ADVERTISEMENT

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇന്ധനക്ഷമതക്ക് ഇന്നും വലിയ പ്രാധാന്യമുണ്ട്. സുരക്ഷക്കും സൗകര്യങ്ങള്‍ക്കും ഒപ്പമോ ചിലര്‍ക്കെങ്കിലും ഒരു പടി മുകളിലോ ആണ് കാറിന്റെ ഇന്ധനക്ഷമതക്കുള്ള സ്ഥാനം. ഇന്ധനക്ഷമത കൂടിയ കാറുകളുടെ പട്ടികയെടുത്താല്‍ ഏറ്റവും ജനപ്രിയമായ കാറുകള്‍ അതില്‍ ഉള്‍പ്പെടുന്നതിന് പിന്നില്‍ ഈയൊരു സവിശേഷ താത്പര്യം കൂടിയാണ്. മാരുതി സുസുക്കി നയിക്കുന്ന ടൊയോട്ടയും ഹോണ്ടയുമെല്ലാം ഉള്‍പ്പെടുന്ന ഇന്ധനക്ഷമത കൂടിയ ഇന്ത്യയിലെ പത്തു കാറുകളെ അറിയാം. 

10 മാരുതി സുസുക്കി ഫ്രോങ്ക്‌സ്/ ടൊയോട്ട ടൈസോര്‍

മാരുതി സുസുക്കിയുടെ കൂപ്പെ ക്രോസ് ഓവറാണ് ഫ്രോങ്ക്‌സ്. ടൊയോട്ട ടൈസോറിനും ഫ്രോങ്ക്‌സിനും 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. മാനുവല്‍ ഗിയര്‍ബോക്‌സില്‍ ലിറ്ററിന് 21.79 കിമിയും എഎംടി ട്രാന്‍സ്മിഷനില്‍ 22.89 കിമിയുമാണ് എആര്‍എഐ അംഗീകരിച്ചിട്ടുള്ള ഇന്ധനക്ഷമത. രണ്ടും ചേര്‍ത്തുവെച്ചാല്‍ ശരാശരി ഇന്ധനക്ഷമത 22.34 കിമി. കൂടുതല്‍ കരുത്തുള്ള 1.0 ലീറ്റര്‍, ത്രീസിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഫ്രോങ്ക്‌സിനുണ്ട്. കരുത്തുകൂടുമ്പോള്‍ മൈലേജ് കുറയുന്ന ഈ ഫ്രോങ്കിന്റെ മാനുവല്‍ വകഭേദത്തിന് 21.50 കിമിയും ഓട്ടമാറ്റിക് ട്രാന്‍സ്മിഷന് 20.01 കിമിയുമാണ് ഇന്ധനക്ഷമത. രണ്ടും ചേര്‍ത്താല്‍ ശരാശരി ഇന്ധനക്ഷമത 20.75 കിമി. ടൊയോട്ട ടൈസോറും മാരുതി ഫ്രോങ്ക്‌സും തമ്മില്‍ ഇന്ധനക്ഷമതയില്‍ വ്യത്യാസമില്ല. 

9 മാരുതി സുസുക്കി ബലേനോ/ ടൊയോട്ട ഗ്ലാന്‍സ

1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് മാരുതി ബലേനോക്കും ടൊയോട്ട ഗ്ലാന്‍സക്കുമുള്ളത്. മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളില്‍ ഈ കാറുകള്‍ എത്തുന്നു. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 22.35 കിമിയും ഓട്ടമാറ്റിക് വകഭേദത്തിന് 22.94 കിമിയുമാണ് എആര്‍എഐ അംഗീകരിച്ച ഇന്ധനക്ഷമത. രണ്ടും കൂടി ശരാശരി നോക്കിയാല്‍ ലീറ്ററിന് 22.64 കിമിയുടെ ഇന്ധനക്ഷമത. 

8 ടൊയോട്ട ഇന്നോവ ഹൈക്രോസ്/ മാരുതി ഇന്‍വിക്‌റ്റോ

ബലനോക്ക് ലീറ്ററിന് 23.24 കിമി ഇന്ധനക്ഷമതയാണ് മാരുതി നല്‍കുന്ന വാഗ്ദാനം. ഇതേ ഇന്ധനക്ഷമത തന്നെ ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഇന്നോവ ഹൈക്രോസിന്റെ നോണ്‍ ഹൈബ്രിഡ് വെര്‍ഷനാണെങ്കില്‍ ഇന്ധനക്ഷമത ലീറ്ററിന് 16.13 കിമി ആയി കുറയുമെന്നു മാത്രം. 

7 മാരുതി സുസുക്കി ഡിസയര്‍

ഇന്ത്യയില്‍ വാങ്ങാനാവുന്ന ഏറ്റവും കൂടിയ ഇന്ധനക്ഷമതയുള്ള കോംപാക്ട് സെഡാനാണ് ഡിസയര്‍. പഴയ സ്വിഫ്റ്റിലെ കെ സീരീസിലെ 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍. മാനുവല്‍ വെര്‍ഷന് ലീറ്ററിന് 23.26 കിമി ഇന്ധനക്ഷമത. ഓട്ടമാറ്റിക്കിന് 23.69 കിമി. 

