അവരുടെ സ്പ്രിങ്, നമ്മുടെ ക്വിഡ്! 220 കി.മീ റേഞ്ചുമായി ഇലക്ട്രിക് മോഡൽ
Mail This Article
റെനോയുടെ സഹോദര ബ്രാന്‍ഡായ ഡാസിയ രാജ്യാന്തര വിപണിയില്‍ 2024 സ്പ്രിങ് ഇവി അവതരിപ്പിച്ചു. മനോഹരമായ ഡിസൈനും ആധുനിക ഫീച്ചറുകളുമായെത്തുന്ന സ്പ്രിങ് നഗരയാത്രകളില്‍ വലിയ മാറ്റം സൃഷ്ടിച്ചേക്കും. ഇന്ത്യന്‍ വിപണിയില്‍ ഹിറ്റായ റെനോ ക്വിഡിന്റെ ഇവി രൂപമാണ് സ്പ്രിങ് ഇവി എന്നതും ശ്രദ്ധേയം.
രൂപകല്പനയില് ഡാസിയ ഡസ്റ്ററിനോട് സാമ്യമുണ്ട് സ്പ്രിങ് ഇവിക്ക്. മുന്നില്‍ വലിയ ഗ്രില്ലുകള്‍ വൈ രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍. ഡസ്റ്ററിലേതു പോലെ വശങ്ങളിലും പിന്നിലുമുള്ള കറുത്ത ക്ലാഡിങ് രൂപത്തിലുള്ള പരുക്കന്‍ മട്ട് കൂട്ടുന്നുണ്ട്. വീല്‍ 15 ഇഞ്ച്. പിന്നിലും മാറ്റങ്ങളുണ്ട്. വൈ രൂപത്തില്‍ തന്നെയാണ് ടെയില്‍ ലൈറ്റുകളും ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഉള്ളിലേക്കു വന്നാല്‍ ഏഴ് ഇഞ്ചാണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. 10 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റും നല്കിയിരിക്കുന്നു. ത്രീ സ്പോക്ക് സ്റ്റിയറിങ് വീല്‍, വൈ രൂപത്തിലുള്ള എയര്‍ കണ്ടീഷണര്‍ വെന്റുകള്‍ എന്നിവയും ഡാസിയ 2024 സ്പ്രിങ് ഇവിയിലുണ്ട്. ക്രൂസ് കണ്ട്രോള്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സെന്‍ട്രല്‍ ലോക്കിങ്, ബൈ ഡയറക്ഷണല്‍ ചാര്‍ജിങ് എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ സ്പ്രിങ് ഇവിയിലുണ്ട്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് അഥവാ അഡാസ് സുരക്ഷാ ഫീച്ചറുകളും സ്പ്രിങ് ഇവിയുടെ സവിശേഷതയാണ്. എമര്‍ജന്‍സി ബ്രേക്കിങ്, ട്രാഫിക് ലൈറ്റ് റെക്കഗ്നിഷന്‍, ലൈന്‍ കീപ്പ് അസിസ്റ്റ് എന്നിങ്ങനെ പോവുന്നു അഡാസ് ഫീച്ചറുകള്‍.
രണ്ട് ഇലക്ട്രിക് മോട്ടോര്‍ ഓപ്ഷനുകളിലാണ് സ്പ്രിങ് ഇവി എത്തുന്നത്. രണ്ടിലും സ്റ്റാന്‍ഡേഡായി 220 കിലോമീറ്റര്‍ റേഞ്ച് നല്കുന്ന 26.8 kWH ബാറ്ററിയാണ്. ബേസ്, മിഡ് സ്പെസിഫിക്കേഷന്‍ വകഭേദങ്ങളില്‍ 44 ബിഎച്ച്പി മോട്ടോറും ഉയര്‍ന്ന വകഭേദങ്ങളില്‍ 64 ബിഎച്ച്പി മോട്ടോറുമാണ് നല്‍കിയിട്ടുള്ളത്. 7കിലോവാട്ടിന്റെയാണ് എസി ചാര്‍ജര്‍. ഫാസ്റ്റ് ചാര്‍ജിങിനായി 30 കിലോവാട്ട് ഡിസി ചാര്‍ജറും സ്പ്രിങ് ഇവിയിലുണ്ട്.
2020 ഓട്ടോ എക്സ്പോയില്‍ റെനോ K-ZEV എന്ന പേരിലാണ് ഡാസിയ സ്പ്രിങ് ഇവിയെ ആദ്യം അവതരിപ്പിച്ചത്. കണ്‍സപ്റ്റ് വാഹനത്തില്‍ നിന്നും പ്രൊഡക്ഷന്‍ വാഹനത്തിലേക്കു വരുമ്പോള്‍ നിരവധി മാറ്റങ്ങള്‍ ഡാസിയ സ്പ്രിങ് ഇവിയില്‍ നല്‍കിയിട്ടുണ്ട്. നിരവധി പേര് കാത്തിരിക്കുന്ന ക്വിഡിന്റെ ഇവി മോഡല്‍ വൈകാതെ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷ. പുതു തലമുറ ഡസ്റ്റര്‍ 2025ലാണ് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിനോട് അടുപ്പിച്ച് ക്വിഡ് ഇവി കൂടി എത്തിയാല്‍ റെനോയുടെ ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാവും.