്‍ പറഞ്ഞു.
ഇന്ത്യയിലെ ഒന്നാമത്തേയും ലോകത്തെ നാലാമത്തേയും ബസ് നിര്‍മാണ കമ്പനിയാണ് അശോക് ലേലാന്റ്. രാജ്യത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന പ്രകടനമാണ് കമ്പനി നടത്തുന്നത്. പുതിയ ഓര്‍ഡര്‍ കൂടി ലഭിക്കുന്നതോടെ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ടില്‍ മാത്രം 20,000ത്തിലേറെ ബസുകള്‍ അശോക് ലേലാന്റിന്റേതായുണ്ടാവും.