വിൽപനയിൽ ചരിത്ര നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി ബ്രെസ
Mail This Article
ചരിത്ര നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി ബ്രെസ. പുറത്തിറങ്ങി 94 മാസം കൊണ്ട് 10 ലക്ഷം യൂണിറ്റ് എന്ന ചരിത്രം നേട്ടമാണ് മാരുതി സുസുക്കിയുടെ ചെറു എസ്‍യുവി സ്വന്തമാക്കുന്നത്. ഇതോടെ നാലു മീറ്റർ താഴെ നീളമുള്ള കോംപാക്റ്റ് എസ്‍യുവി വിഭാഗത്തിൽ ഏറ്റവും അധികം വിൽക്കപ്പെട്ട വാഹനങ്ങളിലൊന്നായി മാരുതി ബ്രസ മാറി. 2016 മാർച്ചിലാണ് മാരുതി ബ്രെസയെ വിപണിയിൽ എത്തിച്ചത്.
വിൽപന ഒമ്പത് ലക്ഷം യൂണിറ്റ് പിന്നിട്ടതിന് ശേഷം വെറും എട്ട് മാസംകൊണ്ട് പത്തുലക്ഷം യൂണിറ്റ് എന്ന മാർജിൻ കടക്കാൻ മാരുതിയ്ക്ക് കഴിഞ്ഞു. ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 111371 യൂണിറ്റ് വാഹനങ്ങൾ വിറ്റു. അതായത് ഓരോ മാസവും ശരാശരി 13921 യൂണിറ്റ് വിൽപന, ദിവസം ശരാശരി 497 യൂണിറ്റ്.
ഈ വർഷം ആദ്യം വിപണിയിൽ എത്തിച്ച സിഎൻജി മോഡൽ വിൽപന ഉയർത്തി എന്നാണ് മാരുതി പറയുന്നത്. പെട്രോൾ മോഡലിന് കെ 15സി സ്മാർട്ട് ഹൈബ്രിഡ് എൻജിനാണ് കരുത്ത് പകരുന്നത്. 75.8 കിലോവാട്ട് കരുത്തും 136.8 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. 19.80 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.5 ലീറ്റർ ഡ്യുവൽ വിവിടി എൻജിന്റെ സിഎൻജി മോഡിൽ 64.6 കിലോവാട്ട് കരുത്തും 121.5 എൻഎം ടോർക്കുമുണ്ട്. ഒരു കിലോഗ്രാം സിഎൻജിയിൽ 25.51 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.