ADVERTISEMENT

ഭാരത് ക്രാഷ് ടെസ്റ്റിന്റെ ആദ്യ ഘട്ട ടെസ്റ്റിന്റെ ഫലം ഈ മാസം പുറത്തുവരും. ഡിസംബർ 15ന് നടന്ന ക്രാഷ് ടെസ്റ്റിന്റെ ഫലമാണ് ബിഎൻസിഎപി ഈ മാസം തന്നെ പുറത്തുവിടുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടേയ്, കിയ, മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ വാഹന നിർമാതാക്കൾ വാഹനം പരിശോധിക്കാനായി നൽകിയിരുന്നു. ഇവയുടെ ക്രാഷ് ടെസ്റ്റ് ഫലം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാൻസ്പോർട് പുണെ (സിഐആർടി) ആണ് പുറത്തുവിടുന്നത്. 

എന്താണ് ഭാരത് എൻസിഎപി

ഇന്ത്യയുടെ സ്വന്തം കാര്‍ ക്രാഷ് പരിശോധന സംവിധാനമാണ് ഭാരത് എന്‍സിഎപി. 3.5 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങളുടെ സുരക്ഷ ഇതു വഴി പരീക്ഷിക്കാന്‍ സാധിക്കും. വാഹനങ്ങളുടെ സുരക്ഷക്കൊപ്പം യാത്രികരായ മുതിര്‍ന്നവരുടേയും കുട്ടികളുടേയും സുരക്ഷാ സൗകര്യങ്ങളും വിലയിരുത്തിക്കൊണ്ടാണ് ഭാരത് എന്‍സിഎപി സ്റ്റാറുകള്‍ നല്‍കുക. ഉയര്‍ന്ന സുരക്ഷയുള്ള വാഹനങ്ങള്‍ക്ക് അഞ്ചു സ്റ്റാറും കുറഞ്ഞ സുരക്ഷയുള്ളവക്ക് ഒരു സ്റ്റാറുമാണ് ലഭിക്കുക. 

ഗ്ലോബല്‍ ന്യു കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന്റെ(ഗ്ലോബല്‍ എന്‍സിഎപി) മാതൃകയിലാണ് ഭാരത് ന്യു കാര്‍ അസസ്‌മെന്റ് പ്രോഗ്രാം(ഭാരത് എന്‍സിഎപി) തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ടുവേഡ്‌സ് സീറോ ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയാണ് ഇതിനു പിന്നില്‍. യു.എന്നിന്റെ അന്താരാഷ്ട്ര തലത്തിലുള്ള വാഹന സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണിത്. 

ഡ്രൈവര്‍ക്കു പുറമേ എട്ടു യാത്രികര്‍ വരെ ഉള്‍ക്കൊള്ളുന്ന പരമാവധി 3,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനങ്ങള്‍ ഭാരത് എന്‍സിഎപിയുടെ ഭാഗമായി ക്രാഷ് ടെസ്റ്റ് നടത്താനാവും. ഇതുവരെ 30 വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റ് നടത്തുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നാണ് റോഡ് ഗതാഗത ദേശീയപാതാ മന്ത്രാലയത്തിന്റെ വക്താക്കള്‍ അറിയിക്കുന്നത്. എന്നാല്‍ ഏതെല്ലാം കാറുകളാണ് ഇതെന്ന് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 

