വളരെ കുറച്ചു മാത്രം, ഇന്നോവ ഹൈക്രോസ് ലിമിറ്റഡ് എഡിഷൻ
Mail This Article
ഇന്നോവ ഹൈക്രോസിന്റെ ലിമിറ്റഡ് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട. ജിഎക്‌സ് ലിമിറ്റഡ് എഡിഷന്‍ വാഹനത്തിന് 20.07 ലക്ഷം മുതല്‍ 20.22 ലക്ഷം രൂപ വരെയാണ് വില. സ്റ്റാന്‍ഡേഡ് ജിഎക്‌സിനേക്കാള്‍ 40,000 രൂപ അധികം നല്‍കണം. അകത്തും പുറത്തും മാറ്റങ്ങളോടെ എത്തുന്ന ഈ ലിമിറ്റഡ് എഡിഷന്‍ വാഹനം കുറച്ചുസമയത്തേക്കു മാത്രമേ വിപണിയിലുണ്ടാവൂ എന്നാണ് ടൊയോട്ട നല്‍കുന്ന സൂചന.
പുറത്ത് വളരെ പരിമിതമായ മാറ്റങ്ങളോടെയാണ് ഇന്നോവ ഹൈക്രോസ് ജിഎക്‌സ് ലിമിറ്റഡ് എഡിഷന്‍ എത്തുന്നത്. ഗ്രില്ലിലെ ക്രോം ഗാര്‍ണിഷ് വാഹനത്തിന്റെ മധ്യഭാഗം വരെ നീളുന്നു. മുന്നിലേയും പിന്നിലേയും ബംപറുകളില്‍ വെള്ളി നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുണ്ട്. പ്ലാറ്റിനം വൈറ്റ് പെയിന്റ് വേണമെങ്കില്‍ അധികമായി 9,500 രൂപ കൂടി നല്‍കേണ്ടി വരും. ഇന്നോവ ഹൈക്രോസിന്റെ ജിഎക്‌സ് വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഉയര്‍ന്ന വകഭേദങ്ങളിലുള്ള വലിയ അലോയ് വീലുകള്‍ അടക്കമുള്ള ഫീച്ചറുകള്‍ ഈ ലിമിറ്റഡ് എഡിഷനില്‍ ഇല്ല.
കൂടുതല്‍ വിലയേറിയ വകഭേദങ്ങളിലുള്ള ഡാഷ്‌ബോര്‍ഡാണ് ഉള്ളില്‍ നല്‍കിയിട്ടുള്ളത്. വിഎക്‌സ് വകഭേദത്തില്‍ അടിസ്ഥാനമായിട്ടുള്ള സൗകര്യങ്ങളാണിത്. പുതിയ വിന്‍ഡോ കണ്‍ട്രോളും കറുപ്പ്, ചാര നിറങ്ങളിലുള്ള സീറ്റ് കവറുകളുമുണ്ട്. 7 സീറ്റര്‍, 8 സീറ്റര്‍ സൗകര്യങ്ങളില്‍ ജിഎക്‌സ് ലിമിറ്റഡ് എഡിഷന്‍ ലഭ്യമാണ്.
2.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് ജിഎക്‌സ് ലിമിറ്റഡ് എഡിഷനില്‍ നല്‍കിയിരിക്കുന്നത്. ജിഎക്‌സ് വകഭേദത്തെ അടിസ്ഥാനമാക്കിയതിനാല്‍ കൂടുതല്‍ ഇന്ധന ക്ഷമതയുള്ള ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലിമിറ്റഡ് എഡിഷനിലുണ്ടാവില്ല. 172 എച്ച്പി കരുത്തും പരമാവധി 205 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിന്‍ സിവിടി ഗിയര്‍ബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ വരെ മാത്രമേ ഈ ലിമിറ്റഡ് എഡിഷന്‍ ഇന്നോവ ഹൈക്രോസ് ലഭ്യമാവൂ എന്നാണ് സൂചന.