കൊറോള ക്രോസ്, ഇലക്ട്രിക് എസ്യുവി, 7 സീറ്റർ; ഉടൻ എത്തുന്ന 4 ടൊയോട്ട വാഹനങ്ങൾ
Mail This Article
യൂട്ടിലിറ്റി വിപണിയിൽ പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ ടൊയോട്ട. വരുന്ന രണ്ടു വർഷത്തിനുള്ളിൽ ഇലക്ട്രിക് എസ്‍യുവി അടക്കം നാല് വാഹനങ്ങളാണ് ടൊയോട്ട വിപണിയിൽ എത്തിക്കുക. യൂട്ടിലിറ്റി വിപണിയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിനായി മാരുതിയുമായി സഹകരിച്ചും അല്ലാതെയും ടൊയോട്ട എസ്‍യുവികൾ എത്തിക്കും.
അർബൻ ക്രൂസർ ടൈസോർ എന്ന ഫ്രോങ്സ്
ടൊയോട്ട സുസുക്കി സഹകരണത്തിൽ പുറത്തിറക്കുന്ന അടുത്ത വാഹനം ഫ്രോങ്സിന്റെ ബ്രാൻഡ് എൻജിനിയറിങ് മോഡലായിരിക്കും. ഇതിനായി അർബൻ ക്രൂസർ ടൈസോർ എന്ന പേര് ടൊയോട്ട റജിസ്റ്റർ ചെയ്തു. വിപണിയിൽ നിന്ന പിൻവലിച്ച അർബൻ ക്രൂസറിന് പകരം കോംപാക്റ്റ് എസ്‍യുവി സെഗ്‌മെന്റിലേക്ക് ടൊയോട്ട പുറത്തിറക്കുന്ന വാഹനമായിരിക്കും മാരുതി ഫ്രോങ്സിന്റെ ബ്രാൻഡ് എൻജിനീയേറിങ് മോഡൽ. 1.2 ലീറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനും 1.0 ലീറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനും വാഹനത്തിലുണ്ടാകും. ടർബോ പെട്രോൾ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുമുണ്ട്. 1.2 ലീറ്റർ എൻജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയർബോക്സും ലഭിക്കും.ഹാർടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഫ്ലോട്ടിങ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, 360-ഡിഗ്രി ക്യാമറ, ക്രൂസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയും വാഹനത്തിലുണ്ട്.
ഏഴു സീറ്റ് ഹൈറൈഡർ
അർബൻ ക്രൂസർ ഹൈറൈഡറിന്റെ ഏഴു സീറ്റ് മോഡൽ ടൊയോട്ട അടുത്ത വർഷം വിപണിയിൽ എത്തിക്കും. വൈ17 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന കാർ മാരുതിയുടെ പ്ലാന്റിലായിരിക്കും നിർമിക്കുന്നത്. ഗ്രാൻഡ് വിറ്റാരയുടെ മൂന്നു നിര സീറ്റ് മോഡല്‍ പുറത്തിറങ്ങിയത് ശേഷമായിരിക്കും ഹൈറൈഡറും വിപണിയിൽ എത്തുക.
ടൊയോട്ട കൊറോള ക്രോസ്
കൊറോളയുടെ ക്രോസ് ഓവർ അടുത്ത വർഷം വിപണിയിലെത്തും. 340ഡി എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന മൂന്നു നിരയുള്ള ഈ എസ്‌യുവി രാജ്യാന്തര വിപണിയിലെ കൊറോള ക്രോസ് എസ്‌യുവിയുടെ ഇന്ത്യൻ മോഡലായിരിക്കുമെന്നാണ് സൂചന.
