ADVERTISEMENT

ഏറെ പുതുമകളോടെ നിശബ്ദം വരുന്ന റേഞ്ച് റോവര്‍ ഇലക്ട്രിക്കിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇലക്ട്രിക് മോഡല്‍ വില വരും മുൻപ് തന്നെ വില്‍പനയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഡിസംബറില്‍ ആരംഭിച്ച റേഞ്ച് റോവര്‍ ഇലക്ട്രിക്കിന്റെ ബുക്കിങ് 16,000 കടന്നു.

റേഞ്ച് റോവര്‍ ഇലക്ട്രിക് മഞ്ഞിലും മഴയിലും മരുഭൂമിയിലും ഒരുപോലെ അനായാസം ഓടിക്കാം. റേഞ്ച് റോവറിന്റെ പൊതു സ്വഭാവങ്ങളായ ആഡംബര സൗകര്യങ്ങളും മിനിമലിസ്റ്റ് ഡിസൈനും ഓഫ്‌റോഡ് ശേഷിയുമെല്ലാമുള്ള വാഹനമായിരിക്കും ഇതിന്റെ ഇലക്ട്രിക്. എന്നാല്‍ ശബ്ദമോ മലിനീകരണമോ ഉണ്ടാവില്ല. പെര്‍ഫോമെന്‍സിന്റെ കാര്യത്തില്‍ റേഞ്ച് റോവര്‍ വി8ന് ഒപ്പമാണ് റേഞ്ച് റോവര്‍ ഇലക്ട്രിക്കിനേയും താരതമ്യപ്പെടുത്തുന്നത്.

ഉയര്‍ന്ന താപനിലയിലും മഞ്ഞിലും 850 എംഎം വരെ ആഴമുള്ള വെള്ളത്തിലുമെല്ലാം റേഞ്ച് റോവര്‍ ഇലക്ട്രിക് പരീക്ഷണം നടത്തിക്കഴിഞ്ഞു. 800V ചാര്‍ജിങ് ആര്‍കിടെക്ച്ചറിലുള്ള റേഞ്ച് റോവര്‍ ഇലക്ട്രിക്കില്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ടാകും. ബ്രിട്ടനിലെ സൊളിഹള്ളിലുള്ള ഫാക്ടറിയിലാണ് റേഞ്ച് റോവര്‍ ഇലക്ട്രിക് നിര്‍മിക്കുക. ബാറ്ററിയും ഇലക്ട്രിക് ഡ്രൈവ് യൂണിറ്റും ജെഎല്‍ആറിന്റെ വോള്‍വര്‍ഹാംടണിലുള്ള പുതിയ ഫാക്ടറിയിലാകും കൂട്ടിയോജിപ്പിക്കുക.

ബുക്കിങ് ആരംഭിച്ച കഴിഞ്ഞ ഡിസംബറില്‍ തന്നെയാണ് റേഞ്ച് റോവര്‍ ഇലക്ട്രിക്കിന്റെ ചിത്രങ്ങള്‍ ആദ്യമായി കമ്പനി പുറത്തുവിട്ടത്. വാഹനത്തിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ചിത്രങ്ങൾ ഇതിലുണ്ടായിരുന്നു. റോഡ് നോയിസ് ക്യാന്‍സലേഷനും മികച്ച കാബിന്‍ കംഫര്‍ട്ടും റേഞ്ച് റോവര്‍ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നു. ജെഎല്‍ആറിന്റെ മോഡുലാര്‍ ലോങ്കിറ്റിയൂഡിനല്‍ ആര്‍കിടെക്ച്ചറിലാണ്(MLA) വാഹനം നിര്‍മിക്കുക.

റേഞ്ച് റോവര്‍ ഇലക്ട്രിക്കിന്റെ ബുക്കിങ് 16,000 കടന്നുവെന്നത് ഈ ആഡംബര കാറിലുള്ള ഉയര്‍ന്ന ഡിമാന്‍ഡാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് റേഞ്ച് റോവര്‍, ഡിഫെന്‍ഡര്‍, ഡിസ്‌ക്കവറി, ജാഗ്വാര്‍ എന്നിങ്ങനെ ജെഎല്‍ആര്‍ സബ് ബ്രാന്‍ഡുകളായി തിരിച്ചിരുന്നു. ജാഗ്വാര്‍ വൈദ്യുത മോഡലുകള്‍ക്ക് മാത്രമാണ് നിര്‍മിക്കുക. മറ്റു മൂന്നു ബ്രാന്‍ഡുകള്‍ 2030 ആകുമ്പോഴേക്കും പൂര്‍ണമായും ഇലക്ട്രിക്കിലേക്കു മാറുകയും ചെയ്യും.

English Summary:

Auto News, Land Rover Has A Waiting List Of 16,000 Buyers Already For Range Rover Electric SUV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com