മുതിര്‍ന്ന യാത്രികരുടെ സുരക്ഷ, കുട്ടി യാത്രികരുടെ സുരക്ഷ, വാഹനത്തിന്റേയും കാല്‍നട യാത്രികരുടേയും സുരക്ഷക്കു വേണ്ടിയുള്ള സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം ഭാരത് എന്‍സിഎപിയുടെ ഭാഗമായി പരിശോധിക്കും. കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷ മൂന്നു പരീക്ഷണങ്ങളിലൂടെയാണ് പരിശോധിക്കുക. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ ഇടിപ്പിക്കുകയാണ് ഇതിലൊന്ന്. ഈ വേഗത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗത്തിന്റെ 40% ഭാഗമായിരിക്കും കട്ടിയേറിയ പ്രതലത്തില്‍ ഇടിപ്പിക്കുക. രണ്ടു വാഹനങ്ങള്‍ നേരിട്ടു കൂട്ടിയിടിച്ചാലുണ്ടാകുന്ന ആഘാതം പരിശോധിക്കാന്‍ വേണ്ടിയാണിത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ വശങ്ങള്‍ ഇടിച്ചാലുള്ള ആഘാതവും മണിക്കൂറില്‍ 29 കിലോമീറ്റര്‍ വേഗതയില്‍ വിളക്കു കാല്‍ പോലുള്ള സാധനങ്ങളില്‍ ഇടിച്ചാലുണ്ടാവുന്ന ആഘാതവും പരീക്ഷിക്കും. 

ക്രാഷ് ടെസ്റ്റിനായി വാഹന നിര്‍മാതാക്കള്‍ ആദ്യം അപേക്ഷ നല്‍കണം. ഇതിനു ശേഷം ഭാരത് എന്‍സിഎപി പ്രതിനിധികള്‍ വാഹന നിര്‍മാണ ഫാക്ടറിയില്‍ നിന്നോ ഡീലര്‍ ഔട്ട്‌ലറ്റില്‍ നിന്നോ നിശ്ചിത മോഡല്‍ തെരഞ്ഞെടുക്കും. ക്രാഷ് ടെസ്റ്റ് പൂര്‍ത്തിയായാല്‍ ഭാരത് എന്‍സിഎപി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ അനുമതി കൂടി ലഭിച്ച ശേഷം വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടായിരിക്കും ക്രാഷ് ടെസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുക. 

വാഹന നിര്‍മാതാക്കള്‍ക്ക് എല്ലാ മോഡലുകളും ക്രാഷ് ടെസ്റ്റിന് വിധേയമാക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ മോഡലുകള്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കേണ്ടി വരികയും ചെയ്യും. 30,000ത്തിലേറെ യൂണിറ്റുകള്‍ വിറ്റ വാഹനങ്ങളുടെ അടിസ്ഥാന വേരിയന്റും പൊതു സുരക്ഷയെ ബാധിക്കുന്നുവെന്ന് ആവര്‍ത്തിച്ച് പരാതി ലഭിക്കുന്ന വാഹനങ്ങളും ക്രാഷ് ടെസ്റ്റിന് വിധേയമാക്കാന്‍ വാഹന നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവും. 

വാഹനങ്ങളുടെ സുരക്ഷ മാത്രമല്ല ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകളുടെ കയറ്റുമതി സാധ്യതയും ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റ് വഴി വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്. പരമ്പരാഗത കംപല്‍ഷന്‍ എന്‍ജിന്‍ കാറുകള്‍ മാത്രമല്ല സിഎന്‍ജി, വൈദ്യുത കാറുകളും ഭാരത് എന്‍സിഎപി വഴി കരുത്തു പരീക്ഷിക്കാനാവും. നിലവില്‍ വന്നതോടെ ക്രാഷ് ടെസ്റ്റിനായി മാത്രം വിദേശത്തേക്ക് കാറുകള്‍ കയറ്റി അയക്കുന്ന അധിക ചിലവ് ഇന്ത്യയില്‍ കാര്‍ നിര്‍മിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവും. ഭാരത് എൻസിഎപിയിൽ ഒരു വാഹനം ടെസ്റ്റ് ചെയ്യാൻ 60 ലക്ഷം രൂപയാണ് ചിലവ്. ഗ്ലോബൽ എൻസിഎപി പോലുള്ള രാജ്യാന്തര ടെസ്റ്റിങ് സെന്ററുകളിൽ ഇത് 2.5 കോടി രൂപ വരെയാകും.

English Summary:

Auto News, Bharat NCAP crash test Results to be Announced this Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com