ടൊയോട്ടയുടെ ടിഎന്‍ജിഎ-സി പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുക. എസ്‌യുവികള്‍ക്കും എംപിവികള്‍ക്കും സബ്‌കോംപാക്ട്, കോംപാക്ട് കാറുകള്‍ക്കും വേണ്ടിയാണ് ഈ പ്ലാറ്റ്‌ഫോം നിര്‍മിച്ചിരിക്കുന്നത്. ഫ്രണ്ട് വീല്‍, ഓള്‍ വീല്‍ ഡ്രൈവ് വാഹനങ്ങളേയും 2,640 എംഎം മുതല്‍ 2,850 എംഎം വരെ വീല്‍ബേസുള്ള വാഹനങ്ങളേയും ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാനാവും. പലതരത്തിലുള്ള പവര്‍ട്രെയിനുകള്‍ കൊറോള ക്രോസില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ 1.8 ലീറ്റര്‍, 2.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനുകളും 1.8 ലീറ്റര്‍, 2.0 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രയിനുകളും ഉള്‍പ്പെടും. ഇന്ത്യന്‍ നിര്‍മിത കൊറോള ക്രോസിന് 2.0 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിനാവാനാണ് സാധ്യത.
ഇലക്ട്രിക് എസ്‍യുവി
മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ രണ്ടു വർഷത്തിനുള്ളിൽ ടൊയോട്ട പുറത്തിറക്കും. ടൊയോട്ട അര്‍ബന്‍ എസ്‌യുവി എന്നു പേരിട്ടിരിക്കുന്ന ഈ വാഹനം മാരുതി സുസുക്കി ഇവിഎക്സ് എസ്‌യുവിയുടെ ടൊയോട്ട മോഡലായിരിക്കും. അതുകൊണ്ടുതന്നെ അകത്തും പുറത്തും ഫീച്ചറുകളിലും മാരുതി ഇവിഎക്സുമായി ഈ വാഹനത്തിന് നിരവധി സാമ്യതകളുണ്ട്. അര്‍ബന്‍ എസ്‌യുവിക്ക് 4,300എംഎം നീളവും 1,820എംഎം വീതിയും 1,620എംഎം ഉയരവുമാണുള്ളത്. മാരുതി ഇവിഎക്സ് നീളത്തില്‍ സമാനമാണെങ്കിലും വീതിയില്‍ 20എംഎം കുറവാണ്. രണ്ടു വാഹനങ്ങള്‍ക്കും 2,700എംഎം വീല്‍ബേസാണുള്ളത്.
സ്റ്റൈലിങില്‍ ടൊയോട്ടയുടെ ബിഇസഡ് കോപാക്ട് എസ്‌യുവിയോടാണ് അര്‍ബന്‍ എസ്‌യുവിക്ക് കൂടുതല്‍ സാമ്യമുള്ളത്. പിന്‍ഭാഗത്തിന് ഇവിഎക്സിനോടാണ് കൂടുതല്‍ സാമ്യം. സി പില്ലറിലാണ് പിന്നിലെ ഡോറുകളുടെ ഹാന്‍ഡിലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവിട്ടെങ്കിലും അര്‍ബന്‍ എസ്‌യുവിയുടെ ഇന്റീരിയറിന്റെ വിശദാംശങ്ങള്‍ ടൊയോട്ട പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇവിഎക്സിന്റേതു പോലെ വിശാലമായ ഇന്റീരിയറായിരിക്കും ടൊയോട്ടയുടെ അര്‍ബനും പ്രതീക്ഷിക്കുന്നത്.
27 പിഎൽ സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് ഈ രണ്ട് എസ്‌യുവികളും നിര്‍മിക്കുക. 400 കിലോമീറ്ററിലേറെ റേഞ്ചുള്ള മോഡലുകളിൽ രണ്ട് ബാറ്ററി പാക്കുകളില്‍ അര്‍ബന്‍ എസ്‌യുവി പുറത്തിറങ്ങും. ഇവിഎക്സിനെപ്പോലെ തന്നെ ഉയർന്ന മോഡലിന് 550 കിലോമീറ്റർ റേഞ്ചും ലഭിച്ചേക്കാം. വാഹനത്തിന് ഫോര്‍വേഡ് വീല്‍ ഡ്രൈവും ഡ്യുവല്‍ മോട്ടോര്‍ AWDയും ചില വിപണികളില്‍ അവതരിപ്പിക്കുമെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്.