ADVERTISEMENT

അടുത്ത വര്‍ഷം മുതല്‍ അമേരിക്കക്കാര്‍ക്ക് ആമസോണ്‍ വഴി കാറുകളും വാങ്ങാനാവും. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയിലാണ് ആമസോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ദക്ഷിണകൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയുടെ കാറുകളാണ് ആദ്യഘട്ടത്തില്‍ ആമസോണില്‍ വില്‍ക്കുക. ഇഷ്ട മോഡലുകളും ഫീച്ചറുകളും ആമസോണ്‍ വഴി തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. 

പടിപടിയായാണ് ആമസോണ്‍ കാര്‍ വില്‍പന രംഗത്തേക്ക് വരുന്നത്. നേരത്തെ ആമസോണ്‍ വഴി കാറുകളുടെ വിലയും സൗകര്യങ്ങളും താരതമ്യം ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ചില രാജ്യങ്ങളില്‍ മാത്രമാണ് ലഭ്യമായിരുന്നത്. അടുത്ത വര്‍ഷം മുതല്‍ ഹ്യുണ്ടേയ് കാറുകള്‍ ആമസോണില്‍ അവതരിപ്പിക്കാനാണ് പദ്ധതി.

മറ്റ് ഉത്പന്നങ്ങളുടേതു പോലെ കാറുകള്‍ക്കും വ്യത്യസ്തമായ പേമെന്റ് ഓപ്ഷനുകളും ആമസോണ്‍ നല്‍കും. സാമ്പത്തിക ഇടപാടുകള്‍ക്കു ശേഷം അടുത്തുള്ള ഡീലര്‍ഷിപ്പില്‍ നിന്നും നേരിട്ടുപോയി കാര്‍ സ്വന്തമാക്കാം. അല്ലെങ്കില്‍ കാര്‍ ഡീലര്‍ തന്നെ നിങ്ങളുടെ വിലാസത്തിലേക്ക് എത്തിച്ചു തരികയും ചെയ്യും. 

കാര്‍ വില്‍പനയില്‍ ഒരു ഇടനിലക്കാരന്റെ വേഷമാണ് ആമസോണിനുണ്ടാവുക. കാര്‍ കമ്പനികളുടെ ഔദ്യോഗിക വിതരണക്കാര്‍ വഴി തന്നെയാണ് ഉപഭോക്താക്കള്‍ക്ക് കാറുകള്‍ ലഭിക്കുക. ഡീലര്‍മാര്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ ആമസോണ്‍ സഹായിക്കുമെന്നും കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഹ്യുണ്ടേയ്ക്കു പിന്നാലെ മറ്റു കാര്‍ കമ്പനികളും ആമസോണുമായി സഹകരിക്കുമെന്നാണ് കരുതുന്നത്. 

'ഉപഭോക്താക്കളുടെ ജീവിതം കൂടുതല്‍ എളുപ്പത്തിലാവാന്‍ സഹായിക്കുന്ന ഞങ്ങളെ പോലെയുള്ള മറ്റൊരു കമ്പനിയാണ് ഹ്യുണ്ടേയ്. അതു തന്നെയാണ് ഞങ്ങള്‍ തുടരുന്നത്. കാറുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഞങ്ങള്‍ സഹായിക്കുന്നു. കാറില്‍ അലെക്‌സ ഉപയോഗിക്കാന്‍ ഹ്യുണ്ടേയ് അനുവദിക്കുന്നു. വരും വര്‍ഷങ്ങളിലും ഞങ്ങളുടെ സഹകരണം വിപുലമാവുമെന്നാണ് പ്രതീക്ഷ' എന്നാണ് ആമസോണ്‍ സി.ഇ.ഒ ആന്‍ഡി ജെസി പ്രതികരിച്ചത്. 

2025ഓടെ ഹ്യുണ്ടേയ് കാറുകളില്‍ ആമസോണ്‍ അലക്‌സ വോയ്‌സ് അസിസ്റ്റന്റ് ലഭ്യമായി തുടങ്ങും. മാത്രമല്ല ആമസോണ്‍ വെബ് സര്‍വീസിനെയാണ് ഹ്യുണ്ടേയ് ക്ലൗഡ് സേവനങ്ങള്‍ക്കായി ആശ്രയിക്കുക. കാര്‍ നിര്‍മാണ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാഹനങ്ങള്‍ വില്‍ക്കുന്ന രീതി ടെസ്‌ല കൊണ്ടുവന്നിരുന്നു. അവരുടെ വെബ് സൈറ്റില്‍ നിന്നും നേരിട്ട് കാര്‍ വാങ്ങാനാവും. എന്നാല്‍ പലയിടത്തും കാര്‍ ഡീലര്‍മാര്‍ ഈ സംവിധാനത്തെ നിയമപരമായി നേരിട്ടിരുന്നു. 

ഇങ്ങനെയൊരു പ്രശ്‌നം ഹ്യുണ്ടേയ് ആമസോണിലൂടെ വില്‍ക്കുമ്പോള്‍ സംഭവിക്കുന്നില്ല. ഇതിനകം തന്നെ പല കാര്‍ കമ്പനികളും ഡീലര്‍മാരും കാറുകളുടെവിശദാംശങ്ങള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്നുണ്ട്. ആമസോണില്‍ നിന്നു കൂടി കാര്‍ വാങ്ങാന്‍ അവസരം ലഭിക്കുന്നത് ഡീലര്‍മാര്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ സഹായിക്കുമെന്നതിനാല്‍ അവിടെ നിന്നും എതിര്‍പ്പിനുള്ള സാധ്യതയും കുറവാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com