6 മാരുതി സുസുക്കി ആള്‍ട്ടോ കെ10

ഇന്ത്യയില്‍ വില്‍പനയിലുള്ള ഏറ്റവും വില കുറഞ്ഞ കാറുകളിലൊന്നാണ് ആള്‍ട്ടോ കെ10. മാരുതി സുസുക്കിയോട് അധികമാരും മത്സരിക്കാത്ത ജനപ്രിയ ചെറുകാര്‍. 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിന് എആര്‍എഐ ഉറപ്പു നല്‍കുന്ന ഇന്ധനക്ഷമത മാനുവലിന് ലീറ്ററിന് 24.39 കിമി, ഓട്ടമാറ്റിക്കിനാവട്ടെ 24.9 കിമി. 

5 മാരുതി സുസുക്കി വാഗണ്‍ ആര്‍ 1.0

മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്കുകളില്‍ മുന്നിലുള്ള മോഡല്‍. പ്രായോഗികത കൊണ്ടും വലിപ്പം കൊണ്ടും 'കുടുംബത്തില്‍ കയറ്റാന്‍' പറ്റിയ കാര്‍. രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഗണ്‍ ആര്‍ എത്തുന്നു. 1.0 ലീറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്റെ മാനുവലിന് ലീറ്ററിന് 24.35 കിമി ഇന്ധനക്ഷമത, ഓട്ടമാറ്റിക്കിലേക്കെത്തുമ്പോള്‍ ഇന്ധനക്ഷമത 25.19 കിമി ആയി ഉയരും. 1.2 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ എന്‍ജിനിലേക്കു വരുമ്പോള്‍ ഇന്ധനക്ഷമത ലീറ്ററിന് 23.9 കിമി ആയി കുറയും. 

maruti-dzire

4 മാരുതി സുസുക്കി സ്വിഫ്റ്റ് 

നാലാം തലമുറ സ്വിഫ്റ്റിന്റെ വരവ് പുതിയ z സീരീസ് എന്‍ജിനുമായാണ്. 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത മാനുവല്‍ വെര്‍ഷന് ലീറ്ററിന് 24.80 കിമി, ഓട്ടമാറ്റിക്കിനാവട്ടെ 25.75 കിമി. മുന്‍ തലമുറ സ്വിഫ്റ്റിനെ അപേക്ഷിച്ച് മൂന്നു കിലോമീറ്റര്‍ ഇന്ധനക്ഷമതയില്‍ വര്‍ധനവുണ്ടെന്നത് ചെറിയ കാര്യമല്ല. 

3 മാരുതി സുസുക്കി സെലേറിയോ

ഇന്ത്യയിലെ പെട്രോള്‍ കാറുകളില്‍ ഇന്ധനക്ഷമതയില്‍ മുന്നിലുള്ള കാറാണ് സെലേറിയോ. ഡ്യുവല്‍ജെറ്റ് കെ10 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് സെലേറിയോയില്‍. എആര്‍എഐ അംഗീകരിച്ച ഇന്ധനക്ഷമത മാനുവലിന് 25.24 കിമിയും ഓട്ടമാറ്റിക്കിന് 26.68 കിമിയും. 

2 ഹോണ്ട സിറ്റി ഇ:എച്ച്ഇവി

ഇന്ത്യയില്‍ ഇറങ്ങിയ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രയിനുള്ള ആദ്യ ജനപ്രിയ കാറാണ് ഹോണ്ട സിറ്റി ഇ:എച്ച്ഇവി. 1.5 ലീറ്റര്‍, ഫോര്‍സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എന്‍ജിനില്‍ രണ്ട് ഇലക്ട്രിക്ക് മോട്ടോറുകള്‍ ബാറ്ററികള്‍ക്കായി നല്‍കിയിരിക്കുന്നു. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 27.13 കിമി. ഡ്രൈവിങ് കണ്ടീഷനുകള്‍ക്കനുസരിച്ച് പ്യുവര്‍ ഇവിയിലേക്കും ഹൈബ്രിഡിലേക്കും എന്‍ജിന്‍ മോഡിലേക്കും വാഹനം താനേ മാറും. 

1 മാരുതി ഗ്രാന്‍ഡ് വിറ്റാര/ ടൊയോട്ട ഹൈറൈഡര്‍

ഇന്ത്യയില്‍ ഇന്ധനക്ഷമതയില്‍ മുന്നിലുള്ള കാറുകള്‍ മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ടയുടെ ഹൈറൈഡറും തന്നെ. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍, അറ്റ്കിന്‍സന്‍ സൈക്കിള്‍ പെട്രോള്‍ എന്‍ജിന്‍ ഇലക്ട്രിക്ക് മോട്ടോറുകളുമായും ഇ-സിവിടി ഗിയര്‍ബോക്‌സുമായും ബന്ധിപ്പിച്ചിരിക്കുന്നു. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 27.93 കിമി.

English Summary:

Top 10 Fuel Eefficient Car in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com