ADVERTISEMENT

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പ്രീമിയം പ്ലാറ്റ്‌ഫോം ഇലക്ട്രിക്ക്(PPE) അടിസ്ഥാനമാക്കിയുള്ള ആദ്യ കാര്‍ ക്യു6 ഇ ട്രോണ്‍ ഔഡി പുറത്തിറക്കി. ഫീച്ചറുകള്‍ കൊണ്ടും പ്രകടനം കൊണ്ടും സമ്പന്നമായ ക്യു6 ട്രോണില്‍ മറ്റൊരു സവിശേഷതകൂടിയുണ്ട്. ഒഎല്‍ഇഡി ലൈറ്റിങ് സാങ്കേതികവിദ്യയുമായി എത്തുന്ന ലോകത്തെ ആദ്യത്തെ വാഹനമാണ് ഔഡി 6. ചുറ്റുമുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കുന്നവയായിരിക്കും ഔഡി ക്യു6 ഇ ട്രോണിന്റെ പിന്നിലെ ഒഎല്‍ഇഡി ലൈറ്റുകള്‍. 

വൈദ്യുത വാഹനത്തിനായി പ്രത്യേകം നിര്‍മിച്ച പ്ലാറ്റ്‌ഫോം തന്നെയാണ് ക്യു6 ഇ ട്രോണിന്റെ ആദ്യത്തെ ആകര്‍ഷണം. ഔഡിയുടെ മറ്റേതൊരു ഇവിയേക്കാളും ഉള്‍ഭാഗത്ത് കൂടുതല്‍ സൗകര്യം നല്‍കാന്‍ ഈ പ്ലാറ്റ്‌ഫോം ക്യു6 ഇ ട്രോണിനെ സഹായിക്കുന്നു. ഔഡിക്കൊപ്പം പോഷെയും ഇ3 ഇലക്ട്രോണിക് ആര്‍ക്കിടെക്ച്ചറും ചേര്‍ന്നാണ് ഈ പ്ലാറ്റ്‌ഫോം നിര്‍മിച്ചത്. രണ്ടാമത്തെ വരിയിലെ സീറ്റുകളിലെ സൗകര്യങ്ങളും പുതിയ പ്ലാറ്റ്‌ഫോമിന്റെ വരവോടെ വര്‍ധിച്ചിട്ടുണ്ട്. 

Audi Q6 e-tron quattro

പ്ലാറ്റ്‌ഫോം കഴിഞ്ഞാല്‍ ലൈറ്റുകളാണ് ഔഡി ക്യു6 ഇ ട്രോണില്‍ ഏറ്റവും ശ്രദ്ധേയം. മുന്നിലെ ഡേടൈം റണ്ണിങ് എല്‍ഇഡിക്ക് താഴെയാണ് ഹെഡ് ലൈറ്റുകള്‍ നല്‍കിയിട്ടുള്ളത്. ഓറോ ഹെഡ് ലൈറ്റിലും എല്‍ഇഡികളുടെ 61 സെഗ്മെന്റുകളുണ്ട്. ആറ് വ്യത്യസ്ത പാറ്റേണുകളില്‍ ഈ ഹെഡ് ലൈറ്റുകള്‍ക്ക് പ്രകാശിക്കാനാവും. എങ്കിലും സാമ്പ്രദായിക എല്‍ഇഡി ലൈറ്റുകള്‍ തന്നെയാണ് മുന്നില്‍ ക്യു 6 ഇ ട്രോണില്‍ ഉപയോഗിച്ചിട്ടുള്ളത്. പിന്നിലാണ് വലിയ മാറ്റമുള്ളത്. 

