ADVERTISEMENT

രൂപത്തിലും സാങ്കേതികവിദ്യയിലും സൗകര്യങ്ങളിലും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്ന നിരവധി കാറുകള്‍ 2023ല്‍ ഇന്ത്യയിലെത്തി. കാര്‍ വിപണിയുടെ തലവരെ വരെ മാറ്റി എഴുതാൻ കരുത്തുള്ള കാറുകളും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയില്‍ 2023ല്‍ പുറത്തിറങ്ങിയ കാര്‍ വിപണിയെ തന്നെ സ്വാധീനിക്കുന്ന പത്തു കാറുകളെ പരിചയപ്പെടാം. 

tata-nexon-13

ടാറ്റ നെക്‌സോണ്‍

ഇന്ത്യന്‍ കാര്‍ വിപണിയുടെ മനസു കീഴടക്കിയ മോഡലാണ് ടാറ്റ നെക്‌സോണ്‍. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്ന സബ് കോംപാക്ട് എസ്‌യുവി ടാറ്റ നെക്‌സോണാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് രൂപത്തിലും ഫീച്ചറുകളിലും നിരവധി പുതുമകളോടെയാണ് നെക്‌സോണ്‍ മുഖം മിനുക്കിയെത്തിയത്. ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയതും ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ വിവിധ മോഡലുകള്‍ പെട്രോളിലും ഡീസലിലും വൈദ്യുതിയിലും വരെ ഉണ്ടെന്നതും നെക്‌സോണിന് ഗുണമായി. 8.09 ലക്ഷം  മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് വിലയെന്നതും നെക്‌സോണിലേക്ക് പലരേയും ആകര്‍ഷിച്ചു. ഇനി ഇവി മോഡലാണെങ്കില്‍ വില 14.74 ലക്ഷം മുതല്‍ 19.94 ലക്ഷം രൂപയിലേക്ക് ഉയരുമെന്നു മാത്രം. 

maruti-suzuki-fronx-3

മാരുതി സുസുക്കി ഫ്രോങ്‌സ്

പുറത്തിറങ്ങി ആദ്യ ഏഴു മാസത്തിനുള്ളില്‍ 75,000ലേറെ ഫ്രോങ്‌സ് വില്‍ക്കാന്‍ മാരുതി സുസുക്കിക്ക് സാധിച്ചു. ആദ്യ മാസം തന്നെ 8,784 യൂണിറ്റ് വില്‍പന നടന്നുവെന്നത് ഫ്രോങ്‌സ് ഇന്ത്യന്‍ വിപണിയില്‍ ചെലുത്തിയ സ്വാധീനത്തിന് തെളിവായി. ബലേനോയെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ഫ്രോങ്‌സിന്റെ മുന്‍ഭാഗത്തിന് ഗ്രാന്‍ഡ് വിറ്റാരയോടാണ് സാമ്യം. പെട്രോള്‍ മോഡലിനു ശേഷം 28.51 കിലോമീറ്റര്‍ ഇന്ധനക്ഷമതയുള്ള ഫ്രോങ്‌സിന്റെ സിഎന്‍ജി മോഡലും മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു. 

maruti-suzuki-jimny-test-drive-10

മാരുതി സുസുക്കി ജിംനി

2018ല്‍ പുറത്തിറങ്ങിയ ജിംനിയുടെ ലോങ് വീല്‍ബെയ്‌സ്, 5 ഡോര്‍ പതിപ്പാണ് സുസുക്കി ജിംനി. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ജിംനിയുടെ അഞ്ച് ഡോര്‍ പതിപ്പ് മാരുതി അവതിപ്പിച്ചത്. പെട്രോള്‍ നാലു വീല്‍ ഡ്രൈവ് മോഡലില്‍ ലഭ്യമായ ജിംനി രൂപംകൊണ്ടും പ്രകടനം കൊണ്ടും വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കുന്നു. പുതുവര്‍ഷത്തോട് അനുബന്ധിച്ച് സീറ്റ മോഡലിന് രണ്ടു ലക്ഷം രൂപയും ആല്‍ഫക്ക് ഒരു ലക്ഷം രൂപയോളവുമാണ് മാരുതി സുസുക്കി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഥാറിനേക്കാള്‍ അഞ്ചു ലക്ഷത്തോളം രൂപ കുറവില്‍ ജിംനിയുടെ സ്റ്റാന്‍ഡേഡ് വകഭേദമായ സീറ്റ ലഭിക്കുമെന്ന നില വന്നിട്ടുണ്ട്. ഒരേസമയം ഫാമിലി കാറായും പാര്‍ട് ടൈം ഓഫ് റോഡറായും ഉപയോഗിക്കാനാവുമെന്നതും ജിംനിയിലേക്ക് നിരവധി പേരെ ആകര്‍ഷിക്കുന്നുണ്ട്. 

