ADVERTISEMENT

ജീവനക്കാര്‍ക്ക് 50 കാറുകള്‍ സമ്മാനം നല്‍കി ചെന്നൈ ഐടി കമ്പനിയായ ഐഡിയാസ്ടുഐടി. കമ്പനിയുടെ വരുമാനം പങ്കുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കാറുകള്‍ സമ്മാനമായി നല്‍കിയത്. ജീവനക്കാരില്‍ പലരും തുടക്കം മുതല്‍ കമ്പനിക്കൊപ്പമുണ്ടെന്നും അവരുടെ കഠിനാധ്വാനത്തിന് പ്രതിഫലം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് കമ്പനി സ്ഥാപകന്‍ മുരളി വിവേകാനന്ദന്‍ പ്രതികരിച്ചത്.

2009ല്‍ ഭാര്യക്കൊപ്പം ചേര്‍ന്നാണ് മുരളി ഈ ഐടി കമ്പനി സ്ഥാപിച്ചത്. 'ഞാനും എന്റെ പങ്കാളിയുമാണ് കമ്പനിയുടെ ഓഹരി പങ്കാളികള്‍. ദീര്‍ഘകാലം കമ്പനിക്കൊപ്പം ജോലിയെടുത്ത ജീവനക്കാര്‍ക്ക് 33 ശതമാനം ഓഹരി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വെല്‍ത്ത് ഷെയറിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് 50 കാറുകള്‍ ജീവനക്കാര്‍ക്ക് സമ്മാനിച്ചതും' മുരളി പറയുന്നു. ബലേനോ, ഗ്രാൻഡ് വിറ്റാര, ഫ്രോങ്സ്, എർട്ടിഗ എന്നീ കാറുകളാണ് നൽകിയത്.

'എംപ്ലോയീസ് ടു പാട്‌ണേഴ്‌സ് എന്നത് ഞങ്ങളുടെ നയത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ വിജയത്തിന് സഹായിച്ച ജീവനക്കാര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം നല്‍കണം. അവരാണ് ഞങ്ങളുടെ ബ്രാന്‍ഡ് അംബാസിഡേഴ്‌സ്. മറ്റുള്ള ജീവനക്കാര്‍ക്കുള്ള പ്രചോദനം കൂടിയാണ് ഇവര്‍' എന്നാണ് മുരളി വിവേകാനന്ദന്‍ പറഞ്ഞത്. 'ജീവനക്കാര്‍ കുടുബം പോലെയാണെന്ന് പല കോര്‍പറേറ്റ് കമ്പനികളും പറയാറുണ്ട്. പലപ്പോഴും ഇത് വാചകകസര്‍ത്തില്‍ ഒതുങ്ങുകയാണ് പതിവ്. ജീവനക്കാരെ കമ്പനിയുടെ ഉടമകളാക്കി മാറ്റുകയാണ് ഞങ്ങള്‍ ചെയ്തത്' എന്നാണ് ഐഡിയാസ്ടുഐടി സഹസ്ഥാപക ഭവാനി രാമന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും ജീവനക്കാര്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്‍കി ഇതേ കമ്പനി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അന്ന് 100 കാറുകളാണ് ജീവനക്കാര്‍ക്ക് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒരു ഐടി കമ്പനി 13 ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ചിരുന്നു. വര്‍ഷങ്ങളായി കമ്പനിക്കുവേണ്ടി കഠിനാധ്വാനം നടത്തുന്ന അര്‍പ്പണബോധമുള്ള ജീവനക്കാര്‍ക്കാണ് ഈ സമ്മാനമെന്നായിരുന്നു അവര്‍ പറഞ്ഞത്. കമ്പനിയുടെ തുടക്കം മുതലുള്ളവര്‍ക്കാണ് ഈ കമ്പനിയുടെ സമ്മാനമായി കാര്‍ ലഭിച്ചത്.

2018 ഒക്ടോബറില്‍ ഗുജറാത്തിലെ വജ്രവ്യാപാരി സവ്ജിഭായ് ദോലാകിയ സമ്മാനങ്ങള്‍ നല്‍കി തൊഴിലാളികളേയും മറ്റുള്ളവരേയും ഞെട്ടിച്ചിരുന്നു. അന്ന് ദീപാവലി സമ്മാനമായി 600 കാറുകളും സ്ഥിര നിക്ഷേപവും 1700 പേര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയുമാണ് സവ്ജിഭായ് നല്‍കിയത്. അദ്ദേഹത്തിന്റെ സ്ഥാപനമായ ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്‌സില്‍ ജോലി ചെയ്തിരുന്നവര്‍ക്കായിരുന്നു ഈ സമ്മാനം ലഭിച്ചത്. ഇതിനും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവനക്കാര്‍ക്ക് 400 ഫ്‌ളാറ്റുകളും 1260 കാറുകളും ദീപാവലി സമ്മാനമായി നല്‍കിയും സവ്ജിഭായ് അമ്പരപ്പിച്ചിരുന്നു.

English Summary:

Auto News, Chennai-based IT firm's head gifts brand new car to 50 employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com