Audi Q6 e-tron quattro

360 സെഗ്മെന്റുകളിലായി ആറ് ഒഎല്‍ഇഡി പാനലുകളാണ് ക്യു6 ഇട്രോണിന്റെ പിന്നില്‍ സജ്ജീകരിച്ചിരിക്കുന്നത്. ബ്രേക്ക് ലൈറ്റുകളില്‍ പുതിയ നിരവധി ഡിസൈന്‍ സാധ്യതകളും മറ്റു വാഹനങ്ങളുമായി ആശയവിനിമയത്തിനുള്ള സാധ്യതകളും ഇതു തുറക്കുന്നു. മൊത്തത്തിലുള്ള വെളിച്ചത്തില്‍ കുറവു വരുത്താതെയുള്ള വ്യത്യസ്ത ഡിസൈന്‍ പാറ്റേണുകളില്‍ ബ്രേക്ക് ലൈറ്റ് തെളിയിക്കാന്‍ ഇതു വഴി ക്യു6ന് സാധിക്കും. 

Audi Q6 e-tron quattro

എട്ട് വ്യത്യസ്ത സിഗ്നേച്ചര്‍ ഡിസൈനുകളില്‍ ഏതു വേണമെങ്കിലും ക്യു6 ഇ ട്രോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാനാവും. പിന്നില്‍ വരുന്ന മറ്റു വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ക്യു6ന്റെ പിന്നിലെ ഒഎല്‍ഇഡി പാനലുകള്‍ക്കാവും. മുന്നില്‍ അപകടമോ മറ്റോ ശ്രദ്ധയില്‍ പെട്ടാല്‍ ഹസാഡ് സിംബല്‍ ക്യു6ന്റെ പിന്നിലെ ഒഎല്‍ഇഡി പാനലില്‍ തെളിയും. ഓട്ടോ പാര്‍ക്കിങ് ചെയ്യുന്ന സമയത്ത് അതും സിംബല്‍ വഴി കാണിക്കാന്‍ ഒഎല്‍ഇഡി പാനലിനാവും. 

Audi Q6 e-tron quattro

ഉള്ളിലേക്കു വന്നാല്‍ പുത്തന്‍ ഡിജിറ്റല്‍ സ്റ്റേജ് പനോരമിക് സ്‌ക്രീനാണ് ക്യു 6 ഇ ട്രോണിലുള്ളത്. നാവിഗേഷനായുള്ള 14.5 ഇഞ്ച് ടച്ച് ഡിസ്‌പ്ലേയും 11.9 ഇഞ്ച് കോക്പിറ്റ് ഡിസ്‌പ്ലേയും ചേര്‍ന്നതാണിത്. പാസഞ്ചര്‍ സൈഡില്‍ 10.9 ഇഞ്ച് മറ്റൊരു ഡിസ്‌പ്ലേയുമുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും സപ്പോര്‍ട്ടു ചെയ്യുന്നു. 4,771എംഎം നീളവും 2,193 എംഎം വീതിയും 1,702 എംഎം ഉയരവുമുള്ള വാഹനമാണ് ക്യു6 ഇ ട്രോണ്‍. 526 ലീറ്ററാണ് ബൂട്ട്‌സ്‌പേസ്. പിന്‍ സീറ്റുകള്‍ മടക്കിയിട്ടാല്‍ ബൂട്ട്‌സ്‌പേസ് 1,529 ലീറ്ററായി ഉയരും. 

100kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് ക്യു6 ഇ ട്രോണിലുള്ളത്. 390 ബിഎച്ച്പി കരുത്തുള്ള ഈ വാഹനം ലോഞ്ച് കണ്‍ട്രോള്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ 517 ബിഎച്ച്പി കരുത്തില്‍ കുതിക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.9 സെക്കന്‍ഡ് മതിയെങ്കില്‍ ലോഞ്ച് കണ്‍ട്രോള്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ ഇത് വെറും 4.3 സെക്കന്‍ഡായി മാറും. ഒറ്റ ചാര്‍ജില്‍ ലഭിക്കുന്ന റേഞ്ച് 613 കിമീ. വെറും പത്തു മിനുറ്റില്‍ 250 കിമി യാത്ര ചെയ്യാന്‍ വേണ്ട ചാര്‍ജു ചെയ്യാനാകുമെന്നും പത്തു ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് 21 മിനുറ്റുകൊണ്ടെത്തുമെന്നും ഔഡി വാഗ്ദാനം ചെയ്യുന്നു.

English Summary:

Revolutionary Design Meets Performance: Audi Q6 e-tron's World Debut with Unique OLED Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com