ADVERTISEMENT

കഴിഞ്ഞ ഏഴു വര്‍ഷമായി മൂന്നാം തലമുറ മാരുതി ഡിസയര്‍ ഇന്ത്യന്‍ നിരത്തിലുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഡിസയര്‍ മുഖം മിനുക്കി കൂടുതല്‍ ഫീച്ചറുകളോടെ എത്താന്‍ പോവുകയാണ്. അടുത്ത മാസം പുറത്തിറങ്ങുന്ന സ്വിഫ്റ്റിലെ ഫീച്ചറുകളും പുതിയ Z സീരീസ് എന്‍ജിനും സ്വിഫ്റ്റിലില്ലാത്ത തനതായ സ്റ്റൈലിങും മാരുതി സുസുക്കി ഡിസയറിന് നല്‍കും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഡിസയറിന്റെ മുഖം മിനുക്കിയ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.  

രാജ്യങ്ങള്‍ക്ക് അതീതമായ ജനപ്രീതി നേടിയ മോഡലാണ് സ്വിഫ്റ്റ്. ടോക്കിയോയില്‍ വെച്ചായിരുന്നു പുതിയ തലമുറ സ്വിഫ്റ്റിനെ അവതരിപ്പിച്ചതെന്നതു തന്നെ ഈ ജനപ്രീതിയുടെ തെളിവാണ്. സ്വിഫ്റ്റിനെ അപേക്ഷിച്ച് കൂടുതല്‍ ഇന്ത്യന്‍ മോഡലാണ് ഡിസയര്‍. നികുതി ഇളവു കൂടി ലക്ഷ്യമിട്ട് നാലു മീറ്ററിലും താഴെ വലിപ്പത്തിലാണ് മാരുതി സുസുക്കി പുതിയ ഡിസയര്‍ നിര്‍മിച്ചിരിക്കുന്നത്.  തലത്തില്‍ ഡിസയര്‍ പുറത്തിറക്കുന്നത് ഇന്ത്യയിലായിരിക്കും.

സ്റ്റൈലിങ്

രാജ്യാന്തര മോഡലിനെ അപേക്ഷിച്ച് മാറ്റങ്ങളോടെയായിരിക്കും സ്വിഫ്റ്റ് ഇന്ത്യയില്‍ എത്തുകയെന്നാണ് കരുതപ്പെടുന്നത്. ഈ സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്തമായ സ്റ്റൈലിങാണ് ഡിസയറിന് നല്‍കുക. ബംപറിലും പിന്‍ഭാഗത്തും സവിശേഷമായ ഡിസൈനിലായിരിക്കും ഡിസയര്‍ എത്തുക. അലോയ് വീലിലും ഹെഡ്‌ലാംപിലും മാറ്റങ്ങളുണ്ടാവും. സ്വിഫ്റ്റിന്റേയും ഡിസയറിന്റേയും പുതിയ മോഡലുകളില്‍ സ്‌റ്റൈലിങില്‍ പരമാവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കാന്‍ മാരുതി ശ്രമിക്കാറുണ്ട്. പല ഭാഗങ്ങളും പങ്കുവെക്കുമ്പോഴും സ്വിഫ്റ്റിനും ഡിസയറിനും സവിശേഷമായ വ്യക്തിത്വം നല്‍കാനായിരിക്കും മാരുതിയുടെ ശ്രമം. 

ഡിസയറിന്റെ മികവ്

ബലേനോയിലും ഫ്രോങ്‌സിലുമായുള്ള പൊതു സവിശേഷതകള്‍ നിരവധിയുള്ള ഡാഷ്‌ബോര്‍ഡായിരിക്കും സ്വിഫ്റ്റിലുമുണ്ടാവുക. ഇതേ ഡാഷ് ബോര്‍ഡ് മാരുതി സുസുക്കി ഡിസയറിലും നല്‍കുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഡിസയറില്‍ സ്വിഫ്റ്റിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകളുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. സെഗ്മെന്റിലെ ആദ്യത്തെ സണ്‍റൂഫ് ഫീച്ചര്‍, 360 ഡിഗ്രി ക്യാമറ എന്നിവയൊക്കെ ഡിസയറില്‍ പ്രതീക്ഷിക്കാം. 

എന്‍ജിന്‍

കെ സീരീസ് 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ മാറ്റി പുതിയ Z സീരീസ് 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനായിരിക്കും പുതിയ ഡിസയറിലുണ്ടാവുക. ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കൂടി കണക്കിലെടുത്ത് കാര്യക്ഷമത കൂടുതലും മലിനീകരണം കുറവുമുള്ള എന്‍ജിനായിരിക്കും പുതിയത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ ബോക്‌സ് തന്നെ തുടരാനാണ് സാധ്യത. ഭാവിയില്‍ സിഎന്‍ജി മോഡലും ഡിസയറില്‍ പ്രതീക്ഷിക്കാം. 

എന്നു വരും?

പുത്തന്‍ സ്വിഫ്റ്റ് പുറത്തിറങ്ങ് മൂന്നു മുതല്‍ ആറു മാസങ്ങള്‍ക്കുള്ളില്‍ ഡിസയറും എത്തുമെന്നാണ് കരുതപ്പെടുന്നത്. അടുത്തമാസമാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ഇന്ത്യയില്‍ പുറത്തിറക്കുന്നത്. സ്വാഭാവികമായും ഈ വര്‍ഷം അവസാനത്തോടെ ഡിസയറിന്റെ വരവു പ്രതീക്ഷിക്കാം. ഫീച്ചറുകള്‍ക്കൊപ്പം വിലയിലും വര്‍ധനവുണ്ടായേക്കും. ഹ്യുണ്ടേയ് ഓറ, ടാറ്റ തിഗോര്‍ എന്നിവരായിരിക്കും പ്രധാന എതിരാളികള്‍. 

English Summary:

New Maruti Dzire to get unique styling, more features than Swift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com