ADVERTISEMENT

ചേതക്കിനു കീഴില്‍ കൂടുതല്‍ ഇവി സ്‌കൂട്ടര്‍ മോഡലുകളുമായി വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലെ സ്വാധീനം ഉറപ്പിക്കാന്‍ ബജാജ് ഓട്ടോ. അടുത്ത മാസം ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. പുതിയ മോഡലിന്റെ വരവോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വൈദ്യുത സ്‌കൂട്ടര്‍ വില്‍പന മൂന്നുമടങ്ങ് വര്‍ധിക്കുമെന്നും ബജാജ് ചേതക് കണക്കുകൂട്ടുന്നു. 

'നാലാം പാദത്തിലെ പ്രോഡക്ട് അപ്ഗ്രഡ് നല്ല രീതിയിലാണ് വിപണി സ്വീകരിച്ചത്. മെയ് മാസത്തോടെ പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ഞങ്ങളുടെ പദ്ധതി' ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറയുന്നു. ചേതക് ബ്രാന്‍ഡിനു കീഴിലാണ് ബജാജ് വൈദ്യുത സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നത്. നിലവില്‍ ചേതക് അര്‍ബന്‍, ചേതക് പ്രീമിയം എന്നിങ്ങനെ രണ്ടു മോഡലുകളാണ് ബജാജിന്റെ ചേതക് ബ്രാന്‍ഡ് പുറത്തിറക്കുന്നത്. അര്‍ബന് 1.23 ലക്ഷം രൂപയും പ്രീമിയത്തിന് 1.47 ലക്ഷം രൂപയുമാണ് വില. 

പുതിയ വൈദ്യുത സ്‌കൂട്ടറിന്റെ വിശദാംശങ്ങളെക്കുറിച്ചും രാകേഷ് ശര്‍മ്മ പ്രതികരിച്ചു. 'ഞങ്ങള്‍ ജനപ്രിയ വിഭാഗത്തിലേക്കാണ് ഈ മോഡലിനെ പുറത്തിറക്കുന്നത്. ഇപ്പോള്‍ വിലയുടെ വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ല. എങ്കിലും ഒന്ന് ഉറപ്പിച്ചു പറയാം. പ്രീമിയം വിഭാഗത്തില്‍ പെട്ട ഇലക്ട്രിക് സ്‌കൂട്ടറായിരിക്കില്ല അത്' എന്നായിരുന്നു രാകേഷ് ശര്‍മ്മയുടെ പ്രതികരണം. 

കൂടുതല്‍ മാസ് അപ്പീലോടെ എത്തുന്ന പുതിയ മോഡലില്‍ ചെറിയ ബാറ്ററിയും ഹബ് മോട്ടോറുമായിരിക്കും ഉപയോഗിക്കുകയെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ബജാജ് ചേതക് ഈ മോഡലിന്റെ ടെസ്റ്റ് റണ്‍ നടത്തുന്നതിന്റെ ചിത്രങ്ങളും മറ്റും പുറത്തുവന്നിരുന്നു. 2020 ജനുവരിയിലാണ് വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലേക്ക് ബജാജ് ഓട്ടോ എത്തുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 1,06,431 ഇ സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ ചേതക്കിന് സാധിച്ചു. 14 ശതമാനമെന്ന മികച്ച വിപണി വിഹിതത്തിലേക്ക് ഉയരാനും ബജാജ് ചേതകിന് സാധിച്ചിരുന്നു. 

വിപുലമായ വിതരണ ശൃംഘലയുള്ള സ്‌കൂട്ടര്‍ കമ്പനിയാണ് ബജാജ് ചേതക്. നിലവില്‍ 164 നഗരങ്ങളിലായി ഇരുന്നൂറോളം സ്‌റ്റോറുകള്‍ ബജാജ് ചേതകിനുണ്ട്. ഇത് കൂടുതല്‍ വികസിപ്പിക്കാനാണ് ബജാജിന്റെ പദ്ധതി. അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ 600 സ്റ്റോറുകള്‍ തുടങ്ങുകയെന്നതാണ് ബജാജ് ചേതകിന്റെ വലിയ ലക്ഷ്യം. പുതിയ ജനപ്രിയ മോഡല്‍ കൂടി എത്തുന്നതോടെ ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ പുതിയ തരംഗമാവാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ബജാജിനുണ്ട്. 

English Summary:

Bajaj Chetak Set to Revolutionize Electric Scooter Market with New EV Models Launching Next Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com