ഈ ലുക്കിലാണോ പുതിയ എക്സ്യുവി 3എക്സ്ഒ എത്തുക?
Mail This Article
എസ്‌യുവി വിഭാഗത്തിലെ ഇന്ത്യന്‍ സൂപ്പര്‍താരമായ മഹീന്ദ്ര അവരുടെ ഏറ്റവും പുതിയ സബ് കോംപാക്ട് എസ്‌യുവി XUV 3XO ആഗോള തലത്തില്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. ഏപ്രില്‍ 29ന് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് 3XOയെക്കുറിച്ച് സൂചനകള്‍ നല്‍കിക്കൊണ്ട് മഹീന്ദ്ര ടീസറുകള്‍ പുറത്തുവിട്ടിട്ടുമുണ്ട്. ഈ ടീസറുകളിലെ സൂചനകള്‍ വെച്ചുകൊണ്ട് XUV 3XO പൂര്‍ണരൂപത്തില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
മഹീന്ദ്ര ഇപ്പോഴും പൂര്‍ണമായും ഡിസൈന്‍ അടക്കമുള്ള ഫീച്ചറുകള്‍ പുറത്തുവിടാത്ത 3XOയെ ബാഗ്രവാല ഡിസൈന്‍സാണ് പൂര്‍ണ രൂപത്തില്‍ നിര്‍മിച്ച് അമ്പരപ്പിക്കുന്നത്. അരണ്ട വെളിച്ചത്തില്‍ മുന്നിലേയും പിന്നിലേയും എല്‍ഇഡി ലൈറ്റുകള്‍ മാത്രം തെളിയിച്ചാണ് ആദ്യം 3XOയെ കാണിക്കുന്നത്. വൈകാതെ എസ് യു വിയുടെ പൂര്‍ണരൂപം തെളിഞ്ഞു വരുന്നു. ആകെ 51 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയാണ് ബാഗ്രവാല ഡിസൈന്‍സ് പുറത്തിറക്കിയിരിക്കുന്നത്.
എക്സ്റ്റീരിയര്‍
മുന്‍ ഭാഗത്ത് വലിയ രീതിയില്‍ ഡിസൈനില്‍ മാറ്റങ്ങളുണ്ട്. കറുപ്പു നിറത്തിലുള്ള ക്ലോസ്ഡ് ഓഫ് ഗ്രില്ലും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകളുമാണ് ആദ്യം ശ്രദ്ധിക്കപ്പെടുക. C രൂപത്തിലുള്ളവയാണ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍. ഇന്ത്യന്‍ സബ് കോംപാക്ട് എസ് യു വികളിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ബംപറുകളിലൊന്നാണ് മഹീന്ദ്ര പുതിയ X3Oക്ക് നല്‍കിയിട്ടുള്ളത്.
മഹീന്ദ്രയുടെ XUV 300ലേതിനു സമാനമായ ബോക്‌സി രൂപങ്ങളാണ് X3Oക്കും ഉള്ളത്. ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും കറുപ്പു നിറത്തിലുള്ള സി പില്ലറുകളുമാണ് വ്യത്യാസം. XUV 300ലേതു പോലെ റൂഫ് റെയിലുകള്‍ ഈ പുതിയ മോഡലിലുമുണ്ട്. പിന്‍ഭാഗത്തും ഡിസൈനില്‍ വലിയ മാറ്റങ്ങളുണ്ട്. കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് ഇതില്‍ പ്രധാനം. മുന്നിലെ ഗ്രില്ലിലുള്ളതുപോലെ കറുപ്പു നിറത്തിലുള്ള ഡയമണ്ട് പാറ്റേണും പിന്നില്‍ കാണാനാവും. പിക് അപ് ട്രക്കുകളെ ഓര്‍മിപ്പിക്കും വിധമുള്ള പിന്‍ഭാഗത്തിന്റെ ഏറ്റവും അടിയിലായി വെള്ളി നിറത്തിലുള്ള വലിയ സ്‌കിഡ് പ്ലേറ്റുകളുമുണ്ട്.
ഇന്റീരിയര്‍
പുറത്തുവന്ന വിഡിയോയില്‍ X3Oയുടെ ഇന്റീരിയര്‍ ഭാഗങ്ങളുടെ വിശദാംശങ്ങളില്ല. എങ്കിലും വലിയ തോതില്‍ മാറ്റങ്ങളോടെയായിരിക്കും ഡാഷ് ബോര്‍ഡ് മഹീന്ദ്ര അവതരിപ്പിക്കുകയെന്ന് പ്രതീക്ഷിക്കുന്നു. 10.25 ഇഞ്ച് സ്‌ക്രീന്‍ തന്നെയായിരിക്കും ഡാഷ് ബോര്‍ഡിലെ ശ്രദ്ധേയമായ ഫീച്ചര്‍. സമാന വലിപ്പത്തിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും X3Oയിലുണ്ടാവും.
റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാവുന്ന ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റമുള്ള ആദ്യത്തെ സബ് കോംപാക്ട് എസ് യു വിയായിരിക്കും X3O. ലെതര്‍, സോഫ്റ്റ് ടച്ച് മെറ്റീരിയല്‍സുള്ള ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍. പനോരമിക് സണ്‍റൂഫുള്ള സെഗ്മെന്റിലെ ആദ്യ എസ് യു വിയായ X3Oയില്‍ ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളുമുണ്ടാവും.
പവര്‍ട്രെയിന്‍
XUV 300യുടെ എന്‍ജിന്‍ ഓപ്ഷനുകള്‍ X3Oക്കും മഹീന്ദ്ര നല്‍കും. 1.2 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍, 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുകള്‍ക്കു പുറമേ കൂടുതല്‍ കരുത്തുള്ള 1.2 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും X3Oയില്‍ പ്രതീക്ഷിക്കാം. സ്റ്റാന്‍ഡേഡ് പെട്രോള്‍ എന്‍ജിനെ അപേക്ഷിച്ച് 30Nm അധികം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും.