എസ്യുവി ലുക്കിലൊരു സെഡാൻ; വരുന്നു സിട്രോണിന്റെ മൂന്ന് കാറുകൾ
Mail This Article
2024ല്‍ മൂന്നു കാറുകൾ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണ്‍. ഇതില്‍ രണ്ടെണ്ണം പുതിയ മോഡലുകളും ഒരെണ്ണം ഇലക്ട്രിക് എസ്‌യുവിയുമാണ്. ഇസി 3, സി 3 എയര്‍ക്രോസ് എന്നീ മോഡലുകള്‍ 2023ല്‍ അവതരിപ്പിച്ച സിട്രോണ്‍ പുതുവര്‍ഷത്തില്‍ കൂടുതല്‍ ഇന്ത്യക്കാരിലേക്കെത്താനുള്ള ശ്രമത്തിലാണ്.
സിട്രോണ്‍ സി 3, സി 3 എയര്‍ക്രോസ് ഓട്ടോമാറ്റിക്
സി3യിലും സി3 എയര്‍ക്രോസ് എസ്‌യുവിയിലേയും സുപ്രധാന മാറ്റം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. സിട്രോണിന്റെ ഇന്ത്യയിലെ ഓട്ടോമാറ്റിക് മോഡലുകളുടെ എണ്ണം കൂട്ടാന്‍ ഈ നീക്കം സഹായിക്കും. എന്നാണ് ഈ മോഡലുകള്‍ ഇന്ത്യയിലെത്തുകയെന്ന് ഔദ്യോഗികമായി സിട്രോണ്‍ അറിയിച്ചിട്ടില്ല. എങ്കിലും 2024 തുടക്കത്തില്‍ തന്നെ ഇതു പ്രതീക്ഷിക്കാം. നിലവിലെ 110എച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ മൂന്നാം തലമുറയും പുതിയ സിട്രോണ്‍ മോഡലുകളില്‍ പ്രതീക്ഷിക്കാം.
സിട്രോണ്‍ സി3എക്‌സ്
2024 പകുതിയോടെ സി3എക്‌സ് മിഡ് സൈസ് സെഡാന്‍ അവതരിപ്പിക്കാന്‍ സിട്രോണിന് പദ്ധതിയുണ്ട്. എസ്‌യുവിയുടേതിനു സമാനമായ ഗ്രൗണ്ട് ക്ലിയറന്‍സ് അടക്കമുള്ള ഫീച്ചറുകളുള്ള വാഹനമാണിത്. നിലവിൽ രാജ്യാന്തര വിപണിയിലുള്ള സി4 എക്സിന്റെ രൂപഭംഗിയിലായിരിക്കും പുതിയ വാഹനം എത്തുക. ഹ്യുണ്ടേയ് വെര്‍ന, ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടസ് എന്നിങ്ങനെ വിപണിയില്‍ തരംഗം സൃഷ്ടിക്കുന്ന മോഡലുകളോടാണ് സി3എക്‌സ് മത്സരിക്കുക. സിട്രോണിന്റെ കോമണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമാണ് ഇതിലും ഉപയോഗിക്കുന്നത്. 110 എച്ച്പി, 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ടാറ്റയുടെ കര്‍വാണ് സിട്രോണ്‍ സി3എക്‌സിന്റെ പ്രധാന എതിരാളി.
സിട്രോണ്‍ ഇസി3 എയര്‍ക്രോസ്
2024 അവസാനത്തോടെയാണ് ഇസി3 എയര്‍ക്രോസ് എത്തുക. സി 3 എയര്‍ക്രോസിന്റെ വൈദ്യുത മോഡലാണിത്. സിട്രോണ്‍ കാറുകളില്‍ വിജയിച്ച സി3 എയര്‍ക്രോസിന്റെ വൈദ്യുത മോഡൽ പ്രതീക്ഷിച്ചിരുന്നതാണ്. ബാറ്ററിയും മോട്ടോറും സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. എയര്‍ക്രോസിന്റെ വലുപ്പവും ഭാരവും കണക്കിലെടുക്കുമ്പോള്‍ താരതമ്യേന വലിയ ബാറ്ററിയും മോട്ടോറും തന്നെയാവും ഇസി3 എയര്‍ക്രോസിനുണ്ടാവുകയെന്നു പ്രതീക്ഷിക്കാം. 5 സീറ്റ്, 7 സീറ്റ് ഓപ്ഷനുകളില്‍ സിട്രോണ്‍ ഇസി3 എത്തും.