ADVERTISEMENT

നാലു ലക്ഷം കണക്റ്റഡ് കാറുകള്‍ വില്‍ക്കുന്ന നേട്ടം സ്വന്തമാക്കി ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ ഇന്ത്യ. കിയ ഇന്ത്യയുടെ ആഭ്യന്തര കാര്‍ വില്‍പനയില്‍ 44 ശതമാനവും ഇതോടെ കണക്റ്റഡ് കാറുകള്‍ക്ക് സ്വന്തമാക്കാനായി. സാങ്കേതികവിദ്യക്ക് പ്രാധാന്യം നല്‍കിയുള്ള കാര്‍ വിപണിയില്‍ ശ്രദ്ധേയമായ നേട്ടമാണ് കിയ ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. 

30.9 ശതമാനം കോംപൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റ്(സിഎജിആര്‍) എന്ന ശ്രദ്ധേയമായ വളര്‍ച്ച നേടാനും കിയ ഇന്ത്യയുടെ കണക്റ്റഡ് കാറുകള്‍ക്ക് സാധിച്ചു. 2032 ആവുമ്പോഴേക്കും അന്താരാഷ്ട്ര തലത്തില്‍ കണക്ടഡ് കാറുകള്‍ 18 ശതമാനം വില്‍പന വളര്‍ച്ച പ്രവചിച്ചിരിക്കുമ്പോഴാണ് ഇന്ത്യന്‍ വിപണിയില്‍ കിയ ഇന്ത്യ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

കിയയുടെ കണക്റ്റഡ് കാര്‍ വില്‍പനയില്‍ മുന്നിലുള്ള മോഡല്‍ സെല്‍റ്റോസാണ്. ആകെ കിയ കണക്റ്റഡ് കാര്‍ വില്‍പനയില്‍ 65 ശതമാനവും സെല്‍റ്റോസ് സ്വന്തമാക്കി കഴിഞ്ഞു. കണക്റ്റഡ് കാര്‍ ഫീച്ചറുകളുള്ള സെല്‍റ്റോസാണ് ഉപഭോക്താക്കള്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നത്. ആകെ സെല്‍റ്റോസ് വില്‍പനയില്‍ 57 ശതമാനവും കണക്റ്റഡ് കാറുകളാണ്. ഇതേ ട്രന്‍ഡിനു പിന്നില്‍ കാരെന്‍സുമുണ്ട്. കാരെന്‍സിന്റെ ആകെ വില്‍പനയില്‍ 31 ശതമാനവും കണക്റ്റഡ് വകഭേദങ്ങളാണ്. ഏഴു വകഭേദങ്ങളുള്ള സോണറ്റിന്റെ കാര്യത്തില്‍ 21 ശതമാനമാണ് കണക്റ്റഡ് കാറുകളുടെ വില്‍പന. 

'സാങ്കേതികവിദ്യയിലും ഡിസൈനിലുമുള്ള മികവിലൂടെയാണ് ഞങ്ങള്‍ മുന്‍തൂക്കം നേടിയത്. ഇന്നത്തെ ആധുനിക ലോകത്ത് തങ്ങളുടെ ലൈഫ്‌സ്റ്റൈലിനു യോജിച്ച സാങ്കേതികവിദ്യയെ പിന്തുണക്കുന്ന കാറുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. പുതു തലമുറ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ കൂടുതലായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരും' കിയ ഇന്ത്യ ചീഫ് സെയില്‍സ് ബിസിനസ് ഓഫീസര്‍ മ്യോങ് സിക് സോന്‍ പറഞ്ഞു. 

കിയ കാറുകളില്‍ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കുന്ന ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങളും കിയ ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. ഹിങ്ക്‌ളീഷ് കമാന്‍ഡ്‌സ്, റിമോട്ട് വിന്‍ഡോ-എന്‍ജിന്‍-എസി കമാന്‍ഡുകള്‍, വാലെറ്റ് മോഡ് എന്നിവയാണ് ഉപഭോക്താക്കളുടെ ഇഷ്ട ഫീച്ചറുകള്‍. ഹിന്ദിയും ഇംഗ്ലീഷും കലര്‍ത്തിയുള്ള 'സണ്‍റൂഫ് ഖോലോ' പോലെയുള്ള കമാന്‍ഡുകളാണ് ഹിങ്ക്‌ളീഷ് കമാന്‍ഡ്‌സ്. കിയ കാറുകളിലെ എവിഎന്‍ടി ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് സ്വകാര്യത ഉറപ്പുവരുത്താന്‍ സഹായിക്കുന്നതാണ് വാലെറ്റ് മോഡ്. 

പ്രതിവര്‍ഷം മൂന്നു ലക്ഷം കാറുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കാര്‍ നിര്‍മാണ ഫാക്ടറി ആന്ധ്ര പ്രദേശില്‍ കിയ ഇന്ത്യക്കുണ്ട്. സെല്‍റ്റോസ്, കാര്‍ണിവെല്‍, സോണറ്റ്, കാരെന്‍സ്, ഇവി6 എന്നിങ്ങനെ ഇന്ത്യന്‍ വിപണിയില്‍ അഞ്ച് മോഡലുകള്‍ കിയ പുറത്തിറക്കിയിട്ടുണ്ട്. 11.60 ലക്ഷം കാറുകളാണ് ആന്ധ്രയിലെ അനന്ത്പൂര്‍ പ്ലാന്റില്‍ ഇതുവരെ കിയ നിര്‍മിച്ചിട്ടുള്ളത്. ഇന്ത്യയില്‍ 9.20 ലക്ഷം കാറുകള്‍ വിറ്റപ്പോള്‍ രണ്ടര ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com