Hyundai Ionic 5
Hyundai Ionic 5

ഹ്യുണ്ടേയ് അയോണിക് 5

ഇന്ത്യയിലെ പ്രീമിയം വൈദ്യുത കാറുകളില്‍ സവിശേഷ സ്ഥാനം നേടാനായ വാഹനമാണ് ഹ്യുണ്ടേയ് അയോണിക് 5. ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ 1,100 അയോണിക് 5 ഇന്ത്യയില്‍ വില്‍ക്കാന്‍ ഹ്യുണ്ടേയ്ക്ക് സാധിച്ചു. 44.95 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഈ വാഹനം ഒറ്റ ചാര്‍ജില്‍ 613 കിലോമീറ്റര്‍ സഞ്ചരിക്കും. ഓട്ടോ എക്‌സ്‌പോയില്‍ ഷാറൂഖ് ഖാന്‍ പുറത്തിറക്കിയ അയോണിക് 5 കിങ് ഖാന്‍ തന്നെ സ്വന്തമാക്കിയതും അടുത്തിടെ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ വിപണിയിലെ 1,100ാമത്തെ വാഹനമാണ് ഷാറൂഖ് സ്വന്തമാക്കിയത്. 

hyundai-verna

ഹ്യുണ്ടേയ് വെര്‍ന

കഴിഞ്ഞ മാര്‍ച്ചിലാണ് വെര്‍ന ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടേയ് പുറത്തിറക്കിയത്. വില പ്രഖ്യാപിക്കും മുമ്പു തന്നെ 8,000 ബുക്കിങ് വെര്‍നക്ക് ലഭിച്ചുവെന്ന് ഹ്യുണ്ടേയ് അറിയിച്ചിരുന്നു. രണ്ടു എന്‍ജിന്‍ വകഭേദങ്ങളിലായി പുറത്തിറങ്ങുന്ന പുതിയ വെര്‍ന ചെന്നൈയിലെ പ്ലാന്റില്‍ തന്നെയാണ് നിര്‍മിക്കുന്നത്. രൂപകല്‍പനയില്‍ ഞെട്ടിച്ച കാറുകളിലൊന്നാണ് വെര്‍ന. സ്പ്ലിറ്റ് ഹെഡ് ലാംപും നീളത്തിലുള്ള എല്‍ഇഡി ലാംപുകളും കാറിന്റെ വീതി പൂര്‍ണമായും ഉപയോഗിച്ചുള്ള ഗ്രില്ലുകളും ബംപറുകളുടെ വശങ്ങളിലെ ആരോ ഹെഡ് ഡിസൈനുമെല്ലാം നിരവധി പേരെയാണ് ആകര്‍ഷിച്ചത്. കൂടുതല്‍ പരന്ന ബോണറ്റ് ഒരു മസില്‍ കാര്‍ ലുക്കും വെര്‍നക്കു നല്‍കുന്നുണ്ട്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ചതോടെ വെര്‍ന നല്‍കുന്ന സുരക്ഷയുടെ കാര്യത്തിലും സംശയമില്ലാതെയായി. 

hyundai-exter-1

ഹ്യുണ്ടേയ് എക്‌സ്റ്റര്‍

2023 ജൂലൈ 10ന് ഇന്ത്യയില്‍ അവതരിപ്പിച്ച എക്സ്റ്റര്‍ ഈ വര്‍ഷത്തെ ഹ്യുണ്ടേയുടെ ജനപ്രിയ ഹിറ്റാണ്. ഡിസംബര്‍ തീരും മുമ്പേ ഒരു ലക്ഷം ബുക്കിങ് പൂര്‍ത്തിയാക്കാന്‍ എക്സ്റ്ററിന് സാധിച്ചുവെന്നത് ചെറിയ നേട്ടമല്ല. ടാറ്റ പഞ്ചുമായാണ് ചെറു എസ്.യു.വി വിഭാഗത്തില്‍ എക്സ്റ്റര്‍ പ്രധാനമായും മത്സരിക്കുന്നത്. വില 5.99 ലക്ഷം മുതല്‍ 9.99 ലക്ഷം രൂപ വരെയാണ്. മാനുവല്‍, ഓട്ടോമാറ്റിക്, സി.എന്‍.ജി മോഡലുകളില്‍ എക്‌സറ്റര്‍ എത്തുന്നുണ്ട്. സെഗ്മെന്റില്‍ ആദ്യമായി സണ്‍റൂഫും ഡാഷ് ക്യാമും അവതരിപ്പിച്ചത് എക്സ്റ്ററാണ്. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ ബാഗിന്റെ സുരക്ഷയുമുണ്ട്. 

citroen-c3-aircross-3

സിട്രോണ്‍ സി3 എയര്‍ക്രോസ്

സിട്രോണിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് സി3 എയര്‍ക്രോസ്. ഏഴു സീറ്റ്, അഞ്ചു സീറ്റ് മോഡലില്‍ എയര്‍ ക്രോസ് എത്തുന്നു. അഞ്ചു സീറ്റ് മോഡലില്‍ 444 ലീറ്റര്‍ ബൂട്ട് സ്‌പെയ്‌സ്, ഏഴു സീറ്റില്‍ മൂന്നാം നിര മടക്കിവെച്ചാല്‍ 511 ലീറ്റര്‍ ബൂട്ട് സ്‌പെയ്‌സും ലഭിക്കും. ഇതുപോലെയുള്ള പിടിവാശികളില്ലാത്ത പ്രായോഗിക സമീപനമാണ് സിട്രോണ്‍ സി3 എയര്‍ക്രോസിനെ ജനപ്രിയമാക്കിയത്. എസ്.യു.വിയുടെ കരുത്തും ഒതുക്കവും തേടുന്നവര്‍ക്കിടയില്‍ പ്രചാരം ലഭിച്ച വാഹനമാണിത്. 

Honda Elevate
Honda Elevate

ഹോണ്ട എലിവേറ്റ് 

ഇക്കഴിഞ്ഞ ജൂണ്‍ ആറിന് ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഹോണ്ട എലിവേറ്റ് പ്രദര്‍ശിപ്പിച്ചത്. അതില്‍ നിന്നുതന്നെ ഇന്ത്യന്‍ വിപണിയാണ് ഹോണ്ടയുടെ ലക്ഷ്യവും പ്രതീക്ഷയുമെന്ന കാര്യം ഉറപ്പായി. നാലു വകഭേദങ്ങളിലായി പെട്രോള്‍, മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളിലാണ് ഈ മിഡ് സൈസ് എസ്.യു.വിയുടെ വരവ്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോം. എന്‍ജിന്‍ 1.5 ലീറ്റര്‍ പെട്രോള്‍, 121 എച്ച്പി. 11 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന എലിവേറ്റ് ഹോണ്ടയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയില്ല. ഇന്ത്യയില്‍ 20,000 എലിവേറ്റുകള്‍ വിറ്റുവെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ഡിസംബര്‍ 16നാണ് അറിയിച്ചത്. 

innova-hycross-2

ടൊയോട്ട ഇന്നോവ ഹൈക്രോസ്

ടൊയോട്ട ഇന്നോവ ടൊയോട്ട ഹൈക്രോസായി പരിണമിച്ച വര്‍ഷം കൂടിയാണ് 2023. ജനുവരി മുതല്‍ വിപണിയിലുള്ള വാഹനം തുടക്കത്തില്‍ അഞ്ചു വകഭേദങ്ങളിലാണ് ഇറങ്ങിയത്. രണ്ട് പെട്രോള്‍ മോഡലും (G-SLF, GX) മൂന്നു ഹൈബ്രിഡ് മോഡലുകളും(VX, ZX, ZX(O)). പിന്നീട് മാര്‍ച്ചില്‍ ഒരു ഹൈബ്രിഡ് VX(O) വകഭേദം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. എംപിവിയേക്കാള്‍ എസ്.യു.വി രൂപമുള്ള ക്രോസ് ഓവര്‍ ലുക്കുള്ള വാഹനം. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം(എഡിഎഎസ്) സംവിധാനമുള്ള ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനമാണ് ഹൈക്രോസ്. ഇപ്പോഴും ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന കാറുകളില്‍ മുന്നിലാണ് ഹൈക്രോസ്. കഴിഞ്ഞ നവംബറില്‍ ഇന്ത്യയിലെ ടൊയോട്ടയുടെ ആകെ വാഹന വില്‍പനയില്‍ 25.14% ആയിരുന്നു ഹൈക്രോസിന്റെ വിഹിതം. 

mg-comet

എംജി കോമറ്റ്

എട്ടു ലക്ഷം രൂപക്ക് 230 കി.മീ റേഞ്ചുള്ള ചെറു ഇ.വി എന്ന രീതിയിലാണ് കോമറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആയിരം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 519 രൂപ മാത്രമേ വേണ്ടി വരൂ എന്നാണ് കോമറ്റിനു മുകളില്‍ എംജി നല്‍കിയ വാഗ്ദാനം. ഫീച്ചറുകളിലും രൂപകല്‍പനയിലും യാതൊരു ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാതെ നഗരയാത്രക്ക് അനുയോജ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമാണ് കോമറ്റ്. രൂപവും സവിശേഷതകളും കൊണ്ട് 2023ല്‍ പ്രത്യേക ശ്രദ്ധ നേടിയ കാറു കൂടിയാണ് എംജിയുടെ കോമറ്റ്.

English Summary:

Auto News, Top 10 Cars Of 2023: Reshaping The Indian Automobile Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com